ലോക്‌സഭ തെരഞ്ഞെടുപ്പ്: പൊതുഅവധി പ്രഖ്യാപിച്ചു

Webdunia
ചൊവ്വ, 1 ഏപ്രില്‍ 2014 (15:09 IST)
PRO
PRO
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ദിനമായ ഏപ്രില്‍ 10-ന് സംസ്ഥാനത്തെ പബ്ലിക് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പബ്ലിക് ഓഫീസുകള്‍ എന്നിവകള്‍ക്ക് അവധി ബാധകമാണ്.

സംസ്ഥാനത്തെ വാണിജ്യസ്ഥാപനങ്ങള്‍, ബിസിനസ്, ട്രേഡ്, ഇന്‍ഡസ്ട്രിയല്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പീപ്പിള്‍ ആക്ട് സെക്ഷന്‍ 135 ബി പ്രകാരം ശമ്പളത്തോടെയുള്ള അവധി ലഭിക്കും. പ്രൈവറ്റ് സ്ഥാപനങ്ങള്‍, പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ സെന്ററുകള്‍, ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റുകള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്നവര്‍ മുതലായവര്‍ക്ക് അവധി ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ ലേബര്‍ കമ്മീഷണര്‍ സ്വീകരിക്കേണ്ടതാണ്.

ജീവനക്കാരുടെ ശമ്പളവും മറ്റും അവധിയുടെ പേരില്‍ തടഞ്ഞുവയ്ക്കാന്‍ പാടില്ല. ഇതിനുവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന തൊഴിലുടമസ്ഥര്‍ക്കെതിരേ 500 രൂപവരെ പിഴ ചുമത്തും. തങ്ങളുടെ ലോക്‌സഭാ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവര്‍ക്ക് വോട്ടുചെയ്യുന്നതിന് അവസരം നല്‍കണം.

ദിവസവേതന/താല്ക്കാലിക ജീവനക്കാര്‍ക്കും ശമ്പളത്തോടെയുള്ള അവധി നല്‍കണമെന്ന് പൊതുഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.