രാഹുല്‍ അന്തിയുറങ്ങി വാര്‍ത്ത സൃഷ്ടിച്ച ദളിത് സ്ത്രീയൂടെ വീടിന് മേല്‍ക്കൂര പണിയാന്‍ ആം ആദ്മി വേണ്ടി വന്നു

Webdunia
തിങ്കള്‍, 27 ജനുവരി 2014 (10:38 IST)
PRO
ആറുവര്‍‌ഷം മുമ്പ് രാഹുല്‍ഗാന്ധി അന്തിയുറങ്ങി വാര്‍ത്ത സൃഷ്ടിച്ച ദളിത് സ്ത്രീയുടെ വീടിന് ആം ആദ്മി പ്രവര്‍ത്തകര്‍ മേല്‍ക്കൂര പണിതു നല്‍കി.

2008 ജനുവരി 26ന് ഒരു റിപ്പബ്ലിക് ദിനത്തിലായിരുന്നു രാഹുല്‍ ഗാന്ധി ഉത്തര്‍ പ്രദേശിലെ ദളിത് സ്ത്രീയുടെ വീടില്‍ എത്തിയത് അവിടെ ഭക്ഷണം കഴിച്ച് അന്തിയുറങ്ങിയ രാഹുല്‍ അവരുടെ ജീവിതത്തെക്കുറിച്ച് പല വേദികളില്‍ പറയുകയും ചെയ്തു.

എന്നാല്‍ അവരുടെ തകര്‍ന്ന വീടിന് സഹായമൊന്നും ഇതുവരെയും ലഭിച്ചില്ല.അമേഠിയിലെ സുനിതാകോറിന്റെ വീടിനാണ് പ്രവര്‍ത്തകര്‍ ഒടുവില്‍ ആസ്‌ബസ്‌റ്റോസ് മേല്‍ക്കൂര പണിത് നല്‍കിയത്.

അമേഠിയില്‍ രാഹുലിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ആംആദ്മി നേതാവ് കുമാര്‍ വിശ്വാസിന്‍റെ നിര്‍ദേശ പ്രകാരമാണ് കോറിയുടെ വീടിനാണ് ആം ആദ്മി പ്രവര്‍ത്തകര്‍ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ കൊണ്ട് മേല്‍ക്കൂര മേഞ്ഞത്.

രാഹുല്‍ ഗാന്ധി വീട് സന്ദര്‍ശിച്ചതിന്റെ ആറാം വാര്‍ഷികത്തിലാണ് മേല്‍ക്കൂര പണി പൂര്‍ത്തിയായത് എന്നത് ശ്രദ്ധേയമാണ്. ഒപ്പം വീടിന് പുറത്ത് ജനങ്ങളാണ് റിപ്പബ്ലിക് എന്ന സന്ദേശവുമായി ദേശീയ പതാക ആംആദ്മി പ്രവര്‍ത്തകര്‍ ഉയര്‍ത്തുകയും ചെയ്തു.

2012 ല്‍ ചിലര്‍ സുനിതാ കോറിയുടെ വീടിന് തീവെച്ചിരുന്നു. ഇതിന് ശേഷം ഭര്‍ത്താവും നാലു മക്കളുമുള്‍പ്പെടുന്ന സുനിതയുടെ കുടുംബം വീടിന്റെ ഒരു മുറിയില്‍ ടാര്‍പായ കെട്ടിയാണ് കഴിഞ്ഞിരുന്നത്. വീടിന്റെ അറ്റകുറ്റ പണികള്‍ക്കായി സുനിത കോണ്‍ഗ്രസ് നേതാക്കളെ കണ്ട് സഹായം തേടിയെങ്കിലും അവരോന്നും ഒരു സഹായവും നല്‍കിയില്ല.