ബിജെപി അധികാരത്തിലേറിയാല്‍ നികുതി വ്യവസ്ഥകള്‍ പരിഷ്കരിക്കും: മോഡി

Webdunia
ശനി, 11 ജനുവരി 2014 (13:49 IST)
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ചരിത്രസംഭവമാകുമെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി. വികസനത്തിനായി ചൊവ്വയില്‍ നിന്ന് നേതാക്കളെ കൊണ്ടു വരേണ്ട ആവശ്യമില്ലെന്നും നമ്മള്‍ ചൈനയെ കണ്ട് പഠിക്കണമെന്നും മോഡി പറഞ്ഞു.

ബിജെപി അധികാരത്തിലേറിയാല്‍ നികുതി വ്യവസ്ഥകള്‍ പരിഷ്കരിക്കുമെന്നും മോഡി കൂട്ടിച്ചേര്‍ത്ത ു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുന്നത് ജനങ്ങളുടെ പ്രക്ഷോഭമാണെന്ന് മോഡി പറഞ്ഞു.

രാജ്യത്തിനാവശ്യം മന:ശക്തിയും സമര്‍പ്പണവുമാണ്. ചെറു പ്രയത്നങ്ങള്‍ക്ക് പോലും വന്‍ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കും. ഞാന്‍ ഒരു നിഷേധിയല്ല. എന്റെ നിഘണ്ടുവില്‍ ‘നിരാശ’ എന്നൊരു പദമില്ല എന്ന് മോഡി പറഞ്ഞു.

ചായപ്പാത്രം ചുമന്ന് ട്രെയിനില്‍ ചായ വിറ്റിരുന്നയാളെയാണ് ജനങ്ങള്‍ തെരഞ്ഞെടുത്തത്. ദാരിദ്ര്യം അനുഭവിച്ച് വളര്‍ന്ന ഒരാള്‍ക്ക് മറ്റുള്ളവരുടെ വേദന മനസിലാക്കാന്‍ രാജ്യത്തൊട്ടാകെ സഞ്ചരിക്കേണ്ടതില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ മോഡി പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.