പ്ലൈവുഡിന്റെയും പശയുടെയും പേരില്‍ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരണം!

Webdunia
വ്യാഴം, 20 മാര്‍ച്ച് 2014 (15:59 IST)
PRO
PRO
ചാലക്കുടി ലോക്‍സഭ മണ്ഡലത്തിലെ പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുപ്പ്‌ ബഹിഷ്കരിക്കുന്നതിന്‌ തയ്യാറെടുക്കുകയാണ്‌. പെരുമ്പാവൂര്‍ നഗരസഭയില്‍ സൗത്ത്‌ വല്ലം പ്രദേശ വാസികളും, കുറുപ്പംപടിയില്‍ പാറ, വടൂപ്പാടം നി വാസികളും ആണ്‌ രാഷ്ട്രീയ പാര്‍ട്ടികളെ ബഹിഷ്കരിക്കുന്നത്‌. ഈ മേഖലകളിലെ ജനവാസ പ്രദേശത്ത്‌ അനധികൃതമായി പ്ലൈവുഡ്‌, പശ നിര്‍മ്മാണ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതാണ്‌ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കരണത്തിന്‌ കാരണം.

അനധികൃതമായി പ്ലൈവുഡ്‌ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ നാട്ടുകാര്‍ മാസങ്ങളായി സമര രംഗത്താണ്‌. എന്നാല്‍ ആയിരക്കണക്കിന്‌ വരുന്ന പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ നിന്ന്‌ രാഷ്ട്രീയ നേതൃത്വങ്ങളെല്ലാം മുഖം തിരിച്ചതാണ്‌ തെരഞ്ഞെടുപ്പ്‌ ബഹിഷ്കരിക്കുന്നതിന്‌ കാരണമായത്‌. ജനകീയ സമരങ്ങളെ വിമര്‍ശിക്കുന്നതില്‍ ഇടത്‌-വലത്‌ മുന്നണികള്‍ ഒറ്റക്കെട്ടാണന്ന്‌ സൗത്ത്‌ വല്ലം നിവാസികള്‍ പറഞ്ഞു.

ഈ പ്രദേശത്ത്‌ തലപ്പൊക്കുന്ന പശനിര്‍മ്മാണ കമ്പനിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ ഇടത്‌-വലത്‌ മുന്നണികള്‍ ഒറ്റക്കെട്ടാണെന്നാണ്‌ ആക്ഷേപം. യുഡിഎഫ്‌ കണ്‍വീനറും, ഇടത്‌ പക്ഷക്കാരനായ എംഎല്‍എയും ഇക്കാര്യത്തില്‍ ജനവഞ്ചനയാണ്‌ കാണിക്കുന്നത്‌. മൂന്ന്‌ ബൂത്തുകളിലായി ആയിരത്തില്‍ അധികം വരുന്നവര്‍ തെരഞ്ഞെടുപ്പ്‌ ബഹിഷ്കരിക്കും. പോലീസ്‌ മൃഗീയമായി പെരുമാറിയിട്ടും ഒരു നേതാവും തിരിഞ്ഞു നോക്കിയില്ലെന്നാണ്‌ വീട്ടമ്മമാര്‍ പരാതി പറയുന്നത്‌. എന്നാല്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ പുതിയ സംവിധാനമായ നിഷേധ വോട്ടിനെകുറിച്ചും ആലോചിക്കുമെന്നും ഇന്നാട്ടുകാര്‍ പറഞ്ഞു.