കോണ്‍ഗ്രസിനെ അതിരൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. ഒരു ഇടവേളയ്ക്ക് ശേഷമാണ് രാഷ്ട്രീയ എതിരാളികളെ ശക്തമായ ഭാഷയില്‍ വി എസ് പരിഹസിക്കുന്നത്. സ്വന്തം പാര്‍ട്ടിയിലെ പ്രശ്നങ്ങളില്‍ ഉഴറിയിരുന്ന മുഖ്യമന്ത്രി തെരഞ്ഞെടുപ്പായതോടെ കൂടുതല്‍ കരുത്തനായി കളത്തിലിറങ്ങിയിക്കുകയാണ്.
കോണ്‍ഗ്രസിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആളില്ലാത്തതു കൊണ്ടാണ് എം എല്‍ എമാരെ സ്ഥാനാര്‍ത്ഥികളാക്കിയതെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസിന് കൃത്യതയോടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
മാവേലിക്കര മണ്ഡലത്തിലെ തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ ചെങ്ങന്നൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി എസ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇടഞ്ഞു നിന്ന സി പി ഐ നേതാക്കളുമായി മുഖ്യമന്ത്രി വേദി പങ്കിട്ടതും ശ്രദ്ധേയമായ കാഴ്ചയായി. ‘അരിവാള്‍ നെല്‍ക്കതിരിന് വോട്ടു ചെയ്യണ’മെന്ന വി എസിന്‍റെ ആഹ്വാനം ഉണ്ടായപ്പോള്‍ സദസില്‍ നിന്ന് കരഘോഷമുയര്‍ന്നു.
ബി ജെ പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും വ്യത്യസ്തമായി മതനിരപേക്ഷ കക്ഷികളുടെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരേണ്ട ആവശ്യകതയാണ് നിലനില്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ വി എസ്, അതിനുള്ള അവസരമാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്നും കേരളത്തില്‍ അതിന് നിര്‍ണായക പങ്കുണ്ടെന്നും പറഞ്ഞു.
മുന്നണിയില്‍ ഒരു കക്ഷി ഒഴിവാക്കപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അവര്‍ക്ക് ആഗ്രഹിച്ച സീറ്റ് നല്‍കാന്‍ കഴിഞ്ഞില്ല. മുന്നണിയിലെ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും വി എസ് പറഞ്ഞു.