സംതൃപ്തന്‍ : നോവിക്കുന്ന ദൃശ്യാനുഭവം

WDWD
വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ തുറന്ന ഓഡിറ്റോറിയത്തില്‍ തിരുവനന്തപുരത്തെ രസിക തിയറ്റേഴ്സ് ഈയിടെ അവതരിപ്പിച്ച നാടകമാണ് സംതൃപ്തന്‍. ഗ്രീക്ക് ഇതിഹാസമായ ഈഡിപ്പസിന്‍റെ കദനകഥയാണ് സംതൃപ്തനിലെ പ്രമേയം.

വേദന, വിധിയുടെ വിളയാട്ടം, മോചനം ഇതു മൂന്നുമാണ് ഈ കഥയുടെ പ്രധാന ചരടുകള്‍. പ്രമുഖ നാടക കലാകാരനായ കലധരനാണ് സംതൃപ്തന്‍ സംവിധാനം ചെയ്തതും മുഖ്യ കഥാപാത്രമായ വൃദ്ധനായ ഈഡിപ്പസിനെ അവതരിപ്പിച്ചതും. ഗാനരചനയും സംഗീത സംവിധാനവും കലാധരന്‍റേത് തന്നെ.

കേരള സര്‍വ്വകലാശാലയുടെ സെന്‍റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സിന്‍റെ ഡയറക്ടര്‍ ഡോ.വയലാ വാസുദേവന്‍ പിള്ള ഈ നാടകത്തെ വിലയിരുത്തിക്കൊണ്ട് പറഞ്ഞ കാര്യങ്ങളില്‍ ചിലത് ഇവിടെ കുറിക്കുന്നു.

അരങ്ങില്‍ ഈഡിപ്പസ് കാണുക എന്നത് സൌന്ദര്യശാസ്ത്രപരമായും സദാചാരപരമായും നമ്മെ അലട്ടുന്ന കാര്യമാണ്. മുറിവേറ്റ ഒരു പക്ഷിയെപ്പോലെ ഇതിലെ ദുരന്ത നായകന്‍ വിശാലമായ ആകാശങ്ങളിലേക്ക് പറന്നുയരുന്നത് ഭംഗിയായി അവതരിപ്പിച്ച സംതൃപ്തന്‍, ഇതേ അലോസരപ്പെടുത്തല്‍ ഉണ്ടാക്കുന്നു.

പാപം ചെയ്യുന്നതിനേക്കാള്‍ പാപിയായ , അഭയത്തിനും സാന്ത്വനത്തിനും പൊരുളിനും വേണ്ടി കഷ്ടപ്പെടുന്ന , നായകന്‍റെ വിധിയും പോരാട്ടങ്ങളും ; ജീവിതത്തിന്‍റെ സ്വത്വത്തെ വിളിച്ചറിയിക്കുന്ന ഒരു ആത്മീയ യാത്രയായി തോന്നിപ്പിക്കുന്നതാണ്. രസികയുടെ ഈ നാടകം അവതരണത്തിന്‍റെ കാര്യത്തില്‍ പൂര്‍ണ്ണവും അര്‍ത്ഥഗര്‍ഭവും സമഗ്രവുമാണ്.


WDWD
സോഫോക്ലീസിന്‍റെ നാടകത്രയമായ ഈഡിപ്പസ് റെക്സ്, ഈഡിപ്പസ് അറ്റ് കൊളോനസ് എന്നിവയും ആധാരമാക്കി കെ.എന്‍.എന്‍ നമ്പൂതിരിയാണ് സംതൃപ്തന്‍ എന്ന നാടകം രചിച്ചത്. ഈഡിപ്പസിന്‍റെ ദുരന്തപൂര്‍ണ്ണവും സംഘര്‍ഷ ഭരിതവുമായ ജീവിതത്തിന്‍റെ ശാന്തവും ഉജ്ജ്വലവുമായ പരിസമാപ്തിയാണ് ഇതിലെ ഇതിവൃത്തം.

തെബാസില്‍ നിന്ന് പുറത്താക്കപ്പെട്ട ഈഡിപ്പസ് ഭൂപ്രദേശങ്ങളില്‍ നിന്നും ഭൂപ്രദേശങ്ങളിലേക്ക് അലഞ്ഞ് തിരിഞ്ഞ് പൊയ്ക്കൊണ്ടിരുന്നു. അന്ധനും നിസ്സഹായനും പുറത്തുപറയാനാവാത്ത പാപത്തിന്‍റെ കറ പേറുന്നവനുമായി ഏഥന്‍സിന്‍റെ പ്രാന്തമായ കൊളോണസില്‍ അയാള്‍ എത്തിപ്പെടുന്നു.

ഒരു നിമിഷം അയാള്‍ അപോളോവിന്‍റെ പ്രവചനം ഓര്‍ക്കുന്നു. തന്‍റെ അന്ത്യം അടുത്തുവെന്ന് മനസ്സിലാക്കുന്നു. ഇവിടെയാണ് സംതൃപ്തന്‍ ആരംഭിക്കുന്നത്. അദ്ദേഹം ഗതകാലത്തിലേക്ക് ഓര്‍മ്മകളിലൂടെ തിരിച്ചുപോകുന്നു. അതിനു സഹായിക്കുന്നത് തേറിസ്യാസിന്‍റെ പ്രതിമൂര്‍ത്തിയായ സ്വന്തം നിഴല്‍, തന്‍റെ ഏക കൂട്ടുകാരന്‍ ആണ്.

പിതാവിനെ കൊല്ലാതിരിക്കാന്‍ ഈഡിപ്പസ് നാടുവിടേണ്ടി വന്നതും പിന്നീട് സ്വന്തം അമ്മയെ വിവാഹം കഴിക്കേണ്ടി വന്നതും ഒരു വെളിച്ചപ്പാട് പറയുന്നതുപോലെ ഫ്ലാഷ് ബാക്കിലാണ് അവതരിപ്പിച്ചത്.


WDWD
ഈഡിപ്പസിന്‍റെ നിഴല്‍ ഈ നാടകത്തിലെ പ്രധാന വേഷമാണ്. ഞാനാണ് സത്യം എന്ന് പറഞ്ഞ് നടക്കുന്ന ഈ കഥാപാത്രം ഈഡിപ്പസിന്‍റെ മുറിവേറ്റ മനസ്സാക്ഷിയുടെ പ്രതീകമാണ്. രാജാ വാരിയരാണ്‍` ഈ നിഴല്‍ കഥാപാത്രത്തെ അരങ്ങില്‍ അവതരിപ്പിച്ചത്.

സംഗീതം, ദീപവിതാനം, ശബ്ദങ്ങള്‍, അഭിനയം തുടങ്ങി തിയേറ്ററിലെ എല്ലാ ഘടകങ്ങളും സംതൃപ്തനില്‍ ഒത്തു ചേര്‍ന്നിരുന്നു. അത് കാണികളെ വല്ലാത്തൊരു അനുഭവ മേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയി.

വൃദ്ധനായ ഈഡിപ്പസായി കലാധരന്‍ അതുല്യമായ അഭിനയമാണ് കാഴ്ചവച്ചത്. ഈഡിപ്പസിന്‍റെ രചയിതാവായ സോഫോക്ലീസ് വിഭാവനം ചെയ്തൊരു ലോകത്തേക്ക് കാണികള്‍ എത്തിപ്പെട്ടതുപോലെ തോന്നി. വിധിയുടെ കൈകളില്‍ മനുഷ്യന്‍ നിസ്സഹായനാണ് എന്ന സത്യം ഉറക്കെ വിളിച്ചുപറയുന്നതായിരുന്നു ഈ നാടകം.

രാജാ വാര്യരാണ് യുവാവായ ഈഡിപ്പസിനെ അവതരിപ്പിച്ചത്. അദ്ദേഹവും തന്‍റെ ഭാഗം ഭാവദീപ്തമാക്കി. ക്രിയോണായി ടി.ജെ.രാധാകൃഷ്ണനും പോളിനെസസായി ശ്രീകുമാറും വേഷമിട്ടു.

വസ്ത്രാലങ്കാരം കെ.ജെ.ജോസഫും രംഗസജ്ജീകരണം പരമേശ്വരന്‍ കുട്ടിയും ദീപ വിതാനം ശ്രീകാന്തും പശ്ചാത്തല സംഗീതം ചന്തുവും സാങ്കേതിക സഹായം എം.വി.ഗിരീശനുമാണ് കൈകാര്യം ചെയ്തത്. പ്രമോദ് കോന്നി ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.