തിടമ്പ് നൃത്തം

Webdunia
WDWD
ഉത്തര കേരളത്തിലെ നമ്പൂതിരിമാരുടെ പ്രധാന അനുഷ്ഠാന കലയാണ് തിടമ്പ് നൃത്തം. ദേവതാ രൂപങ്ങളുള്ള തിടമ്പ് തലയിലേറ്റി ക്ഷേത്രത്തിന് മുമ്പില്‍ വാദ്യങ്ങളുടെ അകമ്പടിയോടെ വട്ടത്തില്‍ ചുറ്റിയാണ് തിടമ്പ് നൃത്തം അവതരിപ്പിക്കുക.

ഈ ക്ഷേത്ര കലയ്ക്ക് 700 വര്‍ഷത്തിലേറെ പഴക്കമുണ്ട് എന്നാണ് അനുമാനിക്കുന്നത്. പരേതനായ വെത്തിരമന ശ്രീധരന്‍ നമ്പൂതിരിയെയാണ് തിടമ്പ് നൃത്തത്തിന്‍റെ പരമാചാര്യനായി കണക്കാക്കുന്നത്. മാടമന ശങ്കരന്‍ എമ്പ്രാന്തിരി, അദ്ദേഹത്തിന്‍റെ ശിഷ്യന്‍ പുതുമന ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ ശ്രീധരന്‍ നമ്പൂതിരിയുടെ പാരമ്പര്യം തുടര്‍ന്നതു കൊണ്ട് തിടമ്പ് നൃത്തം അന്യം നില്‍ക്കാതെ പോയി.

തിടമ്പ് നൃത്തത്തില്‍ ഭാവാഭിനയത്തിനോ ഭാവ പ്രകടനങ്ങള്‍ക്കോ സ്ഥാനമില്ല. ശ്രീകോവിലിന് മുമ്പില്‍ പതിവ് ആചാരാനുഷ്ഠാനങ്ങള്‍ നടത്തിയ ശേഷം നര്‍ത്തകന്‍ ക്ഷേത്രത്തിന് മുമ്പിലെ കൊടിമരത്തിനടുത്ത് എത്തുന്നു. പത്ത് - മുപ്പത് കിലോവരെ ഭാരം വരുന്ന തിടമ്പിന്‍റെ മാതൃക തലയിലേറ്റി നൃത്തം തുടങ്ങുന്നു.

ഒരു നമ്പൂതിരിയാണ് തിടമ്പ് തലയിലേറ്റുക. ഏഴ് ആളുകള്‍ വാദ്യക്കാരാണ്. വിളക്ക് പിടിക്കാന്‍ രണ്ട് പേര്‍ ഉണ്ടായിരിക്കും. അങ്ങനെ ആകെ പത്ത് പേരാണ് തിടമ്പ് നൃത്തത്തില്‍ പങ്കെടുക്കുക. കണ്ണൂര്‍ കാസര്‍ക്കോട് ജില്ലകളിലാണ് തിടമ്പു നൃത്തം അവതരിപ്പികക്കാറുള്ളത്.


WDWD
കൊട്ടി ഉറയിക്കല്‍ എന്ന ചടങ്ങോടെയാണ് നൃത്തം തുടങ്ങുക. ഇത് നര്‍ത്തകരിലേക്ക് ദൈവീക ശക്തി ആവാഹിക്കുന്ന ചടങ്ങാണ്. പ്രതിഷ്ഠയുടെ മാതൃകയുള്ള തിടമ്പുമായി നര്‍ത്തകന്‍ ശ്രീകോവിലില്‍ നിന്ന് പുറത്തേക്ക് വന്നാലുടന്‍ മാരാര്‍ ഒരു പ്രത്യേക രീതിയിലുള്ള ചെണ്ട മേളം ആരംഭിക്കുന്നു. തിടമ്പ് ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ദേവതയുടെ പ്രതിരൂപമാണ്.

ഉഷ്ണിപീഠം എന്ന തലക്കെട്ടിനു മുകളിലാണ് തിടമ്പ് കയറ്റിവയ്ക്കുക. ശീവേലിക്ക് തിടമ്പ് കൈയിലേന്തി നടക്കുന്നതും ആനപ്പുറത്ത് എഴുന്നള്ളിക്കുന്നതും കേരളത്തിന്‍റെ പല ഭാഗങ്ങളിലും കാണാറുണ്ടെങ്കിലും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ തിടമ്പ് തലയിലേറ്റി നൃത്തം ചെയ്യുന്നത് അപൂര്‍വമായ ചടങ്ങാണ്. ഇത് ഉത്തര കേരളത്തില്‍ മാത്രമേ കാണാനാവൂ.

തിടമ്പ് നൃത്തം എങ്ങനെയുണ്ടായി എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. ചട്ടം എന്നറിയപ്പെടുന്ന തിടമ്പ് രൂപങ്ങള്‍ മുളയോ മരമോ ഭംഗിയായി ചെത്തി അലങ്കരിച്ച് ഉണ്ടാകുന്നതാണ്. തിടമ്പ് നൃത്തത്തില്‍ പ്രധാനം ചുവടുകളാണ്. ചെണ്ടയുടെ താളത്തിന് അനുസരിച്ചാണ് ചുവടുകള്‍ വയ്ക്കുക.

തകിലടി, അടന്ത, ചെമ്പട, പഞ്ചാരി തുടങ്ങിയ വിവിധ താളങ്ങള്‍ക്ക് അനുസരിച്ചാണ് തിടമ്പ് നര്‍ത്തകന്‍ ഓരോ തവണയും വട്ടം ചുറ്റുക. തിടമ്പ് നൃത്തത്തില്‍ കാലാനുസൃതമായ പല മാറ്റങ്ങളും വന്നിട്ടുണ്ടെങ്കിലും താളവട്ടം പോലുള്ള അടിസ്ഥാനപരമായ കാര്യങ്ങളില്‍ ഒരു മാറ്റവും വന്നിട്ടില്ല.