കഥകളിയെ ചിട്ടയൊപ്പിച്ച് നേര്‍വഴി നടത്തിയ പരമാചാര്യന്മാരില്‍ ഒരാളാണ് പട്ടിക്കാംതൊടി രാമുണ്ണി മേനോന്‍.
കഥകളി നടന്‍ എന്നതിനെക്കാള്‍ കളിയാശാന്‍ എന്ന നിലയ്ക്കാണ് രാമുണ്ണി മേനോന്‍ സ്മരിക്കപ്പെടുന്നത്. അനിതരസാധാരണമായ വേഷഭംഗികൊണ്ട് അനുഗൃഹീതനായ ഇട്ടിരാരിച്ചമേനോന്‍റെ ശിഷ്യരില്‍ അദ്ദേഹം പ്രഥമഗണനീയനായിരുന്നു.
വള്ളുവനാട് താലൂക്കില്‍ ചെത്തല്ലൂര്‍ അംശത്തില്‍ 1056 കന്നിയില്‍ - 1861 സപ്റ്റംബര്‍ 17നു - അദ്ദേഹം ജ-നിച്ചു. സപ്റ്റംബറില്‍ തന്നെയായിരുന്നു മരണവും. - 1949 ല്‍. ആദ്യവസാന നടന്‍, ആശാന്‍ എന്നീ നിലകളില്‍ കഥകളി രംഗത്ത് പട്ടിക്കാന്തൊടി രാമുണ്ണിമേനോന്‍, സ്ഥിരപ്രതിഷ്ഠ നേടി.
ശുദ്ധിയും വൃത്തിയും തികഞ്ഞ കൈയ്യും മെയ്യും കണക്കിനൊപ്പിച്ച ചൊല്ലിയാട്ടവും അദ്ദേഹത്തിന്‍റെ സവിശേഷതകളാണ്. വടക്കന്‍ ചിട്ട എന്നറിയപ്പെടുന്ന കല്ലുവഴി സമ്പ്രദായം പുതിയ തലമുറയില്‍ക്കൂടി നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്‍റെ എടുത്തു പറയേണ്ട നേട്ടം.
കലാമണ്ഡലത്തിലും കോട്ടക്കല്‍ പി എസ് വി നാട്യസംഘത്തിലും പട്ടിക്കാംതൊടി ആശാനായിരുന്നു. ഗുരു ഗോപിനാഥ് ,കലമണ്ഡലം കൃഷ്ണന്‍ നായര്‍, ആനന്ദ ശിവറാം തുടങ്ങി പ്ര ശസ്തരായ പല ശിഷ്യന്മാരും അദ്ദേഹത്തിനുണ്ട്. രാഗിണിദേവിയും ഭരതനാട്യ വിദ ഗ ワയായ ശാന്തയും കലാമണ്ഡലത്തിലെ അദ്ദേഹത്തിന്‍റെ ശിഷ്യകളാണ്.
1066 ല്‍ ഒളപ്പമണ്ണ അനുജന്‍ നമ്പൂതിരിപ്പാട് ഏതാനും കുട്ടികളെ മന വകയായി കഥകളി അഭ്യസിപ്പിക്കാന്‍ തെരഞ്ഞെടുത്തതില്‍ ഒരാള്‍ പട്ടാക്കാന്തൊടി ആയിരുന്നു.
പത്തു ദിവസം കടത്തനാട്ടു കളിയോഗത്തില്‍ ആദ്യവസാനമായിരുന്ന കണ്ടോത്ത് കൃഷ്ണന്‍ നായരുടെ കീഴില്‍ അഭിനയം പരിശീലിക്കാന്‍ പട്ടിക്കാന്തൊടി നിയോഗിക്കപ്പെട്ടു. കൃഷ്ണന്‍നായര്‍ രംഗശ്രീ കൊണ്ടും, അഭിനയ സാമര്‍ത്ഥ്യം കൊണ്ടും ഉത്തരകേരളത്തിലെ നടന്മാരില്‍ അഗ്രഗണ്യനായിരുന്നു.
തുടര്‍ന്നു കൊടുങ്ങല്ലൂര്‍ കുഞ്ഞുണ്ണിത്തുമ്പുരാന്‍റെ അടുക്കല്‍ നാട്യം പരിശീലിക്കാന്‍ രാമുണ്ണി മേനോനെ , കുഞ്ഞുണ്ണി നമ്പൂതിരിപ്പാട് അയച്ചു. അഞ്ചു കൊല്ലത്തോളം രാമുണ്ണി മേനോന്‍ തമ്പുരാന്‍റെ അന്തേവാസിയായിരുന്നു.
ശാസ്ത്രീയമായ അഭിനയമുറകള്‍ പഠിച്ചതു കൂടാതെ ഉത്തരകേരളത്തിലെ കഥകളി നടന്മാര്‍ക്ക് അജ്ഞാതമായിരുന്ന വളരെ ആട്ടശ്ളോകങ്ങള്‍ അദ്ദേഹം കുഞ്ഞുണ്ണിത്തമ്പുരാനില്‍ നിന്നും കൊച്ചുണ്ണി തമ്പുരാനില്‍ നിന്നും വശമാക്കുകയും ചെയ്തു.
തന്‍റെ ശിഷ്യരോടു കൂടി ഇടമന കളിയോഗത്തിലും കാവുങ്ങല്‍ അച്ചുതപ്പണിക്കരുടെ കളിവട്ടത്തിലും, മഞ്ചേരി കോവിലകം കളിയോഗത്തിലും ഒളപ്പമണ്ണ മനയ്ക്കലെയും മൊടുപ്പിലാപ്പള്ളി മനയ്ക്കലെയും കളിയോഗങ്ങളില്‍ രാമുണ്ണി മേനോന്‍ ആദ്യാവസാനക്കാരനായിരുന്നു.
പുന്നത്തൂര്‍ കളിയോഗം 1091ല്‍ തുടങ്ങിയപ്പോള്‍ രാമുണ്ണി മേനോന്‍ അതില്‍ ആശാനായി. 1097ല്‍ ഉള്ളന്നൂര്‍ നമ്പൂതിരിപ്പാടിന്‍റെ കളിയോഗത്തിന്‍റെ നടത്തിപ്പ് ഏറ്റെടുത്തു. പിന്നീട് എട്ടുകൊല്ലം അദ്ദേഹം വെള്ളിനേഴിയിലാണ് സ്ഥിരമായി താമസിച്ചത്.
വള്ളത്തോളിന്‍റെ ക്ഷണപ്രകാരം 1106ല്‍ കലാമണ്ഡലവുമായി ബന്ധപ്പെട്ടുവെങ്കിലും1109ലാണ് അവിടെ ആശാനായി നിയുക്തനായത്. കലാമണ്ഡലം കളിയോഗത്തോടൊപ്പം കേരളത്തിലും മറുനാടുകളിലും സഞ്ചരിച്ചു മേനോന്‍ സഹൃദയരുടെ പ്രീതി സമ്പാദിച്ചു.
1121 ല്‍ പി.എസ്. വാര്യരുടെ ക്ഷണം സ്വീകരിച്ച് കോട്ടയ്ക്കല്‍ നാട്യസംഘത്തിലും ആശാനായി വള്ളത്തോളിന്‍റെ സാന്നിധ്യത്തില്‍ 1123 മീനം 28ന് കേരള കലാമണ്ഡലത്തില്‍ വച്ചായിരുന്നു അദ്ദേഹത്തിന്‍റെ അവസാനത്തെ രംഗപ്രവേശം.