ഇതിഹാസങ്ങളുടെ നാടകകൃത്ത്

Webdunia
WDWD
സി.എന്‍.ശ്രീകണ്ഠന്‍ നായരുടെ എണ്‍പതാം പിറന്നാള്‍ ഇന്ന്

മലയാള നാടക പ്രസ്ഥാനത്തിന്‍റെ ആചാര്യ സ്ഥാനീയനായ രചയിതാവാണ് സി.എന്‍.ശ്രീകണ്ഠന്‍ നായര്‍. മലയാള നാടക ചരിത്രത്തില്‍ ബൌധികവും ആശയപരവുമായ നവ്യധാര വെട്ടിത്തുറന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ എണ്‍പതാം പിറന്നാളാണ് 2008 മാര്‍ച്ച് 31.

സി.എന്‍., ജി.ശങ്കരപ്പിള്ള, കാവാലം എന്നിവരുടെ രചനകളാണ് മലയാള നാടകവേദിയുടെ രൂപ ഭാവ ശില്‍പ്പത്തെ മാറ്റിമറിച്ചത്. തനത് നാടകവേദി എന്ന ആശയം സി.എന്നിന്‍റേത് ആയിരുന്നു. 1967 ല്‍ ശാസ്താംകോട്ടയില്‍ നടന്ന ആദ്യത്തെ നാടക കളരിയില്‍ എം.ഗോവിന്ദന്‍ ആണ് തനത് നാടക വേദി ഒരു ചര്‍ച്ചാ വിഷയമായി അവതരിപ്പിച്ചത്.

പിന്നീട് കൂത്താട്ടുകുളത്ത് ചേര്‍ന്ന നാടക കളരിയില്‍ സി.എന്‍.ശ്രീകണ്ഠന്‍ നായര്‍ തനത് നാടകവേദി എന്ന സങ്കല്‍പ്പത്തെ കുറിച്ച് പ്രബന്ധം അവതരിപ്പിക്കുകയും താന്‍ രചിച്ച കലി എന്ന നാടകം അവതരിപ്പിക്കുകയും ചെയ്തു.

കലിയില്‍ പുതിയ നാടക സങ്കല്‍പ്പത്തിന്‍റെ ബീജങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും ജി.അരവിന്ദന്‍ സംവിധാനം ചെയ്ത് അരങ്ങിലേറ്റിയ കലി അന്ന് പരാജയപ്പെട്ടു. കാവാലത്തിന്‍റെ അവനോന്‍ കടമ്പയും ദൈവത്താറും ആണ് പിന്നീട് തനത് നാടകവേദിയെ പോറ്റിവലുതാക്കിയത്.

ഇതേ തുടര്‍ന്ന് എഴുപതുകളിലാണ് ശ്രീകണ്ഠന്‍ നായരുടെ പ്രസിദ്ധമായ നാടകത്രയത്തിലെ സാകേതവും ലങ്കാലക്ഷ്മിയും പ്രസിദ്ധീകൃതമാവുന്നത്.


നമുക്ക് സ്വന്തമായി ഒരു നാടകവേദി ഉണ്ടോ, അത് ഉണ്ടാകേണ്ടേ, നമ്മുടെ രംഗകലാ പാരമ്പര്യവുമായി ഒത്തുപോവുന്ന നാടകാവതരണം വേണ്ടേ ? എന്നിങ്ങനെയുള്ള ചിന്തകളുടെ അന്തര്‍ധാരകള്‍ ശ്രീകണ്ഠന്‍ നായരുടെ രചനകളെ കാര്യമായി സ്വാധീനിച്ചു.

1928 മാര്‍ച്ച് 31 ന് ചവറയിലാണ് സി.എന്‍.ജനിച്ചത്. മടവൂര്‍ എസ്.നീലകണ്ഠപിള്ളയും പരവൂര്‍ മാധവിക്കുട്ടിയമ്മയുമാണ് മാതാപിതാക്കള്‍. 1947 ല്‍ തിരിവിതാംകൂര്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി രാഷ്ട്രീയത്തില്‍ തിളങ്ങി നിന്ന സി.എന്‍. പിന്നീട് അതിന്‍റെ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റായി.

കൌമുദി വാരികയുടെ അസോസിയേറ്റ് എഡിറ്ററായി അദ്ദേഹം നാലു വര്‍ഷം പ്രവര്‍ത്തിച്ചു. പിന്നീട് ദീനബന്ധു വാരികയുടെ ചീഫ് എഡിറ്ററായി. 1958 മുതല്‍ 64 വരെയുള്ള ആറ് കൊല്ലം അദ്ദേഹം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്നു. അതില്‍ പിന്നെ കേരളഭൂഷണത്തിന്‍റെ ചീഫ് എഡിറ്ററായി. അയ്യപ്പസേവാസംഘത്തിന്‍റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇതിഹാസ കഥകളെ ലളിതവും ഹൃദ്യവും മനോഹരവുമായ നാടക രംഗങ്ങളായി അവതരിപ്പിക്കാന്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് കഴിഞ്ഞു. നാടക പ്രസ്ഥാനത്തില്‍ ഏറ്റവും അധികം പരീക്ഷണങ്ങള്‍ നടത്തിയ ആളാണ് സി.എന്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ നാടകങ്ങള്‍ ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു.

രാമായണ കഥയെ ആസ്പദമാക്കി രചിച്ച നാടകങ്ങളാണ് കാഞ്ചനസീത (1958), സാകേതം (1965), ലങ്കാലക്ഷ്മി (1974) എന്നിവ. സീതാപഹരണ കഥയാണ് ലങ്കാലക്ഷ്മിയിലെ പ്രമേയം. മണ്ഡോദരിയാണ് പ്രധാന കഥാപാത്രം. സ്ത്രീ കഥാപാത്രങ്ങള്‍ ശക്തരായി രംഗത്തു വരുന്ന ഈ നാടകം അന്ന് വളരെയധികം ശ്രദ്ധയാകര്‍ഷിച്ചിരുന്നു.


സാകേതത്തില്‍ ദശരഥന്‍റെ മനോവ്യഥയാണ് അവതരിപ്പിക്കുന്നത്. നാടകം എന്നതിലുപരി ഒരു ശാപകഥയുടെ നാടകീയ ആവിഷ്കരണം എന്ന നിലയ്ക്കും മനുഷ്യവര്‍ഗ്ഗ ഇതിഹാസം എന്ന നിലയ്ക്കും ശ്രദ്ധേയമാണത്.

കാഞ്ചനസീതയില്‍ രാമനാല്‍ കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട് കഷ്ടത അനുഭവിക്കുന്ന സീതെയെയാണ് പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്നത്. ഭാരതസ്ത്രീത്വം ഇതില്‍ നിറഞ്ഞുനില്‍ക്കുന്നു. ഈ പ്രമേയം എടുത്താണ് ജി.അരവിന്ദന്‍ കാഞ്ചനസീത എന്ന സിനിമ സംവിധാനം ചെയ്തത്.

സ്ത്രീസമത്വത്തിന് വേണ്ടി വാദിച്ചവ്യക്തിയായിരുന്നു സി.എന്‍.ശ്രീകണ്ഠന്‍ നായര്‍. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ഉണ്ടാവേണ്ട സ്വാതന്ത്ര്യത്തെ കുറിച്ചും സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടതകളെ കുറിച്ചുമാണ് അദ്ദേഹം ഏറെയും എഴുതിയിട്ടുള്ളത്.

കാഞ്ചനസീത, ലങ്കാലക്ഷ്മി എന്നിവ കൂടാതെ നഷ്ടക്കച്ചവടം, മധുവിധു, ആ കനി തിന്നരുത് എന്നിവ ഈ ഗണത്തില്‍ പെടുന്നു. ദാരിദ്യം, രാജഭക്തി എന്നീ വിഷയങ്ങളെ ആധാരമാക്കി സി.എന്‍ രചിച്ച നാടകങ്ങളാണ് സ്നേഹം, ഭക്തി എന്നിവ. ഏട്ടിലെ പശു, മാന്യതയുടെ മറ എന്നിവ അദ്ദേഹത്തിന്‍റെ പ്രഹസനങ്ങളാണ്.