ആകാശത്തേരില്‍ അത്യാഹ്ലാദത്തോടെ.... അറിയാം, ചില മെട്രോ വിശേഷങ്ങള്‍

Webdunia
തിങ്കള്‍, 19 ജൂണ്‍ 2017 (15:52 IST)
ആവേശപൂര്‍വമായ വരവേല്‍പാണ് കൊച്ചി മെട്രോയ്ക്ക് ലഭിച്ചത്. ഇന്നുമുതലാണ് മെട്രോയില്‍ പൊതുജനങ്ങള്‍ക്ക് യാത്രചെയ്യാന്‍ സാധിച്ചത്. മിനിറ്റുകളുടെ ഇടവേളകളില്‍ പായുന്ന മെട്രോയുടെ എല്ലാ സര്‍വീസുകളിലും നല്ല ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. സെല്‍ഫികളെടുത്തും അതെല്ലാം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തുമാണ് ആളുകള്‍ ആഹ്ലാദം പങ്കുവെക്കുന്നത്.
 
രാവിലെ ആറുമുതല്‍ രാത്രി പത്തുവരെ ഒമ്പത് മിനിട്ട് ഇടവേളകളിലാണ് ഇരുദിശയിലേക്കും മെട്രോ സര്‍വീസ് നടത്തുന്നത്. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയും ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13.26 കിലോമീറ്ററിന് 40 രുപയുമാണ് നിരക്ക്. കൃത്യം ആറിന് തന്നെ ആലുവയില്‍ നിന്നും പാലാരിവട്ടത്തു നിന്നും മെട്രോ ട്രെയിനുകള്‍ പൊതുജനങ്ങള്‍ക്കായി ഓടിത്തുടങ്ങുകയും ചെയ്തു.
 
കാഴ്ചയില്ലാത്തവര്‍ക്ക് മെട്രോയില്‍ പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. ടിക്കറ്റ് എടുക്കുന്നതുമുതല്‍ തിരിച്ചറിങ്ങുന്നതുവരെ പരസഹായം ആവശ്യമില്ലാതെ അവര്‍ക്കുതന്നെ ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. കാഴ്ചയില്ലാത്തവര്‍ക്ക് കാല്‍കൊണ്ടോ വാക്കിങ്സ്റ്റിക് കൊണ്ടോ സ്പര്‍ശിച്ച് വ്യത്യാസമറിയാന്‍ സാധിക്കുന്ന മിനുസമില്ലാത്ത പ്രത്യേകതരം ടാക്ടൈല്‍ ആണ് ഇവര്‍ക്കായി വിരിച്ചിട്ടുള്ളത്. 
 
ഇതുവരെ ലഭിക്കാത്തൊരു യാത്രാനുഭവമാണ് കൊച്ചിമെട്രോ നല്‍കുന്നതെന്നാണ് ആദ്യമായി യാത്ര ചെയ്യുന്നവര്‍ പറയുന്നത്. എന്നാല്‍ മുമ്പ് വിദേശരാജ്യങ്ങളിലെ മെട്രോകളില്‍ യാത്രചെയ്തിട്ടുള്ളവര്‍, അവയോടെല്ലാം കിടപിടിക്കുന്നതാണ് കൊച്ചിയിലെ മെട്രോയുമെന്നാണ് പറയുന്നത്. ജില്ലയുടെ നാനാഭാഗത്തു നിന്നെത്തിയവരും തൃശൂര്‍, ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളില്‍ നിന്നെത്തിയവരുമാണ് ഇന്നത്തെ മെട്രോ യാത്ര ആസ്വദിച്ചത്. 
 
ആലുവയില്‍ നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ മെട്രോ സ്റ്റേഷനകത്ത് കയറിയ ശേഷമാണ് ഹൈവേയിലേക്ക് പ്രവേശിക്കുന്നത്. മെട്രോയില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് തുടര്‍യാത്രക്ക് ഇത് സഹായകമാണ്. എല്ലാ സ്റ്റേഷനുകളില്‍ നിന്നും കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെയുള്ള ഫീഡര്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നും മെട്രോ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.  
Next Article