അദ്ധ്യാപനം മഹത്തായ തൊഴില്‍

അദ്ധ്യപനത്തെപ്പോലെ ആദരവും സ്നേഹവും ആര്‍ജ്ജിക്കാന്‍ ആവുന്ന ഒരു തൊഴില്‍ ഇല്ലെന്നു തന്നെ പറയാം. വിവിധ മേഖലകളില്‍ പിന്നീട് പ്രശസ്തരായി തീരുന്ന ആളുകള്‍ക്ക് പിന്നില്‍ എത്രയോ അദ്ധ്യാപകരുടെ നിസ്വാര്‍ത്ഥമായ പ്രയത്നം ഉണ്ടായിരിക്കും. പഠിപ്പിച്ച കുട്ടികളില്‍ പലരും ജീവിതത്തിന്‍റെയും തൊഴിലിന്‍റെയും അത്യുന്നതങ്ങളില്‍ എത്തുന്നു എന്നറിയുന്നത് തന്നെ അദ്ധ്യാപകന് ആഹ്ലാദവും അതിലേറെ അഭിമാനവുമാണ്.

ഏതൊരു ആള്‍ക്കൂട്ടത്തില്‍ വച്ചും ഏത് നഗരത്തില്‍ വച്ചും അദ്ധ്യാപകനെ തിരിച്ചറിയുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി ഉണ്ടായിരിക്കും, ഉറപ്പ്.

മുമ്പ് ഒരു പക്ഷെ, ക്ലാസില്‍ കുസൃതിയും കുന്നായ്മയും കാണിച്ചു നടന്നവരായിരിക്കും ചിലപ്പോള്‍ അദ്ധ്യാപകനെ ഏറ്റവും അധികം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നത്. അദ്ധ്യാപകരുടെ ചില അനുഭവ കഥകള്‍ നമുക്ക് നോക്കാം.

ഫാക്‍ട് ഹൈസ്കൂളിലെ അധ്യാപകനായിരുന്ന കെ.യു മേനോന്‍റെ ഒരു അനുഭവ കഥ മാതൃഭൂമിയില്‍ വന്നത് ഇങ്ങനെയാണ് :

“എന്നാല്‍ ഒരിക്കില്‍ വിസ്മയകരമായ ഒരു അനുഭവമുണ്ടായി. കൊങ്ങോര്‍പ്പിള്ളി കവലയിലെ ബസ് സ്റ്റോപ്പിലേക്ക് ഞാന്‍ വരികയായിരുന്നു. പീടിക വരാന്തകളിലും വഴിയരികിലും ആളുകള്‍ ഭയവിഹ്വലരായി അന്തംവിട്ടു നില്‍ക്കുന്നു. നടുവഴിയില്‍ കുടിച്ചുകുന്തം മറിഞ്ഞ് നിലയ്ക്ക് നില്‍ക്കാനാവാത്ത ഒരു പ്രാകൃതന്‍ കൈയില്‍ കത്തിയുമായി ആരെയോ കൊല്ലുമെന്ന് അലറി വിളിക്കുകയാണ്.

പെട്ടന്നവന്‍ നിശ്ശബ്ദനായി. കൈലി മുണ്ടിന്‍റെ മടക്കിക്കുത്ത് അഴിച്ച് എന്‍റെ മുമ്പിലേക്ക് മെല്ലെ വന്നു. പിന്നെ ഒന്നുമുരിയാടാതെ കൊത്താന്‍ ഓങ്ങിയ പത്ത് താഴ്ത്തിയ പാമ്പിനെ പോലെ അവന്‍ കടന്നുപോയി. ഒമ്പത് ഡി യിലെ മുന്‍ ബഞ്ചില്‍ നല്ലകുട്ടിയായി ഇരുന്ന് പഠിച്ച പാവം ഡാനിയേല്‍ ഡേവിയായിരുന്നു അവന്‍.”

ശിഷ്യനെ ഇങ്ങനെ കാണേണ്ടിവന്നതില്‍ ഈ അധ്യാപകന്‍ വേദനിച്ചിരിക്കും. എങ്കിലും അദ്ധ്യാപകന്‍റെ ദര്‍ശന മാത്രയില്‍ തന്നെ എല്ലാ മതദര്‍പ്പങ്ങളും ക്രൌര്യവും അലിഞ്ഞലിഞ്ഞ് ഇല്ലാതായി 9 ഡി യിലെ ഒരു പാവം കുട്ടിയായി ഡാനിയേല്‍ ഡേവി പിന്തിരിഞ്ഞു പോയത് എന്തുകൊണ്ടായിരുന്നു ? ഇവിടെയാണ് ഗുരു ശിഷ്യ ബന്ധത്തിന്‍റെ - അധ്യാപനത്തിന്‍റെ കാണാപ്പുറങ്ങള്‍.


വഴികാട്ടുന്ന മാഷിന് വഴികാട്ടിയായി കുട്ടികള്‍

ജീവിതത്തിലേക്ക് വഴികാട്ടുന്ന അദ്ധ്യാപകന്‍. ആ അദ്ധ്യപകന് വഴികാട്ടികളായി സ്വന്തം ശിഷ്യര്‍. വാടാനപ്പള്ളിയിലാണ് അപൂര്‍വ്വമായ ഈ ഗുരു ശിഷ്യ ബന്ധം.

വാടാനപ്പള്ളി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സാമൂഹ്യപാഠം അധ്യപകനായ ബിനോജിന് കാഴ്ചയില്ല. കുട്ടികളാണ് അദ്ദേഹത്തെ ബസ്സില്‍ കയറ്റി സ്കൂളില്‍ കൊണ്ടാക്കുന്നതും തിരിച്ച് ബസ്സില്‍ കയറ്റി വീട്ടിലേക്ക് വിടുന്നതും.

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഗ്ലൂക്കോമ മൂലം ബിനോജിന് ഇടതുകണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടു. പിന്നെ 20 വയസ്സായപ്പോഴേക്കും വലതു കണ്ണിന്‍റെ കാഴ്ചയും നഷ്ടപ്പെട്ടു. മനക്കൊടിയിലാണ് ബിനോജിന്‍റെ വീട്. ബി.എഡ് പാസായി നാലു വര്‍ഷം മുമ്പ് മരത്തം കോട് സ്കൂളില്‍ ജോലി ലഭിച്ചു. ഒരു മാസം കഴിഞ്ഞപ്പോഴേക്ക് വാടാനപ്പള്ളിയിലേക്ക് സ്ഥലമാറ്റം വന്നു.

ഇപ്പോള്‍ മനത്തുംകോട് നിന്ന് മനക്കോടി ബസ് സ്റ്റാന്‍ഡിലേക്കെത്തി അവിടെ നിന്ന് തൃശൂര്‍ വാടാനപ്പള്ളി ബസില്‍ കയറിയാണ് എന്നും സ്കൂളില്‍ എത്തുന്നത്. ബസ് സ്റ്റോപ്പിലേക്കും തിരിച്ച് വീട്ടിലേക്കും എന്നും ഭാര്യയാണ് കൊണ്ടാക്കുക.

ബസ്സിലും പിന്നെ സ്കൂളിലും കുട്ടികളാണ് ഈ അദ്ധ്യപകന്‍റെ വഴികാട്ടികള്‍. അദ്ധ്യപക ദിനത്തില്‍ മംഗളമാണ് ഈ ഗുരുശിഷ്യ ബന്ധത്തിന്‍റെ കഥ അവതരിപ്പിച്ചത്.

ഓട്ടോ ഡ്രൈവറായി പ്രധാന അദ്ധ്യാപകന്‍

കുട്ടികളെ സ്നേഹിക്കുന്ന അദ്ധ്യപകര്‍ എന്ത് വേഷം കെട്ടാനും എന്ത് ജോലി ചെയ്യാനും തയ്യാര്‍. അധ്യാപക ദിനത്തില്‍ മനോരമ അവതരിപ്പിച്ചത് പിണറായിയിലെ കിഴക്കുംഭാഗം ജൂനിയര്‍ ബേസിക് സ്കൂളിലെ പ്രധാനാദ്ധ്യാപകന്‍ മനോഹരനെയാണ്.

സ്കൂള്‍ ആദായകരമല്ലാതെ പൂട്ടും എന്നൊരു അവസ്ഥ വന്നപ്പോള്‍ കുട്ടികളെ സ്കൂളില്‍ എത്തിക്കാന്‍ പ്രധാന അദ്ധ്യപകന്‍ മനോഹരന്‍ ഓട്ടോക്കാരനായി മാറുകയായിരുന്നു. അദ്ദേഹത്തിന്‍റെ ഓട്ടോയില്‍ നിറച്ച് കുട്ടികളാണ്. ഒരു വര്‍ഷത്തിലേറെയായി അദ്ദേഹം ഹെഡ് മാസ്റ്റര്‍ ജോലിക്ക് പുറമേ ഓട്ടോക്കാരന്‍റെ ജോലി കൂട്ടി ചെയ്യാന്‍ തുടങ്ങിയിട്ട്.

കടുത്ത നീലനിറമുള്ള ചായം തേച്ച കറുത്ത ഓട്ടോയിലാണ് ഹെഡ് മാസ്റ്റര്‍ ഡ്രൈവറായി ഇറങ്ങിയത്. ആദ്യമൊക്കെ മാഷ് ഈ പണി ചെയ്യുന്നത് ശരിയല്ല എന്ന് നാട്ടുകാര്‍ക്ക് പോലും അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ പടന്നക്കരയിലെ വീട്ടില്‍ നിന്ന് ഓട്ടോയുമായി പുറപ്പെടുന്ന ഹെഡ് മാസ്റ്റര്‍ കുട്ടികളെ സ്കൂളില്‍ കൊണ്ടുചെന്നാക്കി ഒന്നാം ബെല്ല് അടിക്കുന്നതിനു മുമ്പ് തന്നെ ജോലിയില്‍ പ്രവേശിക്കും.

താന്‍ ലീവ് എടുക്കുന്ന ദിവസം കുട്ടികള്‍ക്ക് പ്രശ്നം ഉണ്ടാവാതിരിക്കാന്‍ മറ്റൊരു അദ്ധ്യാപകനായ സലീം കുമാറിനെ ഡ്രൈവിംഗ് പഠിപ്പിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക