എല്ലാ വര്‍ഷവും ഈ ദിനത്തില്‍ ഉന്നതതല രാഷ്ട്രീയ സമ്മേളനങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുന്നു. മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള വിഷയങ്ങളിലാകും പരിപാടികള്‍ സംഘടിപ്പിക്കുന്നത്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ നല്‍കുന്ന മനുഷ്യാവകാശം സംബന്ധിച്ചുള്ള അവാര്‍ഡും ഈ ദിനത്തിലാണ് നല്‍കുന്നത്. മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സര്‍ക്കാര്‍, സര്‍ക്കാരേതര സംഘടനകള്‍ ഈ ദിനത്തില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നു.
ഓരോ വ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശമാണിത്. സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ള സംരക്ഷണം, വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം, വാര്‍ദ്ധക്യം, വൈധവ്യം, ശാരീരിക ബലഹീനതകള്‍ എന്നീ അവസ്ഥയില്‍ ലഭിക്കേണ്ട സംരക്ഷണം, നിയമത്തിനുമുന്നില്‍ ഉള്ള സംരക്ഷണം, കുറ്റവാളി എന്ന് തെളിയിക്കപ്പെടും വരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കില്ല എന്ന ഉറപ്പ് ഇവയെല്ലാം അന്താരാഷ്ട്ര തലത്തില്‍ തന്നെ മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെട്ടിരിക്കുന്നു.
ഇത്തരത്തിലുള്ള സംരക്ഷണങ്ങള്‍ നിലനില്‍ക്കെ തന്നെ മനുഷ്യാവകാശങ്ങള്‍ ലോകമെമ്പാടും ഹനിക്കപ്പെടുന്നു എന്നത് സത്യമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുള്ള അക്രമം ഇന്നും തുടരുന്നത് ദു:ഖകരമാണ്. ഇന്ത്യയിലുടനീളം അന്യായമായുള്ള തടങ്കലില്‍ വയ്പ്പും ലോക്കപ്പ് മര്‍ദ്ദനവും പതിവാണ്, പരസ്യമായ രഹസ്യവും! ഇത്തരത്തിലുള്ള സാമൂഹിക അനീതികള്‍ക്കെതിരെ നമുക്ക് ഈ ലോക മനുഷ്യാവകാശ ദിനത്തില്‍ ഒരുമിക്കാം.