സംസ്ഥാനം കാത്തിരുന്ന വിധിയായിരുന്നു സൌമ്യ വധക്കേസിലെ വിധിപ്രഖ്യാപനം. പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു പ്രതിഭാഗം സുപ്രീംകോടതിയെ സമീപിച്ചത്. വധശിക്ഷ റദ്ദാക്കിയ കോടതി വെറും ഏഴു വര്‍ഷത്തെ തടവുശിക്ഷ മാത്രമാണ് ഗോവിന്ദച്ചാമിക്ക് വിധിച്ചത്. മലയാളത്തിന്റെ മനസാക്ഷിയെ തന്നെ ഞെട്ടിച്ച വിധിയായിരുന്നു ഇത്. സുപ്രീംകോടതി വിധിയെ വിമര്‍ശന വിധേയമാക്കുന്നതിനു മുമ്പ് കേസ് സുപ്രീംകോടതിയിലേക്ക് എത്തിയ വഴികളാണ് അന്വേഷിക്കേണ്ടത്.
അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളില്‍ വന്ന ചില വീഴ്ചകളാണ് വിധി പ്രതികൂലമാക്കിയത് എന്നാണ് വിധി വന്നതിനു ശേഷമുള്ള നിയമവിദഗ്‌ധരുടെ പ്രാഥമിക നിഗമനം. പ്രതിഭാഗം അഭിഭാഷകനായ ആളൂരിന്റെ പ്രസ്താവനയും ഇത് ശരി വെയ്ക്കുന്നതാണ്. സൌമ്യ നേരിട്ട ക്രൂരതയ്ക്ക് യഥാര്‍ത്ഥമായ തെളിവുകള്‍ പ്രോസിക്യൂഷന്‍ വിഭാഗം കണ്ടെത്തിയിരുന്നെങ്കില്‍ ഇത്തരമൊരു വിധി ഉണ്ടാകുമായിരുന്നില്ല എന്നായിരുന്നു
വിധിപ്രഖ്യാപനം കേട്ടതിനു ശേഷം ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
സൌമ്യയ്ക്ക് നീതി കിട്ടുമായിരുന്നു. കൃത്രിമമായ തെളിവുകള്‍ക്ക് പകരം ശരിക്കുള്ള തെളിവുകള്‍ ഹാജരാക്കിയിരുന്നെങ്കില്‍ ഇങ്ങനെയൊരു വിധി ഉണ്ടാകുമായിരുന്നില്ല. കീഴ്ക്കോടതികളില്‍ അനുകൂല വിധിയുണ്ടായത് മാധ്യമ വിചാരണയ്ക്കൊപ്പം ഇമോഷണല്‍ ട്രയല്‍ കൂടി നടന്നതിനാലാണെന്നും ആളൂര്‍ പറയുന്നു.
അതായത, കീഴ്ക്കോടതിയില്‍ കേസിന്റെ വാദം നടക്കുമ്പോള്‍ തന്നെ എല്ലാ പഴുതുകളും അടയ്ക്കപ്പെട്ടിരുന്നില്ല. ശാസ്‌ത്രീയമായ എല്ലാ തെളിവുകള്‍ക്കും ഒപ്പം കൃത്യമായ സാഹചര്യത്തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. സൌമ്യയെ ഗോവിന്ദച്ചാമി ട്രയിനില്‍ നിന്ന് തള്ളിയിട്ടതിന് തെളിവുകളുണ്ടോ എന്നായിരുന്നു സുപ്രീംകോടതി ചോദിച്ചത്. എന്നാല്‍, പ്രോസിക്യൂഷന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല.
കീഴ്ക്കോടതിയില്‍ കേസ് നടക്കുമ്പോള്‍ തന്നെ സൌമ്യയെ ഗോവിന്ദച്ചാമി ട്രയിനില്‍ നിന്ന് തള്ളിയിട്ടു എന്നതിന് പൊലീസ് കൃത്യമായി തെളിവുകള്‍ നല്‌കേണ്ടിയിരുന്നു. പൊലീസ് റിപ്പോര്‍ട്ടിലായിരുന്നു ഇത് പറയേണ്ടിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. സുപ്രീംകോടതിയില്‍ പുതുതായി തെളിവുകള്‍ ശേഖരിക്കാനില്ല. അതുകൊണ്ടു തന്നെ ഉള്ള തെളിവുകളെ അടിസ്ഥാനമാക്കിയായിരിക്കും വിധി പ്രഖ്യാപിക്കുക. ചുരുക്കത്തില്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പ്രോസിക്യൂഷന് വന്ന വീഴ്ചയാണ് സുപ്രീംകോടതി വിധിക്ക് കാരണമായത്.
എന്നാല്‍, പ്രോസിക്യൂഷനെയും പൂര്‍ണമായും കുറ്റപ്പെടുത്താനാകില്ല. പൊലീസ് സാക്ഷിമൊഴികള്‍ സ്വീകരിക്കേണ്ട സമയത്ത് പ്രതിക്കെതിരായ സാക്ഷിമൊഴികള്‍ സ്വീകരിക്കേണ്ടതായിരുന്നു. സൌമ്യയെ ട്രയിനില്‍ നിന്ന് തള്ളിയിട്ടത് കണ്ടുവെന്ന് ആരെങ്കിലും സാക്ഷിമൊഴികള്‍ നല്കിയിരുന്നെങ്കില്‍ കോടതിവിധി ഇങ്ങനെയാകുമായിരുന്നില്ല.
കൊലപാതകം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടുകയായിരുന്നു. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ അത് ദുരീകരിക്കാതെ അന്തിമവധി പ്രഖ്യാപിക്കില്ല. ട്രയിനില്‍ നിന്ന് തള്ളിയിട്ടതിന് തെളിവുണ്ടോ എന്നുള്ള കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഇതോടെ, സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് കൃത്യമായി ലഭിച്ചു.