ഓടി തുടങ്ങും മുമ്പ് തന്നെ വിവാദങ്ങളുടെ ചൂളംവിളിയുമായി കൊച്ചി മെട്രോ !

സജിത്ത്

ശനി, 20 മെയ് 2017 (15:28 IST)
കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നില്ല. മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30ന് നടക്ക്കുമെന്നും ഉദ്ഘാടനത്തിനു പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്തെങ്കിലും സാഹചര്യത്തിൽ പ്രധാനമന്ത്രിക്ക് എത്താൻ സാധിച്ചില്ലെങ്കിൽ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു.
 
എന്നാല്‍ സർക്കാർ ഉദ്ഘാടനം പ്രഖ്യാപിച്ചിരിക്കുന്ന മേയ് 30ന് പ്രധാനമന്ത്രി വിദേശ പര്യടനത്തിലായിരിക്കുമെന്നും മുൻകൂട്ടി നിശ്ചയിച്ച പരിപാടി ആയതിനാല്‍ ഇത് മാറ്റിവയ്ക്കാനാകില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ സൗകര്യം പരിഗണിക്കാതെ മെട്രോയുടെ ഉദ്ഘാടനം നിശ്ചയിച്ചതിനെച്ചൊല്ലി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി കേരള ഘടക രംഗത്തെത്തുകയായിരുന്നു.
 
ജർമനി, റഷ്യ, സ്പെയിൻ എന്നിവിടങ്ങളിലേക്ക് പോകുന്നതിനാല്‍ മേയ് 30ന് നിശ്ചയിച്ചിരിക്കുന്ന ചടങ്ങിന് പ്രധാനമന്ത്രി എത്തില്ലെന്ന കാര്യം വ്യക്തമാണ്. ഉദ്ഘാടന ചടങ്ങിൽനിന്നു പ്രധാനമന്ത്രിയെ മനഃപൂർവം ഒഴിവാക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നത്. സംസ്ഥാന സർക്കാരിന് അഹങ്കാരവും അസഹിഷ്ണുതയുമാണെന്നും ബിജെപി ആരോപിച്ചു.
 
സംഭവം വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. കൊച്ചി മെട്രോയുടെ ഉദ്​ഘാടനത്തിന്റെ തിയതി നിശ്ചയിച്ചിട്ടില്ലെന്നും മെയ്​മുപ്പതിനാണ്​ഉദ്ഘാടനമെന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കെടുക്കാൻ ഒരു തിയതിക്കായുള്ള ശ്രമമാണ്​ നടത്തുന്നത്​. അത്​ലഭിച്ചതിന്​ശേഷമേ ഉദ്ഘാടനം തിയതി സംബന്ധിച്ച്​ അന്തിമ തീരുമാനം എടുക്കുകയുള്ളു എന്നും പിണറായി വ്യക്തമാക്കി.
 
മെട്രോയുടെ ഉദ്​ഘാടനവുമായി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ തെ​റ്റി​ദ്ധാ​ര​ണ​യു​ടെ പു​റ​ത്താണ്. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവരുകയെന്നതാണ് സംസ്ഥാനം ആഗ്രഹിക്കുന്നത്. അദ്ദേഹത്തെ ക്ഷണിച്ച് ഏപ്രില്‍ 11ന് കത്തയച്ചുവെങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ല. അ​ടു​ത്തു​ത​ന്നെ ഒ​രു തി​യ​തി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വെബ്ദുനിയ വായിക്കുക