ജയിക്കുന്നത് മാണിയോ ജോസഫോ ?; കേരളാ കോൺഗ്രസ് പിളരുമോ! ?

Webdunia
തിങ്കള്‍, 4 മാര്‍ച്ച് 2019 (14:46 IST)
കോട്ടയം: ലോക്‍സഭ തെരഞ്ഞെടുപ്പില്‍ അധികസീറ്റെന്ന കേരളാ കോണ്‍ഗ്രസിന്റെ (എം) ആവശ്യം പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതാണ് പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയെ സമ്മര്‍ദ്ദത്തിലക്കിയത്.

ഇടഞ്ഞുനിൽക്കുന്ന ജോസഫുമായി സമവായത്തിനില്ലെന്ന സൂചനയാണ് മാണി വിഭാഗം നല്‍കുന്നത്. ഇതോടെ  ജോസഫ് വിഭാഗം പാര്‍ട്ടിവിടുമെന്ന ആശങ്ക ശക്തമായി. ഒരു സീറ്റില്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കോണ്‍ഗ്രസ്‌.

ഒരു സീറ്റിലേക്ക് മാത്രമായി മത്സരിക്കേണ്ടിവന്നാല്‍ ആ സീറ്റില്‍ ആര്‌ മല്‍സരിക്കുമെന്ന ചോദ്യമാണ്‌ കേരളാ കോണ്‍ഗ്രസില്‍ ശക്തമാകുന്നത്. ജോസഫ് എതിര്‍പ്പ് തുടരുന്നതിനാല്‍ ഇരു പക്ഷത്തിനsും പ്രിയങ്കരനായ വ്യക്തിയെ പരിഗണിക്കുന്ന കാര്യവും തള്ളിക്കളയാനാകില്ല.

അങ്ങനെ സംഭവിച്ചാല്‍ മല്‍സരിക്കുമെന്ന നിലപാടില്‍ ജോസഫ്‌ ഇളവ്‌ വരുത്തിയേക്കും. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കഴിയും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരത്തിലെ വാദപ്രതിവാദങ്ങള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന നിഗമനവും ശക്തമാണ്.

ലഭിക്കുന്നത് ഒരു സീറ്റാണെങ്കില്‍ മാണി പിടിമുറുക്കുമെന്നതില്‍ സംശയമില്ല. ജോസഫ് വിഭാഗത്തെ വെട്ടി നിരത്തിയുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനവുമുണ്ടാകും. ജോസ് കെ മാ‍ണി മുതല്‍ നിഷവരെ ആ പാട്ടികയിലുണ്ടാകും. ഉടക്കി നില്‍ക്കുന്ന ജോസഫിനോട് മാണി വിഭാഗത്തിന് ശക്തമായ എതിര്‍പ്പുണ്ട്. ഇതെല്ലാം മനസില്‍ വെച്ചാ‍കും തുടര്‍ നീക്കങ്ങള്‍. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ജോസഫ് പാര്‍ട്ടി വിടുമെന്നതില്‍ സംശയമില്ല.

കേരളാ കോണ്‍ഗ്രസിന് ഒരു സീറ്റ്‌ നല്‍കേണ്ട രാഷ്‌ട്രീയ സാഹചര്യം മാത്രമേ നിലവിലുള്ളൂവെന്ന നിലപാടില്‍ കോണ്‍ഗ്രസ്‌ നേതൃത്വം ഉറച്ചുനില്‍ക്കുകയാണ്‌. ഇടുക്കി, ചാലക്കുടി തുടങ്ങിയ സീറ്റുകളിലേക്കുള്ള പുതിയ അവകാശവാദവും കോണ്‍ഗ്രസ്‌ അംഗീകരിക്കില്ലെന്നാണ്‌ സൂചന. ഈ സാഹചര്യത്തില്‍ നാളെ ആലുവയില്‍ മൂന്നാംവട്ടം ചര്‍ച്ചകള്‍ നടത്തി പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാണ് നിലവിലെ ശ്രമം.

അനുബന്ധ വാര്‍ത്തകള്‍

Next Article