ഫ്രാന്‍സിന്റെ ദേശീയ ദിനമായിരുന്നു ജൂലൈ 14. രാജ്യത്തിന്റെ ദേശീയ ദിനാഘോഷത്തില്‍ പങ്കാളികളാകാനായി ആയിരക്കണക്കിനുപേരാണ് നീസില്‍ ഒത്തു ചേര്‍ന്നത്. കരിമരുന്ന് പ്രയോഗം കണ്ട് ആഹ്ലാദഭരിതരായ ജനക്കൂട്ടത്തിനിടയിലേക്ക് പെട്ടെന്നാണ് അമിത വേഗതയില്‍ ട്രക്ക് പാഞ്ഞുവന്നത്. അപകടമാണെന്ന് ആദ്യം കരുതിയെങ്കിലും അതിലെ ഭീകരതയുടെ മുഖം രാജ്യം നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചറിഞ്ഞു. എന്നാല്‍ അതിനു മുമ്പേ നിരത്തില്‍ പൊലിഞ്ഞത് നൂറിനോടടുത്ത് ജീവനുകള്‍.
നവംബറിലെ ആക്രമണത്തിന് ശേഷം രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഭീകരതയ്‌ക്കെതിരെ അതീവജാഗ്രത പാലിക്കുന്ന പല നടപടികളും ഫ്രാന്‍സ് കൈക്കൊണ്ടു. പരിശോധന കര്‍ശനമാക്കി. ഫ്രാന്‍സിനെതിരെ ഐഎസ്‌ഐഎസ് വീണ്ടും ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് രാജ്യത്തിന്റെ മുക്കും മൂലയിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. ജൂലൈയില്‍ യൂറോകപ്പിന് ഫ്രാന്‍സ് വേദിയാകുമെന്നതിനാല്‍ രാജ്യം ഒന്നുകൂടി ഉണര്‍ന്നു പ്രവര്‍ത്തിച്ചു.
ഭീകരാക്രമണം നേരത്തെ അറിയാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ പുതിയൊരു മൊബൈല്‍ ആപ് കൊണ്ടുവന്നു. സെയ്പ് എന്ന് പേരിട്ട ആപ് ഭീകരാക്രമണങ്ങളും മറ്റ് ദുരന്തങ്ങളും സംബന്ധിച്ച് വിവരങ്ങള്‍ ജനങ്ങളിലേക്ക് വേഗം എത്തിക്കുമെന്നായിരുന്നു ഫ്രാന്‍സിന്റെ വാദം. യൂറോകപ്പിന് ഫ്രാന്‍സ് വേദിയാകുമ്പോഴും സര്‍ക്കാര്‍ ഭയപ്പാടിന്റെ നിഴലിലായിരുന്നു. എന്നാല്‍ അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ യൂറോകപ്പിന് ഫ്രാന്‍സ് ആതിഥ്യമരുളി. എല്ലാം പഴയപോലെ എന്ന് ആശ്വസിച്ച് അടിയന്തിരാവസ്ഥ പിന്‍വലിക്കുമെന്ന പ്രസ്താവനയുമിറക്കി ഫ്രഞ്ച് ഭരണകൂടം വിശ്രമിച്ച അല്പനിമിഷങ്ങള്‍ മാത്രം മുതലാക്കി രാജ്യത്ത് വീണ്ടും ഭീകരത നടമാടി.
എട്ടുമാസം രാജ്യം കൈകൊണ്ട സുരക്ഷാ നടപടികളെ വെല്ലുവിളിച്ചുകൊണ്ടാണ് ദേശീയ ദിനത്തിലെ തുടര്‍ ആക്രമണം. ബാറ്റാക്ലാന്‍ ആക്രമണം തന്നെ ഫ്രാന്‍സിലെ വിനോദസഞ്ചാരരംഗത്ത് വന്‍ ഇടിവാണ് ഉണ്ടാക്കിയത്. മെഡിറ്ററേനിയന്‍ പട്ടണം എന്നറിയപ്പെടുന്ന നൈസ്, കടല്‍ത്തീരങ്ങള്‍ക്ക് പേരുകേട്ടതാണ്. ഇവിടത്തെ സൂര്യസ്‌നാനത്തിന് പതിനായിരക്കണക്കിന് വിദേശികളാണ് എത്താറുള്ളത്. തുടരെ തുടരെ ഉണ്ടാവുന്ന ആക്രമണങ്ങള്‍ രാജ്യത്തെ എല്ലാ മേഖലയിലും തകര്‍ച്ചയുണ്ടാക്കും. ഇതിനെ ഫ്രഞ്ച് ഭരണകൂടം എങ്ങനെ നേരിടുമെന്നാണ് ഇനിയുള്ള ചോദ്യം.