കടത്തിന്റെ കണക്ക് ഇങ്ങനെ; അനിൽ അംബാനി നൽകേണ്ടത് കോടികൾ

ബുധന്‍, 19 ജൂണ്‍ 2019 (15:54 IST)
ലോകത്തെ  ശതകോടീശ്വരന്‍മാരില്‍ ഒരാളായ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വിവിധ ബാങ്കുകളിലായി അടയ്ക്കാനുളള തുക 57,382 കോടി. ഇതില്‍ ചൈനയിലെ ബാങ്കുകള്‍ക്ക് മാത്രം 14,774 കോടി നല്‍കാനുണ്ട്. ചൈനയിലെ മൂന്ന് ബാങ്കുകളില്‍ നിന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ വായ്പയെടുത്ത വകയിലാണ് ഇത്രയും തുക നല്‍കാനുളളത്. ഇന്ത്യയിലെ വിവിധ ബാങ്കുകള്‍ വായ്പ നല്‍കിയ ആയിരക്കണക്കിന് കോടിയാണ് തിരിച്ചടക്കാനുളളത്. അതോടൊപ്പം അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന് കീഴിലുളള കമ്പനികളുടെ വിപണി മൂല്യം ഇടിഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹം ശതകോടീശ്വര ലിസ്റ്റില്‍ നിന്ന് പുറത്താകുകയും ചെയ്തു.
 
ചൈന ഡെവലപ്മെന്റ് ബാങ്ക്, ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന, എക്സിം ബാങ്ക് ഓഫ് ചൈന എന്നിവയില്‍ നിന്നാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വലിയ തുകകള്‍ വായ്പ എടുത്തത്. ഇതില്‍ ചൈന ഡെവലപ്പ്മെന്റ് ബാങ്കില്‍ നിന്ന് മാത്രം 9,860 കോടി രൂപയാണ് വായ്പ എടുത്തത്. കമ്പനിയുടെ ആസ്തികള്‍ വിറ്റ് ബാധ്യത ഒഴിവാക്കി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ അനില്‍ നേരത്തെ തന്നെ ശ്രമം ആരംഭിച്ചിരുന്നു. അനിലിന്റെ സഹോദരന്‍ മുകേഷ് റിലയന്‍സ് കമ്മ്യൂണിക്കേഷനെ 17,300 കോടിയ്ക്ക് വാങ്ങാന്‍ ശ്രമിച്ചെങ്കിലും നിയമകുരുക്ക് മൂലം ഇത് നടന്നിരുന്നില്ല. തുടര്‍ന്നാണ് കമ്പനി പാപ്പരായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി 57,382 കോടിയുടെ ബാധ്യതയുണ്ടെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചത്.
 
2008ല്‍ ലോകത്തിലെ ആറാമത്തെ വലിയ ശതകോടീശ്വരനായിരുന്നു അനില്‍ അംബാനി. 4200 കോടി ഡോളറായിരുന്നു അദ്ദേഹത്തിന്റെ ആസ്തി. ഇപ്പോഴാകട്ടെ ധീരുഭായ് അംബാനി ഗ്രൂപ്പിന് കീഴിലുളള കമ്പനികളുടെ മൊത്തം വിപണിമൂല്യം 6,200 കോടിയില്‍ താഴെയായി. ഇതോടെയാണ് ശതകോടീശ്വരന്‍ അല്ലാതെയായത്. റിലയന്‍സ് രണ്ടായ ശേഷം അദ്ദേഹം കോടിക്കണക്കിന് രൂപയാണ് വായ്പകളെടുത്തത്. കിട്ടാക്കടം രൂക്ഷമായതോടെ പ്രതിസന്ധിയിലുമെത്തി. അതോടൊപ്പം റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് പൂട്ടേണ്ട അവസ്ഥയിലുമായി. മറ്റ് നിരവധി കമ്പനികളിലെ ഓഹരി വിറ്റഴിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍