വികലമാക്കി മാറ്റുന്ന ഭാരതീയ പൈതൃകം

Webdunia
( ഭാരതീയ ശാസ്ത്രനേട്ടങ്ങളായി പലരും കൊട്ടിഘോഷിക്കുന്നത് അബദ്ധങ്ങളാണോ? സത്യത്തില്‍ എന്താണ് യഥാര്‍ത്ഥ ഭാരതീയ ശാസ്ത്ര പാരമ്പര്യം? ഭാരതീയ ശാസ്ത്ര പൈതൃകം എന്ന പുസ്തകത്തിലെ അബദ്ധങ്ങളെ പറ്റി ചന്ദ്രഹരി എഴുതുന്ന പരമ്പര)


FILEFILE
ഹിന്ദുത്വവാദത്തിന്‍റെ പോഷകവര്‍ദ്ധന ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ ഒരു ഭാരതീയ ശാസ്ത്രപൈതൃക പ്രചാരണ പ്രസ്ഥാനം പ്രസിദ്ധീകരിച്ച ഏതാനും കൃതികള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്ന അബദ്ധധാരണകളാണ്‌ ഈ ലേഖനത്തിന്‌ പ്രേരകം.

പ്രസ്ഥാനത്തിന്റെ മാസ്റ്റര്‍പീസെന്ന്‌ പറയാവുന്ന 'ഭാരതീയ ശാസ്ത്ര പൈതൃകം' എന്ന നാനൂറ്‌ പുറങ്ങളുള്ള ഡോ. എന്‍. ഗോപാലകൃഷ്ണന്റെ കൃതി ഇന്ത്യന്‍ നാഷണല്‍ സയന്‍സ്‌ അക്കാദമിയുടെ അദ്ധ്യക്ഷനായിരുന്ന മാഷെല്‍കറുടെ ആമുഖത്തോടെയാണ്‌ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്‌. ഉള്ളടക്കമെന്തെന്നറിയാതെ മാഷെല്‍ക്കര്‍ ചെയ്ത അബദ്ധമാണ്‌ ഈ കൃതിക്ക്‌ നല്‍കിയിരിക്കുന്ന അഭിനന്ദനങ്ങള്‍.

ഗവേഷണം, ശാസ്ത്രം പ്രചരിപ്പിക്കുക, ഭാരതീയ പൈതൃകം മുതലായ സദുദ്ദേശങ്ങളെ മുന്‍നിര്‍ത്തി ഹിന്ദുത്വവാദികളുടെ സ്ഥാപിത താല്‍പര്യങ്ങളെ വളര്‍ത്തിയെടുക്കുന്നതിന്‌ അനുയോജ്യമായ ഇടുങ്ങിയ ദേശീയതയും ദേശീയതയുടെ മുഖപ്പണിഞ്ഞ ബ്രാഹ്മണവാദവും പ്രചരിപ്പിക്കുകയാണ്‌ ഈ സംഘടനയുടെ ലക്ഷ്യം.

എത്ര വിചിത്രവും വികലവുമായ ഭാഷ്യമാണ്‌ ഈ സംഘടന ഭാരതീയ ശാസ്ത്ര പൈതൃകത്തിന്‌ നല്‍കുന്നതെന്ന്‌ ബോദ്ധ്യപ്പെടുവാന്‍ താഴെപ്പറയുന്ന പൈതൃക-വാദങ്ങള്‍ ശ്രദ്ധിക്കുക.

1. ദീര്‍ഘവൃത്താകാരമായ ഭൂഭ്രമണപഥത്തിന്‍റെ ഒരറ്റത്ത്‌ സൂര്യന്‍ നില്‍ക്കുന്നു. ഈ വീക്ഷണം തന്നെ ലല്ലാചാര്യന്‍ എഡി 748 ല്‍ എഴുതി വെച്ചിരിക്കുന്നു.,

സ്വോച്ചാത്‌ ഷഡ്ഭാഗാഭ്യധികോ യഥാ തഥാ ഭവതി സ്വനീചസ്യ (sic)

ലല്ലാചാര്യന്‍റെ ഈ ശ്ലോകാര്‍ധത്തിന്‌ ഗോപാലകൃഷ്ണന്‍ നല്‍കുന്ന വ്യാഖ്യാനമാണ്‌ മുകളില്‍ അടിവരയിട്ട്‌ നല്‍കിയിരിക്കുന്നത്‌.

കെപ്ലറുടെ ദീര്‍ഘവൃത്താകാര ഭൂഭ്രമണപഥ സിദ്ധാന്തം (Elliptical Orbits‍) ഏതാണ്ട്‌ ആയിരം വര്‍ഷം മുമ്പ്‌ ലല്ലാചാര്യന്‍ ശിഷ്യധീവൃദ്ധിദം എന്ന ഗ്രന്ഥത്തില്‍ നല്‍കിയിരുന്നു അഥവാ അദ്ദേഹത്തിന്‌ ഭൂമിയുടെ Elliptical Orbits‍ നെപ്പറ്റി തിട്ടമുണ്ടായിരുന്നു എന്നാണ്‌ CSIR (Concil of Scientific and Industrial Research) എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഉന്നത ശാസ്ത്രജ്ഞനായ ഡോ. ഗോപാലകൃഷ്ണന്‍ പ്രസിദ്ധീകരണങ്ങളിലൂടെയും ഇതര മാദ്ധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചു വരുന്നത്‌.






.

കഴിഞ്ഞ താളില്‍ നല്‍കിയ വ്യാഖ്യാനം വികലവും വികൃതവും അസത്യവുമാണെന്ന്‌ താഴെപ്പറയുന്ന വസ്തുതകള്‍ സൂചിപ്പിക്കുന്നു.

( അ) ശിഷ്യധീവൃദ്ധിദം ഡോ. ഗോപാലകൃഷ്ണന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌ ഇന്ത്യന്‍ നാഷണല്‍ സയന്‍സ്‌ അക്കാദമിയുടെ (INSA) പകര്‍പ്പവകാശത്തെ അതിലംഘിച്ച്‌ ബിനാ ചാറ്റര്‍ജിയുടെ ഗ്രന്ഥം തന്റെയും തന്റെ സംഘടനയുടെയും പേരില്‍ പകര്‍ത്തിയാണ്‌. എന്നിട്ടും ബിനാ ചാറ്റര്‍ജി നല്‍കുന്ന ശരിയായ വ്യാഖ്യാനത്തെ മറച്ചുവെച്ച്‌ വിദ്യാര്‍ത്ഥികളെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിച്ച്‌ ഭാരതീയ പൈതൃകത്തിന്റെ മാറ്റു കൂട്ടി ഹിന്ദുത്വ-ബ്രാഹ്മണവാദങ്ങള്‍ക്ക്‌ അനുകൂലമായ സാഹചര്യം സമൂഹത്തില്‍ സൃഷ്ടിക്കുവാനാണ്‌ ഡോ. ഗോപാലകൃഷ്ണന്റെ ശ്രമം.

( ആ) ബിനാ ചാറ്റര്‍ജിയുടെ പുസ്തകത്തില്‍ പുറം 228 ല്‍ വ്യക്തമായി പറയുന്നത്‌ ശ്രദ്ധിക്കുക - ശ്ലോകങ്ങള്‍ 7 മുതല്‍ 18 വരെ അനുബന്ധത്തില്‍ വിശദമാക്കുന്നതുപോലെ നീചോച്ചവൃത്തം, പ്രതിവൃത്തം ഇവ സംബന്ധിച്ചവയാണ്‌. തുടര്‍ന്ന്‌ പുറം 310 - 317 വരെ ഇങ്ങനെ രണ്ടുവിധമായ ജ്യാമിതീയ മാതൃകകളുടെ ചര്‍ച്ച വിശദമായി നല്‍കപ്പെട്ടിരിക്കുന്നു. ലല്ലാചാര്യരുടെ ശ്ലോകത്തില്‍ ദീര്‍ഘവൃത്തസൂചകമായ യാതൊന്നും തന്നെ ഇല്ലാതിരിക്കെയാണ്‌ കെപ്ലറുടെ സിദ്ധാന്തത്തെ ഭാരതീയ പൈതൃകമാക്കി അവതരിപ്പിക്കുന്നത്‌.

( ഇ) സൂര്യന്‍ ഭൂമിയോട്‌ നീചോച്ചവൃത്തത്തില്‍ (Epicycle) ഏറ്റവും അകന്ന സ്ഥാനത്തെ മന്ദോച്ചം (equivalent term is apogee) എന്നും ഏറ്റവും അടുത്ത എതിര്‍ബിന്ദുവിനെ നീചം (Perigee) എന്നും പറയുന്നു. ഭാരതീയ ജ്യോതിഃശാസ്ത്രത്തിലെ ഈ വസ്തുത മറച്ചു വെച്ച്‌ മന്ദോച്ചത്തെ ദീര്‍ഘവൃത്താകാരമായ ഭൂമിയുടെ ഭ്രമണപഥത്തിലെ സൂര്യനോടേറ്റവുമകന്ന ബിന്ദുവായി (Aphelion) ആള്‍മാറാട്ടം നടത്തി കപടവ്യാഖ്യാനം നല്‍കുകയാണ്‌ ഈ ശാസ്ത്രജ്ഞന്‍.

( ഈ) നിസ്തുലമായ ബിനാചാറ്റര്‍ജിയുടെ ഗ്രന്ഥത്തിന്‌ അപമാനകരമാണ്‌ ഗ്രന്ഥത്തിന്റെ അനധികൃതമായ കോപ്പിയടിയും സത്യം മറച്ചു വെക്കുന്ന വികല വ്യാഖ്യാനവും.

( ഉ) ഭാരതീയ ശാസ്ത്ര പൈതൃകത്തിലെ വിശദമായ ചര്‍ച്ചയും അബദ്ധങ്ങള്‍ ഉള്‍ക്കൊള്ളുന്നു. മന്ദോച്ചം സംബന്ധിച്ച ഗ്രന്ഥകാരന്റെ ഉപന്യാസത്തിനും പുരാതന ഭാരതീയ മൂല്യം ആധുനിക നിര്‍ണ്ണയത്തോട്‌ കിടപിടിക്കുന്നുവെന്ന വാദത്തിനും യാതൊരു കഴമ്പുമില്ല (പുറം 242).

ക്രിസ്തുവിന്‌ മുമ്പ്‌ രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഹിപ്പാര്‍ക്കസ്‌ മുതലുള്ള നിരവധി ജ്യോതിഃശാസ്ത്രജ്ഞന്മാര്‍ ഈവിധ മൂല്യനിര്‍ണ്ണയങ്ങള്‍ നടത്തിയിട്ടുണ്ട്‌. മന്ദോച്ചം, നീചം മുതലായ പുരാതന മൂല്യങ്ങള്‍ ആധുനിക ശാസ്ത്രം കെപ്ലറുടെ ദീര്‍ഘവൃത്തസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന സ്ഥാനങ്ങളോട്‌ താരതമ്യം ചെയ്യപ്പെടുക എന്നതു തന്നെ ശരിയല്ല.

കാരണമെന്തെന്ന് അടുത്ത ഭാഗത്തില്‍ വായിക്കുക...