റെയ്ഡ് കഴിഞ്ഞു; ഐടി വകുപ്പിന് മിണ്ടാട്ടമില്ല!

Webdunia
വെള്ളി, 29 ജൂലൈ 2011 (14:09 IST)
സൂപ്പര്‍താരങ്ങളുടെ വീട്ടിലെ റെയ്ഡിനെ പറ്റി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല എന്ന് ആരോപണം. എന്തെങ്കിലും ചെറിയ റെയ്ഡ് നടന്നാല്‍ തന്നെ മാധ്യമങ്ങളെ വിളിച്ച് ‘സ്കൂപ്പ്’ അടിപ്പിക്കാന്‍ മത്സരിക്കുന്ന ആദായനികുതി വകുപ്പിന് ഇതെന്ത് പറ്റി എന്നാണ് മാധ്യമങ്ങള്‍ ചോദിക്കുന്നത്. ‘റെയ്ഡിനെ പറ്റി പത്രക്കുറിപ്പ് ഉടനിറക്കും’ എന്ന് പറയുന്നതല്ലാതെ, റെയ്ഡ് കഴിഞ്ഞ് ഒരാഴ്ച ആയിട്ടും പത്രക്കുറിപ്പ് ഇറങ്ങുന്നതേയില്ല.

റെയ്ഡിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ നല്‍കരുതെന്ന്‌ ഉദ്യോഗസ്ഥര്‍ക്ക്‌ കര്‍ശന നിര്‍ദ്ദേശം ലഭിച്ചെന്നാണു വിവരം. മാധ്യമങ്ങള്‍ക്ക് വിവരം കൊടുക്കരുതെന്ന് നിര്‍ദേശം വന്നിട്ടുണ്ടെങ്കില്‍ പൊതുജനം ഒന്നും അറിയേണ്ട എന്ന് സാരം. അങ്ങിനെയെങ്കില്‍ പൊതുജനം അറിയാന്‍ പാടില്ലാത്ത ചിലത് ഉണ്ടെന്നല്ലേ സൂചന? റെയ്ഡ് ആരംഭിച്ച ദിവസവും തൊട്ടടുത്ത ദിവസവും സൂപ്പര്‍താര റെയ്ഡ് എല്ലാ മാധ്യമങ്ങളും ആഘോഷിച്ചു. എന്നാല്‍, തുടര്‍ന്നങ്ങോട്ട് പ്രമുഖ മാധ്യമങ്ങള്‍ റെയ്ഡുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രാധാന്യത്തോടെ കൊടുക്കുന്നതില്‍ വിമുഖത കാണിക്കാന്‍ തുടങ്ങി.

റെയ്ഡ് തുടങ്ങിയിട്ട് ഒരാഴ്ച ആയെങ്കിലും ഇനിയും ചിലയിടങ്ങളില്‍ കൂടി പരിശോധന പൂര്‍ത്തിയാക്കാന്‍ ഉണ്ടെന്നാണ് അറിയുന്ന വിവരം. ഒരാഴ്ച കഴിഞ്ഞിട്ടും പരിശോധന പൂര്‍ത്തിയാക്കാന്‍ ആദായനികുതി വകുപ്പിന് ആകാത്തത് എന്തുകൊണ്ടാണെന്ന് ദുരൂഹമായി തുടരുന്നു. കണ്ടെത്തിയ രേഖകളുടെയും മറ്റു സ്വത്തുവിവരങ്ങളുടെയും മൂല്യപരിശോധന പുരോഗമിക്കുന്നു എന്നാണ് രണ്ട് ദിവസം മുമ്പുവരെ ആദായനികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ അതുംകേള്‍ക്കാനില്ല.

സൂപ്പറുകള്‍ക്ക് വേണ്ടി ചിലരൊക്കെ ചരട് വലിച്ചു എന്ന് ഇതിനകം തന്നെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. തെലുങ്കുതാരം ചിരഞ്ജീവി ഇടപെട്ടാ‍ണ് സൂപ്പര്‍ റെയ്ഡ് മരവിപ്പിച്ചതെന്ന് ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റെയ്ഡുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഇപ്പോഴത്തെ ‘വേഗത’ കാണുമ്പോള്‍ ‘പവനായി ശവമായി’ എന്നുതന്നെ കരുതാം. സൂപ്പറുകളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ എന്തൊക്കെ കിട്ടി എന്ന് മാധ്യമങ്ങള്‍ ചോദിക്കുമ്പോഴൊക്കെ പരസ്യപ്രസ്താവന ഇറക്കുമെന്നാണ് ആദായനികുതി വകുപ്പ് പറഞ്ഞിരുന്നത്. എന്നാല്‍ ഈ പരസ്യപ്രസ്താവന ‘കോഴിക്ക് മുല’ വരുമ്പോള്‍ ആകുമോ?