ആരോപണവിധേയര്‍ മാറിനില്‍ക്കുക, നിരന്തരം മത്സരിക്കുന്നവരും ഒഴിവാകുക - ഈ രണ്ടുകാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ നില്‍ക്കുകയാണ് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. ഏറ്റവും കുറഞ്ഞത് അഞ്ച് സീറ്റുകളുടെ കാര്യത്തിലെങ്കിലും ഈ നിലപാട് കര്‍ശനമായി നടപ്പാക്കണമെന്ന നിര്‍ബന്ധം സുധീരനുണ്ട്.
തൃപ്പൂണിത്തുറ, കോന്നി, പാറശ്ശാല, തൃക്കാക്കര, ഇരിക്കൂര്‍ എന്നീ മണ്ഡലങ്ങളിലെ സിറ്റിംഗ് എം എല്‍ എമാരെ ഒരു കാരണവശാലും മത്സരിപ്പിക്കരുതെന്ന കടുത്ത നിലപാടാണ് സുധീരന്‍ എടുത്തിരിക്കുന്നത്. ഈ നിലപാട് അതേപടി അംഗീകരിച്ചാല്‍ അടൂര്‍ പ്രകാശ്, ബെന്നി ബെഹനാന്‍, കെ ബാബു, കെ സി ജോസഫ് എന്നീ വമ്പന്‍മാര്‍ നിയമസഭയ്ക്ക് പുറത്തിരിക്കേണ്ടിവരും.
എന്നാല്‍ ഇക്കാര്യത്തില്‍ താനും ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയിരിക്കുന്നത്. ആരോപണവിധേയരെല്ലാം മാറിനില്‍ക്കണമെങ്കില്‍ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നത് തനിക്കെതിരെയാണ്. തുടര്‍ച്ചയായി മത്സരിച്ചവര്‍ മാറിനില്‍ക്കണമെങ്കില്‍ ഏറ്റവും കൂടുതല്‍ കാലം മത്സരിച്ചതും താനാണ്. അതുകൊണ്ട് താന്‍ മാറിനില്‍ക്കാമെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്.
ഇരുപക്ഷവും ഒട്ടും അയയാത്ത സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഒരു മധ്യസ്ഥന്‍റെ റോള്‍ സ്വീകരിച്ചു. എന്നിട്ടും ഉമ്മന്‍ചാണ്ടിയും സുധീരനും തങ്ങളുടെ നിലപാടുകളില്‍ നിന്ന് മാറിയില്ല. ഒടുവില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇടപെട്ടിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിയുമായി സുധീരന്‍ രണ്ടുതവണ ചര്‍ച്ച നടത്തി. തന്‍റെ നിലപാടില്‍ സുധീരന്‍ ഉറച്ചുനിന്നു എന്നാണ് വിവരം. സുധീരന് പിന്നാലെ ഉമ്മന്‍ചാണ്ടിയും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി വെളിപ്പെടുത്തിയിട്ടില്ല.
ചര്‍ച്ചകള്‍ ഫലപ്രദമായില്ലെങ്കില്‍ കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് തന്നെയാണ് സൂചന. സി പി എം സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ച് മുന്‍തൂക്കം നേടിയ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ അടി തുടരുന്നത് അവരുടെ തെരഞ്ഞെടുപ്പ് സാധ്യതകളെ തന്നെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.