മാണിയെ വളയാന്‍ ഇടതുമുന്നണി

Webdunia
വെള്ളി, 6 മാര്‍ച്ച് 2015 (17:05 IST)
അരയും തലയും മുറുക്കിയാണ് പ്രതിപക്ഷം നിയമസഭയില്‍ എത്തിയത്. ബാര്‍കോഴ കേസില്‍ ആരോപണവിധേയനായ മന്ത്രി മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നുള്ള എല്‍ ഡി എഫ് പ്രഖ്യാപനം വളരെ ഭംഗിയായി നിയമസഭയില്‍ നടപ്പാക്കി. ഗവര്‍ണര്‍ നിയമസഭയിലേക്ക് വന്നതും പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചതും ഏതാണ്ട് ഒരുമിച്ചായിരുന്നു. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ പുറത്തെത്തിയ പ്രതിപക്ഷം മാണിക്കെതിരെയുള്ള സമരം ശക്തമാക്കുമെന്നും ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അസന്നിഗ്‌ധമായി പ്രഖ്യാപിച്ചു. 
 
കാര്യം പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയതെങ്കിലും നയപ്രഖ്യാപനപ്രസംഗം ബഹിഷ്‌കരിച്ചത് പെട്ടെന്നുള്ള തീരുമാനത്തിന്റെ പുറത്തായിരുന്നു. എന്നാല്‍, ഇനി മുന്നോട്ടുള്ള ദിവസങ്ങളില്‍ വളരെ തയ്യാറെടുപ്പോടു കൂടി മുന്നോട്ടു പോകാനുള്ള ശ്രമമാണ് ഇടതുമുന്നണിയുടേത്. സി പി എം സെക്രട്ടറിയായി കോടിയേരി ബാലകൃഷ്‌ണനും സി പി ഐ സെക്രട്ടറിയായി കാനം രാജേന്ദ്രനും ചുമതലയേറ്റെടുത്തതിനു ശേഷം ചേര്‍ന്ന ആദ്യം ഇടതുമുന്നണിയോഗം ആയിരുന്നു ഇന്ന് ചേര്‍ന്നത്. ബാര്‍കോഴയില്‍ നിയമസഭ സ്തംഭിപ്പിക്കാനുള്ള ഉറച്ച തീരുമാനമായിരുന്നു ഇന്നു ചേര്‍ന്ന ഇടതുമുന്നണിയോഗം കൈക്കൊണ്ടത്.
 
നിയമസഭാജീവിതത്തില്‍ അമ്പതുവര്‍ഷം പൂര്‍ത്തിയാക്കിയ മാണി പതിമൂന്നാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തില്‍ മാര്‍ച്ച് പതിമൂന്നാം തിയതി ബജറ്റ് അവതരിപ്പിക്കാന്‍ എത്തുമ്പോള്‍ പ്രക്ഷുബ്‌ധരംഗങ്ങള്‍ ആയിരിക്കും കാണേണ്ടി വരിക. മാണി ബജറ്റ് അവതരിപ്പിക്കുന്ന ദിവസം പതിനായിരത്തോളം പ്രവര്‍ത്തകരെ അണിനിരത്തി നിയമസഭ വളയാനും സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം ഒരുപോലെ സംഘടിപ്പിക്കാനുമാണ് ഇടതുമുന്നണി തയ്യാറെടുക്കുന്നത്. ബജറ്റ് അവതരണദിവസം പതിനായിരത്തോളം 
പ്രവര്‍ത്തകരെ അണിനിരത്തി നിയമസഭ വളയാനാണ് ഇന്നു ചേര്‍ന്ന എല്‍ ഡി എഫ് യോഗത്തില്‍ തീരുമാനമായത്.
 
അന്നേദിവസം സംസ്ഥാനവ്യാപകമായി പ്രക്ഷോഭങ്ങള്‍ നടത്തുന്നതിനും ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായി. എല്ലാ കക്ഷികളില്‍ നിന്നും ഒരോ അംഗങ്ങള്‍ വീതം ഉള്‍ക്കൊള്ളുന്ന ഉപസമിതി രൂപീകരിച്ച് സമരം വ്യാപിപ്പിച്ച് വിജയിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും രൂപരേഖ തയാറാക്കും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അന്നേദിവസം ഉപരോധിക്കുന്നതിനും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങള്‍ നടത്തുന്നതിനും ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ചുരുക്കത്തില്‍ വരുന്ന ദിവസങ്ങള്‍ പ്രക്ഷുബ്‌ദമായിരിക്കും എന്നാണ് നിലവിലെ അവസ്ഥകള്‍ വ്യക്തമാക്കുന്നത്.