മാണിയും പാലാക്കാര്‍ക്ക് കിട്ടിയ ലോട്ടറിയും!

കാണി

വെള്ളി, 23 ജനുവരി 2015 (16:18 IST)
കെ എം മാണിയെ ചുറ്റി കേരളം കറങ്ങുമ്പോള്‍ യു ഡി എഫ് രാഷ്ട്രീയം കലങ്ങിക്കലങ്ങി മറിയുകയാണ്. അതിന്‍റെ അലയൊലികള്‍ പാലായില്‍ കുറച്ചധികമായെത്തും. മാണിക്കെതിരെയും അനുകൂലിച്ചും വിവിധപാര്‍ട്ടികള്‍ ശക്തിപ്രകടിപ്പിച്ചുതുടങ്ങിയതോടെ പാലായില്‍ ഓണം വന്നതുപോലെയാണ്.
 
എന്താണ് കാര്യമെന്നല്ലേ? ഓണത്തിനും ക്രിസ്മസിനുമൊക്കെ മാത്രമാണ് ഇത്രയും അവധി ദിവസങ്ങള്‍ ഒരുമിച്ച് കേരളീയര്‍ക്ക് കിട്ടാറുള്ളത്. മാണികാരണം തുടര്‍ച്ചയായി അഞ്ച് ദിവസത്തെ അവധിയാണ് പാലാക്കാര്‍ക്ക് അനുഗ്രഹിക്കപ്പെട്ട് കിട്ടിയിരിക്കുന്നത്.
 
വെള്ളിയാഴ്ച യു ഡി എഫ് ഹര്‍ത്താല്‍ നടത്തിയപ്പോള്‍ ശനിയാഴ്ച ഇടതുപക്ഷത്തിന്‍റെ ഹര്‍ത്താലാണ് പാലായില്‍. ഞായറാഴ്ച കഴിഞ്ഞ് തിങ്കളാഴ്ച റിപ്പബ്ലിക്ക് ദിനം. ചൊവ്വാഴ്ചയാകട്ടെ ബി ജെ പിയുടെ കേരള ഹര്‍ത്താലും. 
 
അമ്പതുവര്‍ഷക്കാലം പാലായിലെ ജനങ്ങള്‍ മാണിക്കൊപ്പമായിരുന്നു. എല്ലാ സന്തോഷത്തിലും സങ്കടത്തിലും അവര്‍ മാണിയെ ഒപ്പം കൂട്ടി. ഇപ്പോള്‍ മാണി വിവാദപുരുഷനായിരിക്കുമ്പോഴും അങ്ങനെയൊന്നും മാണിയെ തള്ളിപ്പറയാന്‍ പാലാക്കാര്‍ക്ക് കഴിയുന്നില്ല. സത്യം എത്രയും വേഗം പുറത്തുവരട്ടെ എന്ന് ആഗ്രഹിക്കുകയാണ് പാലായിലെ ജനങ്ങള്‍.

വെബ്ദുനിയ വായിക്കുക