മന്ത്രി ബാബു ഉടന്‍ രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ജോണ്‍ കെ ഏലിയാസ്
ശനി, 14 നവം‌ബര്‍ 2015 (19:13 IST)
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി കെ ബാബുവും ഉടന്‍ രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കെ എം മാണിക്കും ബാബുവിനും രണ്ടുനീതിയെന്ന പ്രചരണം ശക്തമായതോടെ ബാബു രാജിയിലേക്കാണ് നീങ്ങുന്നതെന്ന് സൂചനകള്‍. ബിജു രമേശ് ബാബുവിനെതിരെ കോടതിയെ സമീപിച്ചാല്‍ അധികം വൈകാതെ മന്ത്രി രാജിവയ്ക്കുന്നതാണ് നല്ലതെന്ന് കോണ്‍ഗ്രസിലെയും യുഡി‌എഫിലെയും പ്രമുഖര്‍ കരുതുന്നു.
 
കെ എം മാണിക്കെതിരെ ഉണ്ടായ കോടതി പരാമര്‍ശങ്ങളും നടപടികളും ബാബുവിന്‍റെ കാര്യത്തില്‍ ആവര്‍ത്തിച്ചേക്കുമെന്ന അഭയം യു ഡി എഫിനുണ്ട്. അങ്ങനെയുണ്ടാവുന്നതുവരെ കാത്തിരിക്കാതെ തുടക്കത്തില്‍ തന്നെ രാജിവച്ചാല്‍ ഇമേജ് നഷ്ടം ഉണ്ടാകാതെ കാര്യങ്ങള്‍ നല്ലവഴിക്ക് നീക്കാമെന്നാണ് വിലയിരുത്തല്‍. ആരോപണം ഉണ്ടായ ഉടന്‍ രാജിവയ്ക്കുന്നതിന്‍റെ രാഷ്ട്രീയഗുണം ബാബുവിന് ലഭിക്കുമെന്നും കോണ്‍ഗ്രസിലെയും യു ഡി എഫിലെയും ഉന്നതര്‍ കണക്കുകൂട്ടുന്നതായും റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു.
 
മാണിക്കും ബാബുവിനും രണ്ടുനീതിയാണെന്ന് ഇപ്പോള്‍ പ്രതിപക്ഷവും മാണി കോണ്‍ഗ്രസുകാരും മാത്രം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. എന്നാല്‍ രാജി നീണ്ടുപോയാല്‍, അത് കോണ്‍ഗ്രസിനുള്ളിലെ തന്നെ വലിയ വിമര്‍ശനമായി മാറും. ഇപ്പോല്‍ തന്നെ പി ജെ കുര്യനെപ്പോലെയുള്ളവര്‍ പരസ്യമായിത്തന്നെ ഇക്കാര്യം ഉന്നയിക്കുന്നു. വി ഡി സതീശനെയും ടി എന്‍ പ്രതാപനെയും പോലുള്ള വിപ്ലവകാരികള്‍ ഇക്കാര്യം ഏറ്റെടുക്കുമെന്ന് ഏതാണ്ടുറപ്പാണ്. അങ്ങനെ കാര്യങ്ങള്‍ വഷളാകുന്നതിന് മുമ്പ് ബാബുവിനെ രാജിവയ്പ്പിക്കാനാണ് നീക്കം നടക്കുന്നത്.
 
കെ ബാബുവിന് വേണ്ടി വിജിലന്‍സ് ചില നീക്കുപോക്കുകള്‍ ഈ കേസില്‍ നടത്തിയെന്ന് ഇപ്പോള്‍ തന്നെ വ്യക്തമായിരിക്കുന്ന സാഹചര്യത്തില്‍ ബാബുവിന് അധികകാലം മന്ത്രിയായി പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് യു ഡി എഫ് നേതാക്കളില്‍ തന്നെയുണ്ട്. അതുകൊണ്ടുതന്നെ ബാബുവിന്‍റെ രാജി ഉടന്‍‌തന്നെ പ്രതീക്ഷിക്കാമെന്നാണ് രാഷ്ട്രീയനിരീക്ഷകരും പറയുന്നത്.