പൊട്ടിത്തെറിക്കുന്ന സത്യങ്ങള്‍!

Webdunia
PRO
സ്ഫോടന പരമ്പരകളിലൂടെ സമൂഹ മനസ്സിനെ ഞെട്ടിച്ച ഭീകരര്‍ അവരുടെ പ്രവര്‍ത്തിയിലൂടെ ചില അപ്രിയ സത്യങ്ങള്‍ക്കും അടിവരയിടുകയാണ്. ഭീകരതയ്ക്കൊപ്പം സാങ്കേതിക വിദ്യകൂടി കൂട്ടിച്ചേര്‍ത്താല്‍ അത് കൊടും ഭീകരതയാവുമെന്ന സ്ഫോടനാത്മകമായ സത്യമാണ് ഇപ്പോള്‍ നമ്മെ നോക്കി പല്ലിളിക്കുന്നത്.

ഇന്ത്യയുടെ മാറിലൂടെ അനായാസ സംഹാര താണ്ഡവം നടത്താന്‍ ഭീകരരെ നൂതന സാങ്കേതിക വിദ്യ ഒട്ടേറെ സഹായിച്ചെന്ന വിലയിരുത്തലാണ് തിരിച്ചടിയാവുന്നത്. ബോംബുകള്‍ അനായാസം നിര്‍മ്മിക്കാനും സ്ഥാപിക്കാനും സ്ഫോടന പദ്ധതി നടപ്പിലാക്കാനും വിരുദ്ധ ശക്തികള്‍ക്ക് സാങ്കേതിക വിദ്യ സഹായകമായി.

  100 അല്ലെങ്കില്‍ 200 രൂപ മുടക്കിയാല്‍ ഒരു ബോംബ് പൊട്ടിക്കാന്‍ സാധിക്കും. എന്നാല്‍, അതിനെ തടയണമെങ്കില്‍ 500 പൊലീസുകാരുടെ സേവനമെങ്കിലും വേണം      
ഇ-മെയിലുകള്‍ അയച്ചാല്‍ അത് പിന്തുടരാന്‍ എളുപ്പമെന്ന് മനസ്സിലാക്കിയ ഭീകരര്‍ ഇത്തവണ ശരിക്കും ചുവട് മാറ്റിച്ചവിട്ടി. മെയിലുകള്‍ അയയ്ക്കുന്നതിന് പകരം ഡ്രാഫ്റ്റ് ആയി സന്ദേശം സംരക്ഷിച്ചു. ശൃംഖലയിലെ മറ്റാളുകള്‍ ഒരേ രഹസ്യവാക്കും ഇ-മെയില്‍ വിലാസവും ഉപയോഗിച്ചാല്‍ ഈ ഡ്രാഫ്റ്റ് തുറന്ന് വായിച്ച് സന്ദേശം മനസ്സിലാക്കാന്‍ കഴിയുമെന്ന സുഖകരമായ സാധ്യത അവര്‍ ഉപയോഗപ്പെടുത്തി. ഈ സൂചനകളെല്ലാം തെറ്റായ കരങ്ങളില്‍ വിജ്ഞാനം എത്തിച്ചേര്‍ന്നതിന്‍റെ സാക്‍ഷ്യമാണ്.

ഇന്ത്യയ്ക്ക് ഭീകര ചെയ്തികളെ മറികടക്കാനുള്ള സാങ്കേതിക ജ്ഞാനമുണ്ട്. പക്ഷേ, സാധാരണ മാനുഷിക തയ്യാറെടുപ്പുകളിലൂടെ മാത്രമേ സാങ്കേതിക ജ്ഞാനത്തെ പ്രയോജനപ്രദമായി പ്രയോഗിക്കാന്‍ സാധ്യമാവുകയുള്ളൂ. ഒരു പൊലീസ് ഓഫീസര്‍ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ശ്രദ്ധിക്കാം, “ 100 അല്ലെങ്കില്‍ 200 രൂപ മുടക്കിയാല്‍ ഒരു ബോംബ് പൊട്ടിക്കാന്‍ സാധിക്കും. എന്നാല്‍, അതിനെ തടയണമെങ്കില്‍ 500 പൊലീസുകാരുടെ സേവനമെങ്കിലും വേണം”.

PTI
അതേപോലെ തന്നെ ഒരു ദിവസത്തെ മുഴുവന്‍ ഇ-മെയില്‍ അല്ലെങ്കില്‍ ടെലഫോണ്‍ സന്ദേശം പിന്തുടരണമെങ്കില്‍ ആറ് മാസമെങ്കിലും എടുക്കുമെന്നതും സത്യമാണ്. ഈ അവസരത്തിലാണ്, തെളിവുകള്‍ വിദൂരത്ത് പോലും അവശേഷിപ്പിക്കാതിരിക്കാന്‍ സന്ദേശങ്ങള്‍ ഡ്രാഫ്റ്റ് ആയി സംരക്ഷിക്കാന്‍ ഭീകരര്‍ തുനിഞ്ഞിരിക്കുന്നത്.

ഭീകരാക്രമണങ്ങള്‍ സാര്‍വത്രികമാകാതിരിക്കാന്‍ നാം ആദ്യം അതിനെ ഒരു സത്യമായി അംഗീകരിക്കേണ്ടിയിരിക്കുന്നു.

  ഭീകരാക്രമണങ്ങള്‍ സാര്‍വത്രികമാകാതിരിക്കാന്‍ നാം ആദ്യം അതിനെ ഒരു സത്യമായി അംഗീകരിക്കേണ്ടിയിരിക്കുന്നു      
ആക്രമണ സാധ്യതയുള്ളിടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാമെന്ന ആശയത്തിനു പ്രാധാന്യമുണ്ട്. അതോടൊപ്പം തന്നെ വാഹനങ്ങള്‍ക്ക് ട്രാക്കിംഗ് സംവിധാനം ഏര്‍പ്പെടുത്താവുന്ന നിര്‍ദ്ദേശവും ഭീകരരുടെ സ്വതന്ത്ര വിഹാരത്തിനെതിരെ സാങ്കേതികമായ മേല്‍ക്കോയ്മ നേടാന്‍ സഹായിച്ചേക്കും.

ഇതിനെല്ലാമുപരി, പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന വിചക്ഷണരുടെ അഭിപ്രായത്തിനാണ് വിലകല്‍പ്പിക്കേണ്ടതെന്ന് തോന്നുന്നു. ബീറ്റ് പൊലീസുകാര്‍ക്ക് അപരിചതരെയും അസാധാരണ സംഭവങ്ങളെയും വസ്തുക്കളെയും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുമെന്ന വസ്തുത വിസ്മരിച്ചുകൂട. അതിനാല്‍, മനുഷ്യപ്രയത്നവും ബുദ്ധിയും തന്നെയാണ് ഭീകരതയ്ക്കെതിരെ മുനകൂര്‍പ്പിക്കേണ്ട ആയുധങ്ങള്‍ എന്ന് നിസ്സംശയം പറയാന്‍ സാധിക്കും.