പിള്ള വിചാരിച്ചാല്‍ ഗണേഷിനെ തൊടാന്‍ പോലും ആവില്ല!

Webdunia
വ്യാഴം, 29 മാര്‍ച്ച് 2012 (15:47 IST)
PRO
ബാലകൃഷ്ണപിള്ള അങ്ങനെയൊക്കെ പറയും. അതൊന്നും കാര്യമാക്കേണ്ട. എല്ലാ കാര്യങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചോളാം എന്ന് പിള്ളയെ ധരിപ്പിച്ചാല്‍ മതി - യു ഡി എഫ് നേതൃത്വം ഇതാണ് ചിന്തിക്കുന്നത്. പിള്ള എത്ര പ്രശ്നമുണ്ടാക്കിയാലും കെ ബി ഗണേഷ്കുമാറിന്‍റെ മന്ത്രിസ്ഥാനത്തിന് ഒരു ഇളക്കവും സംഭവിക്കില്ല. അക്കാര്യം ഉമ്മന്‍‌ചാണ്ടിയും യു ഡി എഫ് നേതൃത്വവും തീരുമാനിച്ചിട്ടുണ്ട്.

ഗണേഷിനെ മന്ത്രിസ്ഥാനത്തുനിന്ന് പിന്‍‌വലിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായാണ് ആര്‍ ബാലകൃഷ്ണപിള്ള യു ഡി എഫ് യോഗത്തില്‍ അറിയിച്ചത്. പാര്‍ട്ടിയെ അംഗീകരിക്കാത്ത മന്ത്രിയെ ഞങ്ങള്‍ക്ക് വേണ്ട എന്നാണ് പിള്ള പറഞ്ഞത്. ‘മന്ത്രി പാര്‍ട്ടിയെ അനുസരിച്ചാല്‍ പ്രശ്നം തീര്‍ന്നില്ലേ?’ - എന്ന് ഉമ്മന്‍‌ചാണ്ടി അപ്പോള്‍ തന്നെ ചോദിച്ചു. ആ ചോദ്യത്തിലെ പരിഹാസധ്വനി പിള്ളയ്ക്ക് മനസിലായോ ആവോ.

പിള്ളയുടെ വാദങ്ങള്‍ ഒരു ചെവിയിലൂടെ കേള്‍ക്കുകയും മറുചെവിയിലൂടെ പുറത്തുകളയുകയും ചെയ്യുക എന്ന നയമാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കൈക്കൊണ്ടിട്ടുള്ളത്. മന്ത്രി എന്ന നിലയില്‍ ഗണേഷ്കുമാര്‍ ഗംഭീര പ്രകടനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആവര്‍ത്തിക്കുകയും ചെയ്തു.

ഗണേഷിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റില്ല. എന്നാല്‍ പിള്ളയെ അനുനയിപ്പിക്കാനായി ഗണേഷിനോട് പാര്‍ട്ടിയെ അനുസരിക്കുന്നതുപോലെ അഭിനയിക്കാന്‍ യു ഡി എഫ് നിര്‍ദ്ദേശിക്കുകയും ചെയ്യും. ഗണേഷിന് അഭിനയിക്കുന്നതിനാണോ പ്രയാസം? ആ റോള്‍ ഭംഗിയായി ചെയ്യും. പാര്‍ട്ടിയുടെ നേതാക്കന്‍‌മാരെ കാണുമ്പോള്‍ തൊഴുത് വണങ്ങി നില്‍ക്കും.

വേണമെങ്കില്‍ ചങ്ങനാശ്ശേരിയിലെ നായര്‍ പ്രമാണികളെ മധ്യസ്ഥ ചര്‍ച്ചകള്‍ക്കിറക്കാനും ഉമ്മന്‍‌ചാണ്ടിയും കൂട്ടരും പ്ലാന്‍ ചെയ്തിട്ടുണ്ട്. അങ്ങനെ ചര്‍ച്ചകള്‍ക്കും മധ്യസ്ഥതയ്ക്കുമൊടുവില്‍ പിള്ളയുടെ പത്തി താഴും. അഞ്ചുവര്‍ഷം ഗണേഷ് മന്ത്രിസ്ഥാനത്ത് പൂര്‍ത്തിയാക്കുകയും ചെയ്യും.

ദിനേശ് ത്രിവേദിയെ മണിക്കൂറുകള്‍ വച്ച് രാജിവയ്പ്പിച്ച മമതാ ബാനര്‍ജിയാകാന്‍ പിള്ള നോക്കിയിട്ട് കാര്യമില്ല. മമതയ്ക്ക് ഇഷ്ടം പോലെ ജനപ്രതിനിധികളുണ്ട്. പിള്ളയ്ക്ക് സ്വന്തം പിള്ളയായ ഗണേഷ് മാത്രമേയുള്ളല്ലോ. ഒരു ഉപതെരഞ്ഞെടുപ്പ് കൊണ്ടുവന്ന് അവിടെ പിള്ള മത്സരിച്ച് ജയിച്ച് മന്ത്രിയാകാനൊക്കെ, ഇത് ബീഹാറൊന്നുമല്ലല്ലോ. മലയാളികളുടെ കേരളമല്ലേ.