പാട്ടിന്‍റെ മാമ്പഴം

WDWD
മാമ്പഴമാം മാമ്പഴം മല്‍ഗോവാ മാമ്പഴം സേലത്തു മാമ്പഴം നീതാനെടീ...... അതെ, കേരളം ഇന്ന് മാമ്പഴ ലഹരിയിലാണ്. അത് കിളിച്ചുണ്ടന്‍ മാമ്പഴമാണോ മല്‍ഗോവയാണോ എന്നൊന്നും പറയാറായിട്ടില്ല. പക്ഷെ, ഈ മാമ്പഴത്തിനൊരു സവിശേഷതയുണ്ട്., ഇത് ഒരു മനോരമ മാമ്പഴമാണ്. പാട്ടിന്‍റെ മാമ്പഴമാണ്.

ലോകത്തിലെ മലയാളികളെ പാട്ടു കേള്‍പ്പിക്കാന്‍ റേഡിയോ മാങ്കോ നവംബര്‍ 29 മുതല്‍ തയ്യാറായിക്കഴിഞ്ഞു. നമ്മുടെ റേഡിയോ മാങ്കോയെ ഹിന്ദിക്കാര്‍ക്ക് വേണമെങ്കില്‍ റേഡിയോ മാം‌ഗോ (ചോദിക്കൂ, ആവശ്യപ്പെടൂ) എന്ന അര്‍ത്ഥത്തിലും വിചാരിക്കാവുന്നതാണ്.

അവരുടെ എരിവുള്ള റേഡിയോ മിര്‍ച്ചിക്ക് പകരം മലയാളിയുടെ മധുരമുള്ള റേഡിയോ മാങ്കോ 91.9, മലയാളത്തിലെ ആദ്യത്തെ സ്വതന്ത്ര സ്വകാര്യ എഫ്.എം റേഡിയോയാണ് റേഡിയോ മാങ്കോ 91.9.

ഫ്രീക്വന്‍സി മോഡുലേഷന്‍ (എഫ്.എം) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് 40 മുതല്‍ 100 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രക്ഷേപണം നടത്താന്‍ ഈ റേഡിയോയ്ക്ക് സാധിക്കും. വ്യക്തത ആണ് ഈ പ്രക്ഷേപണ വിദ്യയുടെ പ്രധാന ആകര്‍ഷണം.

ഇതില്‍ ശബ്ദതരംഗങ്ങളുടെ നീളം കുറവായതുകൊണ്ട് അന്തരീക്ഷത്തിലെ തടസ്സങ്ങള്‍ ശബ്ദത്തെ വികലമാക്കില്ല. വിവിധ ചാനലുകള്‍ ഉള്ള സ്റ്റീരിയോ ശബ്ദം അതേ പടി പ്രക്ഷേപണം ചെയ്യാന്‍ സാധിക്കും എന്ന് റേഡിയോ മാങ്കോ അവകാശപ്പെടുന്നുണ്ട്.

ശബ്ദ വിന്യാസത്തിന്‍റെ പുതിയ സാങ്കേതികവിദ്യ റേഡിയോ മാങ്കോ സ്റ്റേഷനുകളില്‍ ഉപയോഗിക്കുന്നുണ്ട്. ഒരേ സമയം പത്ത് ശ്രോതാക്കള്‍ക്ക് അവതാരകരുമായി ഫോണ്‍ വഴി സംസാരിക്കാന്‍ ഓരോ സ്റ്റുഡിയോയീലും സംവിധാനം ഒരുക്കിയിട്ടുണ്ട്.

റേഡിയോ മാങ്കോയില്‍ പാട്ട് മാത്രമല്ല നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഭവങ്ങളും വിവിധ വിഷയങ്ങളെ കുറിച്ച് പൊതുജനത്തിനുള്ള പ്രതികരണവും എല്ലാം അപ്പപ്പോള്‍ ശ്രോതാക്കളില്‍ എത്തിക്കാനും അതിനു കഴിയും.


87.5 മെഗാ ഹെട്‌സിനും 108.00മെഗാ ഹെട്‌സിനും ഇടയിലാണ് എഫ്.എം പ്രക്ഷേപണം നടത്താന്‍ കഴിയുക. എഡ്വിന്‍ ആംസ്ട്രോംഗ് എന്ന ശാസ്ത്രജ്ഞനാണ് എഫ്.എം സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.

മനോരമ കോഴിക്കോട്ടെ ബീച്ച് റോഡിലും കണ്ണൂരിലെ മസ്കറ്റ് സ്ക്വയറിലും തൃശൂരില്‍ മനോരമ ഓഫീസിലും കൊച്ചിയില്‍ ഗിരിനഗറിലും റേഡിയോ മാങ്കോയുടെ ഓഫീസ് തുറന്നിട്ടുണ്ട്.

റേഡിയോ കേരളത്തില്‍ തിരിച്ചു വരുന്നു എന്നതിന്‍റെ സൂചനയാണ് മനോരമയുടെ റേഡിയോ മാങ്കോ. തൊട്ടു പിന്നാലെ മാതൃഭൂമിയുടേയും വിവിധ സ്ഥാപനങ്ങളുടേയും റേഡിയോകള്‍ കൂടി കേരളത്തില്‍ വരാനിരിക്കുകയാണ്.

മറ്റ് മാധ്യമങ്ങളില്‍ നിന്നും റേഡിയോയ്ക്കുള്ള ഒരു പ്രത്യേകത അത് തത്സമയവും കൂടെ കൊണ്ടുനടക്കാന്‍ പറ്റുന്നതുമാണ് എന്നതാണ്. ഓഫീസിലോ കിടപ്പു മുറിയിലോ റോഡിലോ ബസിലോ ഓട്ടോ റിക്ഷയിലോ ഒക്കെ സന്തത സഹചാരിയായി എഫ്.എം. റേഡിയോകള്‍ മാറുന്ന കാലം വിദൂരമല്ല.

കേരളം ഗ്രാമങ്ങള്‍ ഇല്ലാത്ത ചെറു ചെറു പട്ടണങ്ങളും നഗരങ്ങളും ആയി പിണഞ്ഞു കിടക്കുന്ന ഒരു വലിയ പ്രദേശമാണ്. ഇവിടെ എഫ്.എം റേഡിയോക്ക് വേരോടാന്‍ കഴിയും എന്നാണ് കരുതേണ്ടത്.

ദുബയിലും വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിച്ചു പരിചയമുള്ള റേഡിയോ ജോക്കികളാണ് മനോരമയുടെ റേഡിയോ മാങ്കോയ്ക്ക് പിന്നിലുള്ളത്.

ഒരിക്കലും തീരാത്ത മാമ്പഴ മാധുര്യം പകര്‍ന്ന് സ്വകാര്യ എഫ്.എം പ്രക്ഷേപണ രംഗത്ത് മനോരമ കൊടിവാഹനവുമായി കോഴിക്കോട്ട് നിന്നും യാത്ര തുടങ്ങിക്കഴിഞ്ഞു. മറ്റുള്ള എഫ്.എം ചാനലുകള്‍ക്കായി മലയാളി കാത്തിരിക്കുകയാണ്.



വെബ്ദുനിയ വായിക്കുക