ഗുജറാത്തില്‍ മുഖ്യമന്ത്രിയായി ഹാട്രിക് തികച്ച നരേന്ദ്രമോഡി ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി അധികാരമേറ്റിരിക്കുകയാണ്. മോഡിയുടെ രാഷ്ട്രീയജീവിതം വിശദമായി വിലയിരുത്തിയതിന് ശേഷം ചിന്തിച്ചാല്‍, ഒരു അഞ്ചുവര്‍ഷത്തെ ഭരണത്തിനായല്ല മോഡി എത്തിയിരിക്കുന്നത് എന്ന് മനസിലാക്കും. ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനത്തും ഒരു ഹാട്രിക് മോഡി സ്വപ്നം കാണുന്നുണ്ട്.
ചുമതലയേല്‍ക്കുന്ന ആദ്യദിനം തന്നെ അതിനുള്ള ലക്ഷണങ്ങള്‍ നല്‍കുന്നുണ്ട് നരേന്ദ്ര ദാമോദര്‍ദാസ് മോഡി. എട്ട് രാജ്യങ്ങളിലെ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഈ സ്ഥാനാരോഹണം. എല്ലാ രാജ്യങ്ങളുമായുമുള്ള സൌഹൃദവും സഹകരണവും എന്ന ചിന്തയ്ക്ക് പ്രധാനമന്ത്രി എന്ന നിലയിലുള്ള ആദ്യദിനം തന്നെ തുടക്കം കുറിക്കാന്‍ മോഡിക്ക് കഴിഞ്ഞു. പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ ഇതുപോലെ ഇന്ത്യയില്‍ കൊണ്ടുവരണമെന്ന് ആഗ്രഹിക്കാന്‍ മാത്രമേ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കഴിഞ്ഞിരുന്നുള്ളൂ എന്നോര്‍ക്കണം.
മുഖ്യമന്ത്രിയായിരുന്ന 12 വര്‍ഷം ഒരു ദിവസം പോലും അവധിയെടുക്കാതെ ജോലിചെയ്ത നരേന്ദ്രമോഡി സമാനമായ പ്രവര്‍ത്തനശൈലിയായിരിക്കും പ്രധാനമന്ത്രിയായും പുലര്‍ത്തുക. പ്രധാനമന്ത്രിയായി തൊട്ടടുത്ത മണിക്കൂറില്‍ തന്നെ കര്‍മ്മനിരതനാവുക. പരമാവധി വേഗത്തില്‍ സമൂലമായ മാറ്റം കൊണ്ടുവരുക. എല്ലാ വകുപ്പുകളിലെയും സെക്രട്ടറിമാരോട് അത്യാവശ്യമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടത് ഇതിന്‍റെ ഭാഗമായാണ്.
തന്‍റെ പേരില്‍ ആരോപിക്കപ്പെട്ടിട്ടുള്ള പലകാര്യങ്ങളും തെറ്റാണെന്ന് തെളിയിക്കേണ്ടത് നരേന്ദ്രമോഡിയുടെ ബാധ്യതയായി മാറുമെന്നത് ഉറപ്പാണ്. അതുകൊണ്ടുതന്നെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ നരേന്ദ്രമോഡി സര്‍ക്കാരിന്‍റെ ഏറ്റവും പ്രധാന നയമായിരിക്കും. അതുപോലെ, വിലക്കയറ്റ നിയന്ത്രണവും പശ്ചാത്തല സൌകര്യ വികസനവും ഈ സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്ന പ്രധാന മേഖലകളായിരിക്കും.
എല്ലാ വിഭാഗം ജനങ്ങളുടെയും പ്രധാനമന്ത്രിയാവുക എന്ന വാഗ്‌ദാനം നരേന്ദ്രമോഡി പാലിച്ചാല്‍ പ്രധാനമന്ത്രിപദത്തില്‍ ഹാട്രിക് തികയ്ക്കുക എന്ന സ്വപ്നനേട്ടം അദ്ദേഹത്തിന് അപ്രാപ്യമാകില്ല എന്നുകരുതാം.