ചെന്നിത്തലയെ വീഴ്ത്താന്‍ ക്രിസ്ത്യന്‍ സഭകള്‍

Webdunia
തിങ്കള്‍, 28 മാര്‍ച്ച് 2011 (14:40 IST)
PRO
രമേശ് ചെന്നിത്തല ഇത്രയും കരുതിയിട്ടുണ്ടാകില്ല. ഉമ്മന്‍‌ചാണ്ടി പാമൊലിന്‍ കേസില്‍ പ്രതിയായാല്‍ അടുത്ത മുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കാമെന്ന കണക്കുകൂട്ടലാണ് ചെന്നിത്തലയെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് നയിച്ചതെന്ന് വ്യക്തം. എന്നാല്‍ അത് ക്രിസ്ത്യന്‍ സഭകളുടെ കോപത്തിന് വഴിവയ്ക്കുമെന്ന് ചെന്നിത്തല വിചാരിച്ചിട്ടുണ്ടാകില്ല.

ഉമ്മന്‍‌ചാണ്ടിയെ മാറ്റിനിര്‍ത്തി മുഖ്യമന്ത്രിയാകാനാണ് രമേശ് ചെന്നിത്തല ശ്രമിക്കുന്നതെന്ന വികാരമാണ് ക്രിസ്ത്യന്‍ സഭകള്‍ക്കുള്ളത്. ഇത് ഹരിപ്പാട് മണ്ഡലത്തില്‍ പ്രതിഫലിച്ചാല്‍ ചെന്നിത്തലയ്ക്ക് വിജയം എളുപ്പമാകില്ല. ഉമ്മന്‍‌ചാണ്ടിയുടെ വഴിമുടക്കുന്ന ചെന്നിത്തലയ്ക്ക് വോട്ട് നല്‍കേണ്ടതില്ലെന്ന് ചില സഭകള്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഓര്‍ത്തഡോക്സ് സഭാനേതൃത്വം രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസിനുമെതിരെ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു. സഭാംഗങ്ങള്‍ യു ഡി എഫിന് വോട്ടുചെയ്യുമെന്ന് പറയാനാകില്ലെന്നാണ് നേതൃത്വം പറയുന്നത്. സീറ്റുകള്‍ നിശ്ചയിച്ചപ്പോള്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് കോണ്‍ഗ്രസ് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന പരാതിയും അവര്‍ക്കുണ്ട്.

എന്നാല്‍ നായര്‍ സമുദായം രമേശ് ചെന്നിത്തലയുടെ വിജയത്തിനായി ഹരിപ്പാട് വലിയ നീക്കങ്ങള്‍ നടത്തുന്നതായാണ് സൂചന. സമീപ കാലങ്ങളിലെല്ലാം മറ്റ് മതസ്ഥരും ഇതര സമുദായങ്ങളില്‍ പെട്ടവരുമാണ് മുഖ്യമന്ത്രിമാരായതെന്നും ഇനി ഒരു നായര്‍ മുഖ്യമന്ത്രി വരണമെന്നുമാണ് എന്‍ എസ് എസ് ആഗ്രഹിക്കുന്നത്. എന്തായാലും സമുദായങ്ങളുടെ വടം‌വലി മൂര്‍ച്ഛിക്കുമ്പോള്‍ അന്തിമജയം ആര്‍ക്കെന്നതിനെ ആശ്രയിച്ചിരിക്കും രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് വിജയം.