ചപ്പാത്തി മാത്രമല്ല, ജയിലില്‍ നിന്ന് പന്നിയും

Webdunia
വെള്ളി, 23 മാര്‍ച്ച് 2012 (10:02 IST)
PRO
PRO
സംസ്ഥാനത്തെ സെന്‍‌ട്രല്‍ ജയിലുകളില്‍ പന്നിവളര്‍ത്തല്‍ ആരംഭിക്കുന്നു. ജയിലുകള്‍ നടത്തിക്കൊണ്ട് പോകാന്‍ ഏറെ ചെലവുണ്ട്, എന്നാല്‍ വരുമാനം ഒട്ടും ഇല്ലതാനും. ഇതൊഴിവാക്കാനാണ് വിവിധ വരുമാന മാര്‍ഗങ്ങള്‍ ജയിലുകളില്‍ കൈക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ തന്നെ ചപ്പാത്തിയും കോഴിക്കൃഷിയും ജയിലുകളില്‍ ഉണ്ട്. ഇതിന് പിന്നാലെയാണ് പന്നിവളര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ആദ്യം സെന്‍‌ട്രല്‍ ജയിലുകളില്‍ മാത്രമാണ് പന്നിവളര്‍ത്തല്‍ ആരംഭിക്കുക. തുടര്‍ന്നത് ജില്ലാ ജയിലുകളിലേക്കും വ്യാപിപ്പിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ ഉണ്ടാകും എന്നറിയുന്നു.

ജയിലില്‍ തയ്യാറാക്കുന്ന ചപ്പാത്തിക്കും കോഴിക്കും നല്ല ആവശ്യക്കാരുണ്ടത്രേ. മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളിലും ഇപ്പോള്‍ ചപ്പാത്തി ഉണ്ടാക്കുന്നുണ്ട്. തിരുവനന്തപുരത്ത് കോഴിക്കറിയും വില്‍ക്കുന്നുണ്ട്. ദിവസവും ഇവിടെ 30,000 ഓളം ചപ്പാത്തിയും കോഴിക്കറിയും വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. തൃശൂരില്‍ ഇത് 15,000 ചപ്പാത്തി ദിവസവും വിറ്റഴിയുന്നുണ്ട്.

പന്നിവളര്‍ത്താനുള്ള അധികൃതരുടെ നീക്കം ചില തടവുകാരില്‍ ആശങ്ക ഉണര്‍ത്തുന്നുണ്ട്. ചപ്പാത്തിയും കോഴിക്കറിയും വില്‍‌പനയ്ക്ക് വേണ്ടിയാണ് ഉണ്ടാക്കുന്നതെങ്കിലും ജയിലിലെ തടവുകാര്‍ക്കും ജീവനക്കാര്‍ക്കും ഇവ വിളമ്പുന്നുണ്ട്. അതുപോലെ, പന്നിവളര്‍ത്തല്‍ ഒരു ഘട്ടമെത്തിയാല്‍ പന്നിയിറച്ചിക്കറി ജയിലില്‍ വിളമ്പിയേക്കുമോ എന്നാണെത്രെ ഇവരുടെ ആശങ്ക.

ഒരു മതവിഭാഗത്തിന് നിഷിദ്ധമായ മാംസമാണ് പന്നിയിറച്ചി. എന്തായാലും. ജയിലില്‍ പന്നിമാംസം വില്‍‌ക്കാനോ പാചകം ചെയ്ത് വിളമ്പാനോ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം.