ഗാന ഗന്ധര്‍വന് പിറന്നാള്‍!

Webdunia
KBJWD
മലയാളത്തിന്‍റെ ഗാന ഗന്ധര്‍വന്‍ കെ ജെ യേശുദാസിന് ഇന്ന് പിറന്നാള്‍. പ്രിയപ്പെട്ടവരുടേതിനേക്കാള്‍ പരിചിതമായ ആ ഗന്ധര്‍വനാദത്തിന് 2009 ജനുവരി 10ന് 69 വയസ് തികയുന്നു.

പ്രായം കൂടും തോറും കാലം സ്ഫുടം ചെയ്തെടുക്കുന്ന ശബ്ദ സൌകുമാര്യമുള്ള ഗാന ഗന്ധര്‍വന് ഇനിയും അനേകം പിറന്നാള്‍ ഉണ്ടാവട്ടെ എന്ന ആശംസയാണ് സംഗീത ലോകം നല്‍കുന്നത്.

ത്രിസ്ഥായി ശബ്ദത്തില്‍ പാടാന്‍ കഴിയുന്ന അപൂര്‍വ്വം ഗായകരില്‍ ഒരാളാണ് യേശുദാസ്. അസമീസ് കശ്മീരി എന്നീ രണ്ട് ഇന്ത്യന്‍ ഭാഷകളില്‍ മാത്രമാവും യേശുദാസ് ഗാനമാലപിക്കാതിരുന്നത്. ശബരിമലയില്‍ അയ്യപ്പന്‍റെ ഉറക്കുപാട്ടായ ഹരിവരാസനം കേള്‍ക്കുമ്പോള്‍ അവാച്യമായ അനുഭൂതി അനുഭവപ്പെടാത്ത ഭക്തരുണ്ടാവില്ല.

യേശുദാസിന്‍റെ ശബ്ദമില്ലാത്ത കേരളമില്ല. ഇന്ത്യയിലുടനീളം കേള്‍ക്കുന്ന ഗാന മധുരിമയില്‍ ഈ ശബ്ദ സൌകുമാര്യം നിറഞ്ഞു നില്‍ക്കുന്നു. ഹിന്ദിയില്‍ റാഫിക്കുശേഷം കേട്ട ശ്രുതി മധുരമായ ശബ്ദം യേസുദാസിന്‍റേതാണ്. ഹിന്ദിയിലെ സംഗീതകാരന്‍‌മാര്‍ അദ്ദേഹത്തെ വേണ്ടവിധം ഉപയോഗിച്ചില്ല എന്നത് വേറെകാര്യം.

PRO
അനുഗ്രഹീത നടനും ഗായകനും ആയിരുന്ന യശ:ശരീരനായ അഗസ്റ്റിന്‍ ജോസഫിന്‍റെയും എലിസബത്തിന്‍റെയും അഞ്ചുമക്കളില്‍ മൂത്ത പുത്രനായി 1940 ജനുവരി പത്താം തീയതി തീയതി എറണാകുളം ജില്ലയിലെ ഫോര്‍ട്ട് കൊച്ചിയിലാണ് യേശുദാസ് ജനിച്ചത്.

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തൃപ്പൂണിത്തുറ ആര്‍.എന്‍.വി സംഗീത അക്കാദമിയിലും തിരുവനന്തപുരം സ്വാതിതിരുനാല്‍ സംഗീത അക്കദമിയിലും നിന്ന് കര്‍ണ്ണാടക സംഗീതം പഠിച്ചു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെയും ശിഷ്യനായിരുന്നു യേശുദാസ്.

അക്കാലത്ത് കെ.എസ്.ആന്‍റണി എന്ന സംവിധായകന്‍റെ ക്ഷണമനുസരിച്ച് നസിയത്ത് നിര്‍മ്മിച്ച "കാല്‍പ്പാടുകള്‍' എന്ന ചിത്രത്തിനുവേണ്ടി എം.ബി.ശ്രീനിവാസന്‍ സംഗീതം നല്‍കിയ നാലുവരികള്‍ 1962 ല്‍ (ജാതിഭേദം മതദ്വേഷം...) ആദ്യമായി ആലപിച്ചു. എങ്കിലും പുറത്തുവന്ന ആദ്യചിത്രം "ശ്രീകോവില്‍' ആയിരുന്നു. ദക്ഷിണാമൂര്‍ത്തിയായിരുന്നു അതിന്‍റെ സംഗീത സംവിധായകന്‍.

ശബ്ദ നിയന്ത്രണത്തിലും ഭാവസ്ഫുരണത്തിലും അക്ഷര സ്ഫുടതയിലുമെല്ലാം തികഞ്ഞ നിഷ്കര്‍ഷത പാലിക്കുന്ന യേശുദാസ് തന്‍റെ മനോഹരമായ ശബ്ദം കൊണ്ട് മലയാള സിനിമാ സംഗീതത്തിന് നല്‍കിയിട്ടുള്ള സംഭാവനകള്‍ അവിസ്മരണീയമാണ്.

മലയാളം, തമിഴ്, കന്നഡ, ഹിന്ദി, മറ്റ് ഭാരതീയ ഭാഷകളിലായി അമ്പതിനായിരത്തിലേറെ ഗാനങ്ങള്‍ പാടി റിക്കാര്‍ഡ് ചെയ്തു. ഏറ്റവുമധികം തവണ കേരളസംസ്ഥാന ചലച്ചിത്ര ഗായക അവാര്‍ഡും വിവിധ സംസ്ഥാനങ്ങളുടേതും പ്രസ്ഥാനങ്ങളുടേതുമായി മറ്റനേകം അവാര്‍ഡുകളും നേടി.

1973 ല്‍ പത്മശ്രീ ബഹുമതിയും നേടി. 1971 ല്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി പ്രവര്‍ത്തിച്ചു. കേരളത്തിലെ ആസ്ഥാന ഗായകനായും യേശുദാസിനെ തെരഞ്ഞെടുത്തു. തരംഗിണി സ്റ്റുഡിയോ, തരംഗിണി റിക്കാര്‍ഡ്സ് എന്നിവയുടെ സ്ഥാപകനുമാണ് യേശുദാസ്.

PRO
1999 ല്‍ രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ പത്മഭൂഷണ്‍ ലഭിച്ചു.സംഗീതം തൊഴിലായി സ്വീകരിച്ച് ജീവിത മാര്‍ഗ്ഗം കണ്ടെത്താന്‍ സംഗീത വാസനയുള്ള പല വിദ്യാര്‍ത്ഥികളെയും വാര്‍ത്തെടുക്കാന്‍ സഹായിച്ച "നിസരി' സംഗീത സ്കൂളിന്‍റെ സ്ഥാപകനുമാണ് യേശുദാസ്.

കവിയുടെ വരികള്‍ക്ക് ആവശ്യമായ ഭാവങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടും അതിലെ രാഗനിഷ്ഠകളോട് പരിപൂര്‍ണ്ണമായി നീതിപുലര്‍ത്തിക്കൊണ്ടും പുതിയ ഒരു സൃഷ്ടിയാണ് യേശുദാസ് സംഗീത സംവിധായകര്‍ക്ക് നല്‍കുന്നത്.

മൂന്നു സ്ഥായികളാലും ഒരേ മികവോടെ പാടാന്‍ കഴിയുന്ന അപൂര്‍വ ഗായകരിലൊരാളാണ് യേശുദാസ്.

കര്‍ണ്ണാടക - ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏതു രാഗവും അനായാസമായി പാടിഫലിപ്പിക്കാനും ഇദ്ദേഹത്തിനു കഴിയും. കന്നഡയിലും തമിഴിലും ഇംഗ്ളീഷിലും ഹിന്ദിയിലും ഒരേ മികവോടെ പാടാന്‍ കഴിയുന്നുവെന്നത് യേശുദാസ് എന്ന ഗായകന്‍റെ മികവിനെയാണ് കാണിക്കുന്നത്.

സംഗീതഗാനാലാപത്തിനോടൊപ്പം അനേകം ഭക്തി ഗാനങ്ങളും യേശുദാസ് പാടിയിട്ടുണ്ട്. യേശുദാസിന്‍റെ "കേരളം കേരളം.....', "സരസ്വതീയാമം കഴിഞ്ഞൂ...', "ആറാട്ടിനാനകള്‍ എഴുന്നള്ളീ..', "പുലയനാര്‍ മണിയമ്മ....', "ഉത്തരാസ്വയംവരം...' തുടങ്ങി അനേകം ഗാനങ്ങള്‍ മലയാളിയുടെ മനസ്സില്‍ എന്നും മായാതെ നില്‍ക്കുന്നവയാണ്.

പ്രഭയാണ് യേശുദാസിന്‍റെ ഭാര്യ. വിനോദ്, വിജയ്, വിശാല്‍ എന്നിവര്‍ മക്കളാണ്. പിതാവിന്‍റെ പാതയെ പിന്‍തുടര്‍ന്ന് വിജയും ഗാനാലാപന രംഗത്തുണ്ട്.