1954 ലെ തിരു-കൊച്ചി നിയമസഭയിലേക്കായിരുന്നു ആദ്യ മത്സരം. ചങ്ങനാശേരി താലൂക്കിലെ ചിറക്കടവ്, വാഴൂര്‍, നെടുങ്കുന്നം വില്ലേജുകള്‍ ചേരുന്നതായിരുന്നു അന്ന് വാഴൂര്‍ മണ്ഡലം. കന്നിയങ്കത്തില്‍ വിജയം അദ്ദേഹത്തിനൊപ്പമായിരുന്നു. വാഴൂര്‍ നിയോജകമണ്ഡലത്തില്‍നിന്ന് 1954 ലെ തിരു -കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പില്‍ പിഎസ്പി സ്ഥാനാര്‍ഥിയായിട്ടായിരുന്നു മത്സരം. ആ തിരഞ്ഞെടുപ്പിന് ഏറെ പ്രത്യേകതകളുമുണ്ടായിരുന്നു. ആദ്യ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനു 14,489 വോട്ടും എതിര്‍സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ പി എ നാരായണനു 13,422 വോട്ടും ലഭിച്ചു. 1954 മാര്‍ച്ചില്‍ തിരു - കൊച്ചിയിലെ അവസാന നിയമസഭയില്‍ പ്രോടെം സ്പീക്കര്‍ ടിഎസ് രാമസ്വാമി പിള്ളയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി 1965 ല്‍ വിജയിച്ചുവെങ്കിലും അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്താതെ നിയമസഭ പിരിച്ചുവിട്ടു. ആര്‍ക്കും ഭൂരിപക്ഷം കിട്ടാതെ വന്നതിനാലാണ് അന്ന് മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയാതിരുന്നത്.1991 മുതല്‍ 96 വരെ ഡപ്യൂട്ടി സ്പീക്കറായിരുന്നു. കേരളപ്പിറവിക്കു ശേഷമുള്ള തിരഞ്ഞെടുപ്പുകളില്‍ ഒന്‍പതു തവണ മത്സരിച്ചു. ഇതില്‍ രണ്ടു തവണ പരാജയപ്പെട്ടു. 1973-76 കാലയളവില്‍ പെറ്റീഷന് കമ്മിറ്റി ചെയര്മാന്, 1976-77 കാലയളവില്‍ ഹൗസ് കമ്മറ്റി ചെയര്മാന് എന്നീ നിലകളിലും പ്രവർത്തിച്ചു. കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗമായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
ആറു തവണ വാഴൂര്‍ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. നാലു തവണ മന്ത്രിയായി. കെ നാരായണക്കുറുപ്പ് രാഷ്ട്രീയത്തില്‍ നിന്നു വിടവാങ്ങിയപ്പോള്‍ മകന് എന്‍. ജയരാജ് അച്ഛന്റെ പിന്‍ഗാമിയായി, എംഎല്‍എയായി. പൊതുപ്രവര്‍ത്തനത്തിലൂടെ ഉയരങ്ങള്‍ കീഴടക്കിയപ്പോഴും കെ നാരായണക്കുറുപ്പിന് സാധാരണക്കാരന്റെ മനസില്‍ അദ്ദേഹത്തിന് ഒരു സ്ഥാനമുണ്ടായിരുന്നു. സ്വത:സിദ്ധമായ ഫലിതബോധവും എന്തും നിര്‍ഭയം പൊതുജനമധ്യത്തില്‍ പറയാനുള്ള ആര്‍ജവവും ജന്മസിദ്ധമായിരുന്നു. അതു തന്നെയാണ് ആ തറവാട്ടു കാരണവരെ വാഴൂരിന്റെ പ്രിയപ്പെട്ട കുറുപ്പ് സാര്‍ ആക്കിയതും. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ നഷ്ടമായത് നിര്‍ഭയനായ ജനനേതാവിനെ.