കേരളം ജനിക്കും മുന്‍‌പേ ജനപ്രതിനിധി; ഓര്‍മ്മയായത് വാഴൂരിന്റെ രാഷ്ടീയ കാരണവര്‍

ബുധന്‍, 26 ജൂണ്‍ 2013 (15:35 IST)
PRO
PRO
കെ നാരായണക്കുറുപ്പ് എന്ന രാഷ്ട്രീയക്കാരനെ കേരളം അടയാളപ്പെടുത്തുക വെറും ജനപ്രതിനിധി എന്ന പേരിലാവില്ല. ചങ്കൂറ്റത്തിന്റെയും ഭയമില്ലായ്മയുടെയും ആള്‍ രൂപം, കേരളം സംസ്ഥാനം രൂപീകരിക്കും മുന്‍‌പേ ജനപ്രതിനിധി. ചമ്പക്കര നടമേല്‍ കുടുംബത്തിലെ കാരണവര്‍ നാട്ടുകാര്‍ക്ക് 'കുറുപ്പ് സാര്‍‘ ആയിരുന്നു. ഇതൊക്കെയാണ് കെ നാരായണക്കുറുപ്പ് എന്ന മുന്‍‌മന്ത്രിയെ മറ്റു ജനപ്രതിനിധികളില്‍നിന്ന് വേര്‍തിരിച്ചു നിര്‍ത്തിയിരുന്നത്. എന്തുപ്രശ്നവും നാട്ടുകാര്‍ക്ക് ആ തറവാട്ട് മുറ്റത്ത് ചെന്ന് ആ കാരണവരോട് പറയാമായിരുന്നു. ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും അതിനു തടസമായിരുന്നില്ല, ആ പ്രശ്നം നാരായണക്കുറുപ്പ് പരിഹരിച്ചു നല്‍കുമായിരുന്നു. വാഴൂര്‍ മണ്ഡലത്തിലെ ഓരോരുത്തരെയും പേരെടുത്ത് വിളിക്കാന്‍ മാത്രം അടുപ്പം അദ്ദേഹത്തിനുണ്ടായിരുന്നു.

1927 ഒക്ടോബര്‍ 23ന് കറുകച്ചാലില്‍ കെ പി കൃഷ്ണന്‍ നായരുടെയും കുട്ടിയമ്മയുടെയും മകനായി ജനനം. 1954 ല്‍ വക്കീ‍ലായി എന്‍‌റോള്‍ ചെയ്തു. ഇരുപത്തിയാറാം വയസിലാണ് അദ്ദേഹം പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. ചെന്നൈ, മുംബൈ, പുണെ എന്നിവിടങ്ങളിലായിരുന്നു ഉപരി പഠനം. എംഎയും നിയമ ബിരുദവും നേടി. റാം മനോഹര്‍ ലോഹ്യയുമായുള്ള അടുപ്പം കടുത്ത സോഷ്യലിസ്റ്റ് ചിന്തക്കാരനാക്കി. എന്‍എസ്എസ് കോളജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങി. 1977 മുതല്‍ 79 വരെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. 23 വര്‍ഷം കറുകച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റായി. 1963, 70, 77, 91, 2001 കാലയളവുകളില്‍ നിയമസഭയില്‍ അംഗമായിരുന്നു.

നിര്‍ഭയനായ ജനനേതാവ്- അടുത്ത പേജില്‍


PRO
PRO
1954ലെ തിരു-കൊച്ചി നിയമസഭയിലേക്കായിരുന്നു ആദ്യ മത്സരം. ചങ്ങനാശേരി താലൂക്കിലെ ചിറക്കടവ്, വാഴൂര്‍, നെടുങ്കുന്നം വില്ലേജുകള്‍ ചേരുന്നതായിരുന്നു അന്ന് വാഴൂര്‍ മണ്ഡലം. കന്നിയങ്കത്തില്‍ വിജയം അദ്ദേഹത്തിനൊപ്പമായിരുന്നു. വാഴൂര്‍ നിയോജകമണ്ഡലത്തില്‍നിന്ന് 1954 ലെ തിരു -കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പില്‍ പിഎസ്പി സ്ഥാനാര്‍ഥിയായിട്ടായിരുന്നു മത്സരം. ആ തിരഞ്ഞെടുപ്പിന് ഏറെ പ്രത്യേകതകളുമുണ്ടായിരുന്നു. ആദ്യ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനു 14,489 വോട്ടും എതിര്‍സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ പി എ നാരായണനു 13,422 വോട്ടും ലഭിച്ചു. 1954 മാര്‍ച്ചില്‍ തിരു - കൊച്ചിയിലെ അവസാന നിയമസഭയില്‍ പ്രോടെം സ്പീക്കര്‍ ടിഎസ് രാമസ്വാമി പിള്ളയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി 1965 ല്‍ വിജയിച്ചുവെങ്കിലും അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്താതെ നിയമസഭ പിരിച്ചുവിട്ടു. ആര്‍ക്കും ഭൂരിപക്ഷം കിട്ടാതെ വന്നതിനാലാണ് അന്ന് മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയാതിരുന്നത്.1991 മുതല്‍ 96 വരെ ഡപ്യൂട്ടി സ്പീക്കറായിരുന്നു. കേരളപ്പിറവിക്കു ശേഷമുള്ള തിരഞ്ഞെടുപ്പുകളില്‍ ഒന്‍പതു തവണ മത്സരിച്ചു. ഇതില്‍ രണ്ടു തവണ പരാജയപ്പെട്ടു. 1973-76 കാലയളവില്‍ പെറ്റീഷന്‍ കമ്മിറ്റി ചെയര്‍മാന്‍, 1976-77 കാലയളവില്‍ ഹൗസ് കമ്മറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവർത്തിച്ചു. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

ആറു തവണ വാഴൂര്‍ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. നാലു തവണ മന്ത്രിയായി. കെ നാരായണക്കുറുപ്പ് രാഷ്ട്രീയത്തില്‍ നിന്നു വിടവാങ്ങിയപ്പോള്‍ മകന്‍ എന്‍. ജയരാജ് അച്ഛന്റെ പിന്‍ഗാമിയായി, എംഎല്‍എയായി. പൊതുപ്രവര്‍ത്തനത്തിലൂടെ ഉയരങ്ങള്‍ കീഴടക്കിയപ്പോഴും കെ നാരായണക്കുറുപ്പിന് സാധാരണക്കാരന്റെ മനസില്‍ അദ്ദേഹത്തിന് ഒരു സ്ഥാനമുണ്ടായിരുന്നു. സ്വത:സിദ്ധമായ ഫലിതബോധവും എന്തും നിര്‍ഭയം പൊതുജനമധ്യത്തില്‍ പറയാനുള്ള ആര്‍ജവവും ജന്മസിദ്ധമായിരുന്നു. അതു തന്നെയാണ് ആ തറവാട്ടു കാരണവരെ വാഴൂരിന്റെ പ്രിയപ്പെട്ട കുറുപ്പ് സാര്‍ ആക്കിയതും. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ നഷ്ടമായത് നിര്‍ഭയനായ ജനനേതാവിനെ.

വെബ്ദുനിയ വായിക്കുക