എന്തേ ‘പ്രേമ’ത്തിന് അവാര്‍ഡില്ലാത്തത്? ഗജിനിയുടെയും തുപ്പാക്കിയുടെയും സംവിധായകന്‍ ചോദിക്കുന്നു! ‘പ്രേമ’ത്തിന് ജനപ്രീതിയില്ലെന്നുപറഞ്ഞ ജൂറി എന്ത് മറുപടി പറയും?

ശരത് ശങ്കര്‍
ബുധന്‍, 2 മാര്‍ച്ച് 2016 (18:11 IST)
‘പ്രേമം’ എന്ന എക്കാലത്തെയും വലിയ ഹിറ്റിന് സംസ്ഥാന അവാര്‍ഡുകളില്‍ ഒന്നുപോലും നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്ന് തമിഴകത്തെ ബ്രഹ്മാണ്ഡചിത്രങ്ങളുടെ സംവിധായകന്‍ എ ആര്‍ മുരുഗദോസ്. ഇത് അനീതിയാണെന്നും മുരുഗദോസ്. ഒരു മലയാള ചിത്രത്തിന് കേരളത്തിന്‍റെ സംസ്ഥാന അവാര്‍ഡ് ലഭിക്കാത്തതില്‍ തമിഴകത്തെ വലിയ സംവിധായകന്‍ അമര്‍ഷം അറിയിച്ചത് കൌതുകമാണെങ്കിലും അതില്‍ ഒരു വാസ്തവമുണ്ട്. 
 
ചെന്നൈയില്‍ പ്രേമത്തിന്‍റെ പ്രദര്‍ശനം മൂന്നൂറ് ദിവസത്തോട് അടുക്കുമ്പോള്‍ അത് മറ്റൊരു മലയാള സിനിമയ്ക്കും അവകാശപ്പെടാനാകാത്ത നേട്ടമാണ്. മലയാളി പ്രേക്ഷകരെ മാത്രമല്ല, തമിഴ് പ്രേക്ഷകരുടെയും പ്രീതി പ്രേമം നേടി. തമിഴില്‍ ഈ ചിത്രത്തിന് റീമേക്ക് വേണ്ട എന്നാണ് തമിഴ് ജനത പറയുന്നത്. അത്രയധികം ഈ മലയാളചിത്രത്തെ അവര്‍ നെഞ്ചേറ്റിക്കഴിഞ്ഞു.
 
മലരിനെയും സെലിനെയും ജോര്‍ജ്ജിനെയുമൊക്കെ തമിഴകവും ആഘോഷമാക്കി. പ്രേമത്തിന്‍റെ ജനപ്രീതി കേരളക്കരയിലും തമിഴകത്തുമെല്ലാം അത്ഭുതമായി. അപ്പോഴാണ് സംസ്ഥാന അവാര്‍ഡ് ജൂറി പറയുന്നത് പ്രേമത്തിന് ജനപ്രീതിയില്ല എന്ന്. കഴിഞ്ഞ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ ചിത്രമായ പ്രേമത്തിന് ജനപ്രീതി നേടിയ ചിത്രത്തിനുള്ള പുരസ്കാരമില്ല.
 
അവാര്‍ഡ് നല്‍കിയില്ല എന്നതുപോകട്ടെ, പ്രേമം എന്ന ചിത്രത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കാനും ജൂറി ചെയര്‍മാന്‍ തയ്യാറായി. “ഒരു വിഭാഗത്തിലും പുരസ്കാരം ലഭിക്കാനുള്ള അര്‍ഹത പ്രേമത്തിനുണ്ടെന്ന് ജൂറിക്ക് തോന്നിയില്ല. ഒരു അവാര്‍ഡ് കൊടുക്കാന്‍ മാത്രം അതിലൊന്നുമില്ല. അതിനുള്ള ആവശ്യവുമില്ല. അതിനുള്ള നിലവാരം സിനിമയ്ക്കില്ല. നേരം എന്ന സിനിമയെ സമീപിച്ച രീതിയിലല്ല സംവിധായകന്‍ പ്രേമം ചെയ്തിരിക്കുന്നത്” - മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജൂറി ചെയര്‍മാന്‍ മോഹന്‍ പറയുന്നു.
 
കഴിഞ്ഞ വര്‍ഷത്തെ ജനപ്രീതി നേടിയ ചിത്രത്തെ തെരഞ്ഞെടുക്കുമ്പോള്‍ ഒരു സംവിധായകന്‍റെ മുന്‍ ചിത്രം എങ്ങനെ മാനദണ്ഡമാകും എന്നത് എത്ര ആലോചിച്ചാലും പിടികിട്ടാത്ത സംഗതിയാണ്. കഴിഞ്ഞ വര്‍ഷത്തെ ജനപ്രീതിയാണല്ലോ കണക്കിലെടുക്കേണ്ടത്. ജനപ്രീതിയുടെ കാര്യത്തില്‍ ജൂറിയുടെ അഭിപ്രായമല്ല ശരിയെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലുമറിയാം.
 
ഷങ്കറിനെയും മുരുഗദോസിനെപ്പോലെയുമുള്ള അന്യഭാഷാ സംവിധായകര്‍ പ്രേമം എന്ന ചിത്രത്തിന് നല്‍കുന്ന മൂല്യമാണ് അവരുടെ പ്രതികരണങ്ങളില്‍ നിന്ന് ബോധ്യപ്പെടുന്നത്. മുറ്റത്തെ മുല്ലയ്ക്ക് പണ്ടുമാത്രമല്ല, ഇപ്പോഴും മണം തീരെയില്ല!