ഇനിയുമുണ്ടോ മദനിയുടെ മാധ്യമക്കസര്‍ത്ത്

Webdunia
ശനി, 20 മാര്‍ച്ച് 2010 (14:47 IST)
PRO
കേരളത്തിലെ മാധ്യമങ്ങളെ തെരുവു നായ്ക്കളോട് ഉപമിച്ച പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി ഇനിയുമൊരു മാധ്യമക്കസര്‍ത്തിനു തയ്യാറാവുമോ? ലഷ്കര്‍-ഇ-തൊയ്ബ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്‍റവിട നസീര്‍ വെളിപ്പെടുത്തിയതായി പുറത്തു വന്ന കാര്യങ്ങള്‍ ഇത്തരമൊരു സാധ്യത തള്ളിക്കളയുന്നില്ല.

തനിക്ക് ഭീകരുമായി ബന്ധമില്ല എന്ന് സ്വയം വിളിച്ചുപറയുകയും കേരള സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയും രാഷ്ട്രീയവും നിയന്ത്രിക്കുന്ന വ്യക്തികള്‍ അതിന് പിന്തുണയെന്നോണം മദനി ‘പൂര്‍വാശ്രമത്തില്‍’ എന്തായിരുന്നാലും ഇപ്പോള്‍ പ്രശ്നക്കാരനല്ല എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിക്കുകയും ചെയ്തപ്പോള്‍ അത് വോട്ടിനു വേണ്ടി മാത്രമല്ല എന്ന് പൊതുജനങ്ങളില്‍ ചിലരെങ്കിലും ധരിച്ചുവശായിക്കാണും.

എന്നാല്‍, എന്‍‌ഐ‌എ എന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ വിദഗ്ധ കരങ്ങള്‍ പിടികൂടിയ ഒരുപിടി ആള്‍ക്കാര്‍ മദനി ശുദ്ധനല്ല എന്ന് വീണ്ടും തെളിയിക്കുന്നു. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈനുദ്ദീന്‍ എന്ന സത്താര്‍ ഭായ് ആണ് തനിക്ക് ബോംബ് ഉണ്ടാക്കാനുള്ള പരിശീലനം നല്‍കിയതെന്നും സൈനുദ്ദീനെ തനിക്ക് പരിചയപ്പെടുത്തിയത് മദനി ആണെന്നും തടിയന്റവിട നസീര്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. ഈ കുറ്റസമ്മതത്തിന് സാധാരണക്കാര്‍ കാണുന്ന അര്‍ത്ഥത്തിലും വലുതായി എന്തെങ്കിലും ഉണ്ടോ എന്ന് ‘മനുഷ്യ സ്നേഹത്തിന്റെ കഥകള്‍’ മാത്രം പറയാനുള്ള മദനി ഉടന്‍ മാധ്യമ സമ്മേളനം നടത്തി വെളിപ്പെടുത്തല്‍ നടത്തിയേക്കാം.

ഭീകര ബന്ധം ആരോപിക്കപ്പെടുമ്പോളെല്ലാം, ഭാര്യ സൂഫിയയെ കളമേശേരി ബസ് കത്തിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ വരെ, മദനി എന്ന സ്വയം അവരോധിത സമാധാനപ്രേമി മാധ്യമസമ്മേളനം നടത്തി സ്വന്തക്കാരുടെയെങ്കിലും കണ്ണ് നിറയ്ക്കാനുള്ള ‘ഷെല്‍ വര്‍ഷം’ നടത്തിയിരുന്നതാണ് ഇത്തരമൊരു മാധ്യമക്കസര്‍ത്തിനെ കുറിച്ച് വീണ്ടും പ്രതീക്ഷ നല്‍കുന്നത്.

പൂനെ സ്ഫോടന കേസില്‍ ഉള്‍പ്പെടെ ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന റിയാസ് ഭട്കലുമായുള്ള ബന്ധമാണ് നസീറിനെ പാക് തീവ്രവാദ സംഘടനയായ ലഷ്കര്‍-ഇ-തൊയ്ബയുമായി ബന്ധപ്പെടുത്തിയത് എന്നാണ് കരുതുന്നത്. ജയില്‍ മോചിതനായ മദനിയെ എന്‍‌ഐഎ പിടിയിലാ‍യ തടിയന്റവിട നസീറും ബാംഗ്ലൂരില്‍ പിടിയിലായ സത്താര്‍ ഭായിയും കൊച്ചിയിലെ വീ‍ട്ടില്‍ ചെന്ന് കണ്ടിരുന്നു എന്ന് നസീര്‍ വെളിപ്പെടുത്തിയത് അന്വേഷണം മദനിയിലേക്കും നീങ്ങുമെന്നതിന്റെ സൂചനയാണ്. ഇവിടെ മദനിയുടെ ‘പൂര്‍വാശ്രമ ചെയ്തികളും’ അന്വേഷണ സംഘം കീറിമുറിച്ചേക്കാം.

ലഷ്കര്‍-ഇ-തൊയ്ബയുടെ ദക്ഷിണേന്ത്യയിലെ ആസ്ഥാനം ഹൈദരാബാദാണെന്നും ആക്രമണ പദ്ധതികള്‍ നടപ്പാക്കാന്‍ ലഷ്കറിന് പത്തിലധികം കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ ഉണ്ട് എന്നും നസീര്‍ പറയുന്നു. ദക്ഷിണേന്ത്യയില്‍ മാത്രം രണ്ടു സംഘങ്ങളാണുള്ളതെന്നും ഈ രണ്ടു സംഘങ്ങള്‍ക്കും കേരളവുമായി അടുത്ത ബന്ധമാണുള്ളതെന്നും നസീര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പോരാത്തതിന്, മദനിയുടെ സഹായി ആയിരുന്ന യൂസഫ് എന്ന മണിയെ കശ്മീരിലേക്ക് അയയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍, മണി വിവാഹിതനായതിനാല്‍ പോകാന്‍ തയ്യാറായിരുന്നില്ല. ഇക്കാരണത്താല്‍ ഇതു പിന്നീട് ഉപേക്ഷിക്കുകയായിരുന്നു എന്നും നസീര്‍ പറഞ്ഞിട്ടുണ്ട്.

നിലവില്‍, മദനിയെ രക്ഷിക്കേണ്ടത് മദനിയുടെ മാത്രം കടമയായിരിക്കും. കാരണം, മദനിയുമായി അകലം പാലിക്കണമെന്ന് കേരളം ഭരിക്കുന്ന സിപി‌എമ്മിനോട് കേന്ദ്രഘടകം ആവശ്യപ്പെട്ടുകഴിഞ്ഞു. എന്നാല്‍, ജയില്‍ മോചിതനായ മദനിക്ക് തിരുവനന്തപുരത്ത് സര്‍ക്കാര്‍ നല്‍കിയ സ്വീകരണങ്ങള്‍ എന്തൊക്കെയായിരുന്നു!

വിമാനത്താവളത്തില്‍ എത്തിയ മദനിക്ക് കേരളം നല്‍കിയത് മുഖ്യമന്ത്രിക്ക് നല്‍കുന്ന സെഡ് പ്ലസ് സുരക്ഷ, കെടിഡിസി ഹോട്ടലില്‍ 6000 രൂപ ദിവസവാടകയുള്ള മുറി (ഇതേ മുറിയിലായിരുന്നു പ്രതിഭാ പാട്ടീല്‍ വോട്ടു തേടി കേരളത്തില്‍ എത്തിയപ്പോള്‍ തങ്ങിയത്!), ഹോട്ടലില്‍ കെടിഡിസി ചെയര്‍മാനും മന്ത്രി പ്രേമചന്ദ്രനും ചേര്‍ന്നായിരുന്നു ഹോട്ടലില്‍ മദനിയെ സ്വീകരിച്ചത്. അന്ന് വൈകിട്ടത്തെ ശംഖുമുഖം സ്വീകരണ യോഗത്തില്‍ മൂന്നു മന്ത്രിമാര്‍ പങ്കെടുത്തു - കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, എന്‍ കെ പ്രേമചന്ദ്രന്‍. ഉദ്ഘാടകന്‍ കോടിയേരിയായിരുന്നു. ഒട്ടേറെ എം എല്‍ എമാരും യോഗത്തില്‍ പങ്കെടുത്തു.

എന്തായാലും, മദനിയിലേക്ക് അന്വേഷണത്തിന്റെ കണ്ണികള്‍ നീളുന്തോറും കേരള സര്‍ക്കാരിന്റെ എന്‍‌ഐ‌എ വിരോധ പ്രസ്താവനകളും മദനിയുമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് കൂട്ടുകെട്ടും വീണ്ടും ചര്‍ച്ചാ വിഷയമാവുമെന്ന് തീര്‍ച്ച.