ആത്മഹത്യാക്കുറിപ്പ് എഴുതിയത് ഹരിദത്തോ?

Webdunia
ശനി, 17 മാര്‍ച്ച് 2012 (10:28 IST)
PRO
PRO
പാലക്കാട്ടെ പുത്തൂരിലെ ഷീലാ നമ്പ്യാരെ (47) കൊന്ന കേസില്‍ കസ്റ്റഡിയില്‍ എടുക്കപ്പെട്ട സമ്പത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍‌‌പ്പെടെയുള്ളവര്‍ ചിത്രവധം ചെയ്ത് കൊന്ന കേസ് അന്വേഷിച്ചിരുന്ന സിബിഐ എഎസ്‌പി പിജി ഹരിദത്ത് ആത്മഹത്യ ചെയ്തത് വ്യക്തിപരമായ കാരണങ്ങളാലാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ഉന്നതങ്ങളില്‍ ശ്രമം എന്ന് അഭ്യൂഹം. ആത്മഹത്യാക്കുറിപ്പ് എഴുതിയത് ഹരിദത്ത് ആണോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെന്നാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്.

ഹരിദത്ത്‌ തന്നെയാണോ ആത്മഹത്യാക്കുറിപ്പ്‌ എഴുതിയതെന്നു വ്യക്തമായശേഷമേ എന്തെങ്കിലും നടപടി സ്വീകരിക്കൂ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനായി ആത്മഹത്യാക്കുറിപ്പും ഹരിദത്തിന്റെ യഥാര്‍ഥ കൈപ്പടയിലുള്ള കുറിപ്പുകളും ചേര്‍ത്തുവച്ച്‌ പരിശോധന നടത്തുന്നതിനായി തിരുവനന്തപുരം ഫോറന്‍സിക്‌ ലാബിലേക്ക്‌ അയക്കുമെത്രെ. ആത്മഹത്യാക്കുറിപ്പ്‌ ഇപ്പോള്‍ കോടതിയില്‍ നല്‍കിയിരിക്കുകയാണ്‌.

രണ്ട് സി ബി ഐ ഉദ്യോഗസ്ഥരാണ് തന്‍റെ ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു ഹരിദത്തിന്‍റെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നത്. ഒരു ജഡ്ജിയെയും ഒരു അഭിഭാഷകനെയും കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. കേസ് അന്വേഷണ വേളയില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ഹരിദത്ത്. ഈ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ തനിക്ക് ജോലിയോ ചിലപ്പോള്‍ ജീവന്‍ പോലുമോ ഉണ്ടാകില്ലെന്ന് ഹരിദത്ത് ചില മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

എറണാകുളം ഞാറയ്ക്കലിലെ വീട്ടില്‍ വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ഹരിദത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമ്പത്ത് വധക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കാനുള്ള സമയം അടുത്തുവരവെയാണ് ഹരിദത്തിന്‍റെ മരണം സംഭവിച്ചിരിക്കുന്നത്.

അടുത്ത പേജില്‍ വായിക്കുക ‘ഷീലാ നമ്പ്യാരെ സമ്പത്ത് വധിച്ചത് എങ്ങനെ, എന്തിന്?’

PRO
PRO
ഷീലാ നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള കടയില്‍ അരമാസത്തോളം ജോലി നോക്കിയിട്ടുള്ള സമ്പത്തും (ഒന്നാം പ്രതി) കനകരാജും (രണ്ടാം പ്രതി) മണികണ്‌ഠനും (മൂന്നാം പ്രതി) പുത്തൂരിലെ ഷീല താമസിക്കുന്ന വീട്ടില്‍ 2010 മാര്‍ച്ച്‌ 23-ന്‌ എത്തി. മൂന്നാം പ്രതി മണികണ്‌ഠന്‍ പുറത്ത്‌ കാവല്‍ നിന്നു. ഒന്നും രണ്ടു പ്രതികള്‍ ചേര്‍ന്ന്‌ കോളിംഗ്‌ ബെല്ലടിച്ചു. ഷീല വാതില്‍ തുറന്ന ഉടനെ അവരെ തള്ളിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.

വീടിന് പുറത്തായിരുന്ന ഷീലയുടെ അമ്മ കാര്‍ത്യായനിയമ്മ ശബ്‌ദം കേട്ട്‌ വീടിനകത്തേക്ക്‌ കയറിവന്നപ്പോള്‍ കണ്ടത് ഷീലയെ പ്രതികള്‍ മര്‍ദ്ദിച്ചവശയാക്കി തോര്‍ത്ത്‌ മുണ്ടെടുത്ത്‌ രണ്ട്‌ കൈയ്യും കൂട്ടികെട്ടിയ ശേഷം വായ മൂടികെട്ടുന്നതാണ്‌ കണ്ടത്‌. അലറിക്കരഞ്ഞ കാര്‍ത്യായനിയമ്മയെ രണ്ടാം പ്രതി കനകരാജ്‌ കയ്യില്‍കിട്ടിയ ചായക്കപ്പ് കൊണ്ട്‌ തലക്കടിച്ച് പരുക്കേല്‍പ്പിച്ചു. സമ്പത്ത്‌ തോര്‍ത്ത്‌ മുണ്ട്‌ കൊണ്ട്‌ അവരുടെ വായ കെട്ടുകയും ചെയ്‌തു. ശേഷം അലമാര തുറന്ന്‌ 30,000 രൂപയും സ്വര്‍ണാഭരണങ്ങളും എടുത്തു.

ഷീലയുടെയും കാര്‍ത്യായനിയമ്മയുടെയും ദേഹത്തുള്ള ആഭരണങ്ങള്‍ സമ്പത്ത്‌ കൈക്കലാക്കി. ഇതിനിടെ, രണ്ടാം പ്രതി കനകരാജ്‌ അടുക്കളയില്‍ പോയി കറിക്കത്തി എടുത്ത്‌ വന്നു. ഷീലയുടെ കൈ രണ്ടും പുറകിലേക്ക്‌ വലിച്ച്‌ പിടിച്ച്‌ താടിയെല്ല്‌ പുറകിലേക്ക്‌ വലിച്ച്‌ പിടിച്ചു. സമ്പത്ത്‌ ഷീലയുടെ മുകളില്‍ കയറി ഇടത്തെ കാലിന്റെ മുട്ട്‌ വയറിലും വലത്തെകാലിന്റെ മുട്ട്‌ നെഞ്ചെത്തും വെച്ച്‌ കഴുത്തറുത്ത്‌ കൊന്നു. കറിക്കത്തിക്ക് മൂര്‍ച്ച ഇല്ലാതിരുന്നതിനാല്‍ സമയമെടുത്താണ്‌ സമ്പത്ത്‌ ഷീലയുടെ കഴുത്തറുത്തത്‌.

അടുത്ത പേജില്‍ വായിക്കുക ‘സമ്പത്തിനെ ഉരുട്ടിക്കൊല്ലുമ്പോള്‍ ഷീലയുടെ ഭര്‍ത്താവും ഉണ്ടായിരുന്നു!’

PRO
PRO
ഷീലാ വധക്കേസിലെ ഒന്നാം പ്രതിയായ ഹരിദത്ത് ആത്മഹത്യ ചെയ്യുകയും പ്രൊഫഷണല്‍ കാരണങ്ങളാലാണ് താന്‍ മരിക്കുന്നതെന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തതോടെ കേസിപ്പോള്‍ വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്. ആത്മഹത്യാക്കുറിപ്പില്‍ ഹരിദത്ത് പറയുന്ന സി‌ബി‌ഐ ഉദ്യോഗസ്ഥരും ജഡ്ജിയും അഭിഭാഷകനുമെല്ലാം ആരാണ്? കുറ്റാന്വേഷണ വാരികയായ ‘ക്രൈം’ ഇതുസംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. അതിലെ പ്രസക്ത ഭാഗങ്ങള്‍ ഇതാ:

“സമ്പത്ത്‌ ചിത്രവധത്തിനിരയായ മലമ്പുഴയിലെ ജലസേചന വകുപ്പിന്റെ ക്വാര്‍ട്ടേഴ്‌സില്‍ ഐപിഎസ്‌ ഓഫീസര്‍മാരായ വിജയ്‌ സാഖറെ, മുഹമ്മദ്‌ യാസിന്‍ എന്നിവരുടെയും കൊല്ലപ്പെട്ട ഷീലാ നമ്പ്യാരുടെ കോടീശ്വരനായ ഭര്‍ത്താവ്‌ ജയകൃഷ്‌ണന്റേയും ഷീലയുടെ സഹോദരനും അന്നത്തെ ടൂറിസം വകുപ്പ്‌ ജോ. സെക്രട്ടറിയുമായ സതീഷിന്റെയും സാന്നിദ്ധ്യം സംഭവസമയത്തുണ്ടായിരുന്നുവെന്ന്‌ സിബിഐക്ക്‌ ബോധ്യമായിട്ടുണ്ട്‌ (സതീഷ്‌ നമ്പ്യാര്‍ നിലവില്‍ കാസര്‍കോട്‌ കലക്‌ടറാണ്‌).”

“സമ്പത്ത്‌ വധത്തോടെ, ഷീലാ നമ്പ്യാര്‍ വധത്തിന്‌ പ്രാധാന്യം കുറഞ്ഞതായി കാണാം. ജയകൃഷ്‌ണന്റെ വീട്ടുവേലക്കാരിയെ പൊലീസ് സാക്ഷിപ്പട്ടികയില്‍ ചേര്‍ത്തില്ല! ഈ മുഖ്യസാക്ഷിയെ എന്തുകൊണ്ട്‌ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്നത്‌ ഡിവൈഎസ്‌പിക്കു മാത്രമറിയാവുന്ന സത്യം. സംഭവദിവസം വീടിന്റെ പരിസരത്തായി അയല്‍ക്കാര്‍ കണ്ടുവെന്ന്‌ മൊഴി നല്‍കിയ സാന്‍ട്രോ കാറിനെക്കുറിച്ച്‌ അന്വേഷണം നടത്തിയില്ല!! ഗൗരവതരമായ വീഴ്‌ചയായിരുന്നു ഇവയൊക്കെ!”

“കവര്‍ച്ച നടത്താന്‍ തീരുമാനിച്ചത്‌ മണികണ്‌ഠന്‌ ഓട്ടോറിക്ഷ വാങ്ങാനാണെന്നാണ്‌ പോലീസ്‌ വെളിപ്പെടുത്തല്‍. എന്നാല്‍ അത്‌ വിശ്വസനീയമായി ബോധ്യപ്പെടുത്താന്‍ സാധിച്ചില്ല. മണികണ്‌ഠന്‍ മുമ്പ്‌ ഓട്ടോറിക്ഷ ഓടിച്ചിരുന്നോ എന്നുപോലും കണ്ടെത്താനായില്ല! ഷീലാവധാന്വേഷണം തുടക്കത്തിലെ ഉത്സാഹത്തിമിര്‍പ്പിനു ശേഷം നിര്‍ജ്ജീവമായതിനു പ്രോസിക്യൂഷന്‍ കോടതിയില്‍ ഇരയായി. ശേഷിച്ച രണ്ടു പ്രതികളിലൊരാള്‍ രക്ഷപ്പെട്ടു! സമ്പത്ത്‌ വധമെന്ന അജണ്ട നടപ്പായതിനാല്‍ ഷീലാ വധന്വേഷണം പാതി വഴി നിലയ്‌ക്കുകയായിരുന്നോ? സംശയിക്കേണ്ടിയിരിക്കുന്നു” - ക്രൈം എഴുതുന്നു.

അടുത്ത പേജില്‍ വായിക്കുക ‘സമ്പത്തിന്റെ സഹോദരനെ സഹായിക്കുന്നത് സ്പിരിറ്റ് രാജാക്കന്മാര്‍!’

PRD
PRO
പുത്തൂര്‍ കേസ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത് മൂന്നാമത്തെ മരണത്തിലാണ്. ഷീലയെ സമ്പത്ത് കൊന്നു, സമ്പത്തിനെ പൊലീസ് കൊന്നു. ഇപ്പോള്‍, കേസന്വേഷണം നടത്തുന്ന സി‌ബി‌ഐ ഉദ്യോഗസ്ഥന്‍ സ്വയം കൊലപ്പെടുത്തുകയും ചെയ്തു. മാധ്യമങ്ങള്‍ ഇതിനൊന്നും വലിയ പ്രാധാന്യം കൊടുക്കുന്നില്ലെങ്കിലും ഈ പരമ്പര കൊലപാതകങ്ങളില്‍ എന്തൊക്കെയോ ദുരൂഹതകള്‍ ഉണ്ടെന്ന കാര്യം വ്യക്തം. ഇതുമായി ബന്ധപ്പെട്ട് ‘മലയാളം ടുഡേ’ നടത്തിയ അന്വേഷണം ഞട്ടിക്കുന്നതാണ്. അതിന്റെ പ്രസക്ത ഭാഗങ്ങളിതാ:

“സാമ്പത്തികമായി വളരെ പിന്നോക്കമുള്ള സമ്പത്തിന്റെ ബന്ധുക്കള്‍ക്ക് ഉന്നത നീതിപീഠങ്ങളെ വമ്പന്മാരായ അഭിഭാഷകരെ ഉപയോഗിച്ച് സമീപിക്കാനുള്ള സാമ്പത്തിക ശക്തി എവിടെ നിന്നു ലഭിച്ചു? കേസിന്റെ ഓരോ തലങ്ങളിലും സമ്പത്തിന്റെ സഹോദരന് ഉന്നതങ്ങളില്‍ ഇടപെടാനുള്ള സൗകര്യങ്ങള്‍ എങ്ങനെ ലഭിക്കുന്നു? സമ്പത്ത് കൊല്ലപ്പെട്ടതിനു ശേഷം ബന്ധുക്കള്‍ക്ക് പെട്ടെന്നുണ്ടായ സാമ്പത്തികവളര്‍ച്ചയുടെ പൊരുളെന്താണ്?”

“മലബാര്‍ സിമന്റ് സ്പിരിറ്റ് കേസില്‍ 40 പേരെയാണ് കേരളാ പൊലീസ് അറസ്റ്റുചെയ്തത്. സ്പിരിറ്റ് മാഫിയാ തലവന്മാരായ വമ്പന്മാരെയും അവരുടെ കൂട്ടാളികളേയും അറസ്റ്റ് ചെയ്തത് ദക്ഷിണേന്ത്യ ഭരിക്കുന്ന സ്പിരിറ്റ് മാഫിയക്ക് വന്‍ ആഘാതം ഏല്‍‌പ്പിച്ചു. രാഷ്ട്രീയത്തില്‍ സ്വാധീനമുള്ള പോലീസ് ബന്ധങ്ങളുള്ള ബാംഗ്ലൂര്‍ സ്വദേശിയെ പാലക്കാട് എസ് പി വിജയ് സാഖറെ മുംബൈയില്‍ ചെന്നാണ് അറസ്റ്റ് ചെയ്തത്. വിജയ് സഖാറെയുടെ പേര് അങ്ങനെ മാഫിയയുടെ ബ്ലാക്ക്‌ബുക്കിലായി.”

“വിയ്യൂര്‍ ജയിലില്‍ കഴിയവേയാണ് സ്പിരിറ്റ് മാഫിയാതലവനായ കര്‍ണാടകയിലെ പ്രമുഖന് ആ സന്ദേശമെത്തുന്നത്. പോലീസ് കസ്റ്റഡിയില്‍ സമ്പത്ത് കൊല്ലപ്പെട്ടിരിക്കുന്നു. പിന്നീടങ്ങോട്ട് മുഴുവന്‍ കാര്യങ്ങളുടേയും നിയന്ത്രണം ഈ അന്തര്‍സംസ്ഥാന സ്പിരിറ്റ് മാഫിയ ഏറ്റെടുത്തുവെന്നാണ് സൂചന. സമ്പത്തിന്റെ സഹോദരന്‍ മുരുകേശന് പിന്നീടങ്ങോട്ട് സാമ്പത്തികസഹായമത്രയും ചെയ്തത് ഇവരാണെന്ന സംശയം നാള്‍ക്കു നാള്‍ ബലപ്പെടുകയാണ്” - മലയാളം ടുഡേ എഴുതുന്നു.

അടുത്ത പേജില്‍ വായിക്കുക ‘ഷീലാ/സമ്പത്ത് വധക്കേസ് ഇപ്പോള്‍ എവിടെ എത്തി നില്‍‌ക്കുന്നു!’

PRO
PRO
ഷീലാ വധക്കേസിലെ രണ്ടാം പ്രതി കനകരാജ് (36) ഇപ്പോള്‍ വധശിക്ഷയും കാത്ത് ജയിലില്‍ കഴിയുകയാണ്. പാലക്കാട് ഡിസ്ട്രിക്ട് ആന്‍ഡ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കനകരാജിന് വധശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും അതിനാലാണ് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ചതെന്നും ജഡ്ജി പികെ ഹനീഫ വിധി പ്രസ്താവനയില്‍ നിരീക്ഷിക്കുന്നുണ്ട്. കേസിലെ മൂന്നാംപ്രതി മണികണ്ഠനെ കോടതി വെറുതെ വിടുകയാണ് ഉണ്ടായത്.

സമ്പത്തിനെ പൊലീസ് ചിത്രവധം ചെയ്ത് കൊന്ന സംഭവം കോളിളക്കമായതോടെ, ഹൈക്കോടതി കേസന്വേഷണം സിബിഐക്ക് വിടാന്‍ വിധിച്ചു. കേസ് മുമ്പ് അന്വേഷിച്ച ക്രൈംബ്രാഞ്ച് കുറ്റാരോപിതരാക്കിയ 14 പോലീസുകാരില്‍ നാലുപേരെ സിബിഐ ആദ്യം അറസ്റ്റ്‌ചെയ്തു. കസ്റ്റഡിമരണം നടക്കുന്ന സമയത്ത് പാലക്കാട് ഡിവൈഎസ്പി ആയിരുന്ന സികെ രാമചന്ദ്രന്‍, ടൗണ്‍ സൗത്ത് സ്‌റ്റേഷനിലെ എസ്ഐടിഎന്‍ ഉണ്ണിക്കൃഷ്ണന്‍, നോര്‍ത്ത് എസ്ഐ പിവി.രമേശ്, ട്രാഫിക് കോണ്‍സ്റ്റബിള്‍ ശ്യാംപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്.

അന്നത്തെ പാലക്കാട് എസ് പി വിജയ് സാഖറെ, തൃശ്ശൂര്‍ റേഞ്ച് ഐ ജി മുഹമ്മദ് യാസിന്‍ എന്നീ ഐപിഎസ്സുകാരെയും സമ്പത്ത് കസ്റ്റഡി മരണക്കേസില്‍ ഹരിദത്ത് ഉള്‍‌പ്പെടുത്തിയിരുന്നു. സമ്പത്തിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷണത്തിന് വിട്ട നടപടി ചോദ്യം ചെയ്ത് കേസിലെ പ്രതിയായ പാലക്കാട് മുന്‍ എസ്പി വിജയ് സാഖറെ ല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്.