ഉത്തര്‍പ്രദേശിലെ ബുന്ധേല്‍ഖണ്ഡ് ഗ്രാമത്തില്‍ പട്ടിണി മാറ്റാന്‍ പുരുഷന്‍മാര്‍ ഭാര്യമാരെയും പെണ്‍മക്കളെയും വില്‍ക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ദളിതും വനിതയുമായ ഒരു മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്ത് തന്നെ ഇത്തരം സംഭവം അരങ്ങേറിയത് ഒരു വിരോധാഭാസമായി തോന്നാം.
ആയിരം കോടി രൂപയുടെ പ്രതിമാനിര്‍മ്മാണവുമായി മുന്നോട്ടുപോകുന്ന മുഖ്യമന്ത്രി മായാവതിക്ക് കര്‍ഷകരുടെ പട്ടിണിയെക്കുറിച്ചറിയാന്‍ നേരം എവിടെ? അതിലും ഉപരിയായി നാം ചിന്തിക്കേണ്ട ഒരു കാര്യം എന്തിനും ഏതിനും, സ്ഥാനത്തും അസ്ഥാനത്തും, പ്രസ്താവനകളായും നേരിട്ടും ‘ശക്ത‘മായി പ്രതികരിക്കുന്ന ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വങ്ങളൊന്നും ഈ വാര്‍ത്തയോട് പതിവു 'ഞെട്ടലോ നടുക്കമോ' ഒന്നും പ്രകടിപ്പിച്ചില്ലെന്നതാണ്.
വാക്കിലും നോക്കിലും പാവപ്പെട്ടവരോടുള്ള സ്നേഹം തേനായും പാലായും ഒഴുക്കുന്ന നേതാക്കള്‍ പോലും ഒന്നും മിണ്ടുന്നില്ല. ഒരു പക്ഷേ സംഭവമറിഞ്ഞ ഞെട്ടലില്‍ നിന്ന് അവര്‍ ഇനിയും മുക്തമായിട്ടില്ലായിരിക്കും. ഏതായാലും ആരൊക്കെ ഒഴിഞ്ഞാലും കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിന് ഒഴിയാനാകില്ലല്ലൊ? അതുകൊണ്ടാവണം ഇങ്ങനെയൊക്കെ നടക്കുന്നുണ്ടോ എന്നന്വേഷിക്കാന്‍ കോണ്‍ഗ്രസ് ഒരു സംഘത്തെ നിയോഗിച്ചിരിക്കുന്നു.
വരും ദിവസങ്ങളില്‍ അന്യപുരുഷന്‍മാര്‍ക്കൊപ്പം കിടക്ക പങ്കിടുന്ന പെണ്‍കുട്ടികളെയും ഭാര്യമാരെയും തപ്പി സംഘം പ്രദേശത്ത് എത്തും. യുപിയിലെ ദളിത് കുടുംബങ്ങളിലെ അവസ്ഥ മനസിലാക്കാന്‍ കോണ്‍ഗ്രസിലെ ഇളം തലമുറക്കാരനായ രാഹുല്‍ ഗാന്ധി ദളിത് വീടുകളില്‍ അതിഥിയായി എത്തിയത് ഓര്‍ക്കുക. ഒരു വിവിഐപിയുടെ ഒറ്റ ദിവസത്തെ സന്ദര്‍ശനത്തിനുമപ്പുറം വര്‍ഷത്തില്‍ 364 ദിവസം ഈ വീടുകളില്‍ അടുപ്പു പുകയുന്നുണ്ടോ എന്ന് ആരും അറിയുന്നില്ലെന്നാണ് സത്യം.
ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന ഈ വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ട് ഇരുപത്തിനാല് മണിക്കൂറിന് ശേഷമാണ് മുഖ്യമന്ത്രി മായാവതി അന്വേഷണത്തിന് ഉത്തരവിട്ടതെന്നും എടുത്തുപറയണം. അതിനിടെ സംഭവം മാധ്യമങ്ങളോട് തുറന്നു പറഞ്ഞ കാളിചരണ്‍ എന്ന കര്‍ഷകനെ അവിടുത്തെ പോലീസ് ഏമാന്‍മാര്‍ വിരട്ടി മിണ്ടാട്ടം മുട്ടിച്ചുകളഞ്ഞു. വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം തന്നെ കാളിചരനും ഭാര്യയും പത്ത് വയസുകാരിയായ മകള്‍ വിനീതയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കപ്പെട്ടു. ആരും തങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നില്ലെന്നും അതുകൊണ്ടാണ് എല്ലാം തുറന്ന് പറഞ്ഞതെന്നും പറഞ്ഞ കാളിചരണിനോട് നീ കള്ളം പറയുകയാണെന്നാണത്രെ പൊലീസുകാര്‍ പറഞ്ഞത്. ഒപ്പം പതിവു പൊലീസ് ഭീഷണി വേറെയും.
അടുത്ത പേജില്‍ വായിക്കുക, “പിടിക്കപ്പെട്ടവരെല്ലാം പഴയ വേശ്യകള്‍”
PRO
PRO
എന്തിലും ഏതിലും വൃത്തികെട്ട രാഷ്ട്രീയം മാത്രം കാണാന്‍ ശീലിച്ച നമ്മുടെ പൊളിറ്റീഷ്യന്‍മാര്‍ ഇവിടെയും പതിവു തെറ്റിക്കുന്നില്ല. തെറ്റ് മുഖ്യമന്ത്രി മായാവതിയുടേതാണെന്ന് ആരോപിച്ച് ഒരു ദിനം മുഴുവന്‍ നീളുന്ന പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് സമാജ്‌വാദി പാര്‍ട്ടി. ഒരു ദിവസം മുഴുവന്‍ നീളുന്ന പ്രക്ഷോഭം പട്ടിണി കിടക്കുന്ന കര്‍ഷകരുടെ വയറ് നിറയ്ക്കുമോ എന്ന് കണ്ടറിയാം. ഉത്തര്‍പ്രദേശിലെ ബിജെപിയാകട്ടെ ഇവിടെയും സമദൂരസിദ്ധാന്തം മുറുകെപിടിച്ചു. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഒരുപോലെ ഈ സ്ഥിതിക്ക് ഉത്തരവാദികളാണെന്നായിരുന്നു ഇവരുടെ പ്രതികരണം.
4,000 രൂപ മുതല്‍ 12,000 രൂപയ്ക്ക് വരെയാണ് ഭാര്യമാരെയും പെണ്‍മക്കളെയും പട്ടിണി മാറ്റാന്‍ കര്‍ഷര്‍ വില്‍ക്കുന്നത്. പെണ്ണിനെ വാങ്ങുന്ന ആള്‍ക്ക് മടുത്താല്‍ വീണ്ടും അടുത്ത ആളിന് വില്‍ക്കും. ബന്ധേല്‍ഖണ്ഡിലെ ഝാന്‍സി ജില്ലയില്‍ നിന്നാണ് സംഭവം മാധ്യമപ്രവര്‍ത്തകര്‍ പുറത്തുകൊണ്ടുവന്നത്. ഇടനിലക്കാര്‍ വഴിയാണ് കച്ചവടം തകൃതിയായി നടക്കുന്നത്. 10 രൂപയുടെ സമ്മതപത്രത്തില്‍ ഇടനിലക്കാര്‍ ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും കൈയൊപ്പ് വാങ്ങും. പിന്നീട് നിയമ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഈ മുന്‍കരുതല്‍. ‘വിവാഹാനുബന്ധ്‘ (വിവാഹകരാര്‍) എന്ന തലക്കെട്ടോടു കൂടിയ മുദ്രപത്രത്തിലാണ് ഒപ്പിട്ടുവാങ്ങുന്നത്. പുനര്‍ വിവാഹമെന്ന രീതിയില്‍ നിയമ പിന്‍ബലം തേടാനാണ് ഈ നീക്കം. ഭാര്യ മരിച്ചതിനാല്‍ ഇവരെ ദത്തെടുക്കുന്നു എന്നും ചില കരാറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഭര്‍ത്താവ് 8000 രൂപയ്ക്ക് കച്ചവടം ചെയ്ത സവിത രണ്ടാം ഭര്‍ത്താവ് വിവാഹം നിയമവിധേയമാക്കാന്‍ ലളിത്പൂര്‍ കോടതിയിലെത്തിച്ചപ്പോള്‍ കണ്ണുവെട്ടിച്ച് രക്ഷപെടുകയായിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും ഇങ്ങനെ രക്ഷപെടാന്‍ അവസരം കിട്ടില്ല. ഇത്തരത്തില്‍ കച്ചവടം ചെയ്യപ്പെടുന്ന സ്ത്രീകള്‍ പിന്നീട് സ്ഥിരമായി വേശ്യാവൃത്തിയിലേക്ക് തിരിയുകയാണെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു കാര്യം അടിവരയിട്ടുപറയേണ്ടത് ഈ കച്ചവടം ഇപ്പോള്‍ തുടങ്ങിയതല്ലെന്നതാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ട സ്ത്രീകളില്‍ അധികവും ഇത്തരത്തില്‍ ഒരിക്കല്‍ കച്ചവടം ചെയ്യപ്പെട്ടവരാണെന്ന് ഈ മേഖലയിലെ പൊലീസും വ്യക്തമാക്കുന്നു. വരള്‍ച്ച മൂലം ദാരിദ്ര്യം വിട്ടൊഴിയാതായപ്പോള്‍ കച്ചവടം വ്യാപകമാകുകയും പുറംലോകം സംഭവം അറിയുകയും ചെയ്തു എന്നതാണ് സത്യം.
വിശക്കുന്ന വയറിലെ തീ ശമിപ്പിക്കാന്‍ ഒരു ദിനം മുഴുവന്‍ നീളുന്ന പ്രതിഷേധത്തിനോ സമദൂര സിദ്ധാന്തത്തിനോ അന്വേഷണകമ്മറ്റികള്‍ക്കോ കഴിയില്ലെന്ന് നമ്മുടെ രാഷ്ട്രീയക്കാര്‍ ഇനിയെങ്കിലും തിരിച്ചറിഞ്ഞെങ്കില്‍. ‘ഭാരത സ്ത്രീകള്‍തന്‍ ഭാവശുദ്ധി‘ എന്ന് പാടിയ നാട്ടില്‍ തന്നെ ഭാരത സ്ത്രീകള്‍ തന്‍ ‘പൂര്‍വ്വശുദ്ധി‘ എന്ന് തിരുത്തിപ്പാടേണ്ടിവരുന്ന കാലം അകലെയല്ലാതായിരിക്കുന്നു എന്നാണോ ഈ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്.