അണ്ണാ ഹസാരെ എന്ന ഗാന്ധിയന്‍ നടത്തിയ സമരം അരാഷ്ട്രീയമായിരുന്നോ? അതില്‍ വിജയം വരിക്കാന്‍ ഹസാരെയ്ക്കും കൂട്ടര്‍ക്കും കഴിഞ്ഞോ? ഈ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നത് ഇക്കഴിഞ്ഞ പ്രതിഷേധത്തെ മാത്രമല്ല ഇനിയും നടക്കാനിരിക്കുന്ന ഹസാരെയുടെ സമരങ്ങളെ കൂടി വിലയിരുത്തുന്നതിന് സഹായകമാവും.
ജനലോക്പാല്‍ ബില്ലിന് വേണ്ടി നടത്തിയ പന്ത്രണ്ട് ദിവസത്തെ നിരാഹാര സമരം ഭാഗിക വിജയമായിരുന്നു എന്നാണ് അണ്ണാ നടത്തിയ പ്രസ്താവന. ഇന്ത്യന്‍ പാര്‍ലമെന്റ് ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അദ്ദേഹം ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക് വേണ്ടി നടത്തിയ സമരത്തില്‍ നിന്ന് പിന്‍മാറിയിരുന്നില്ല. എന്നാല്‍, താന്‍ മുന്നോട്ട് വച്ച മൂന്ന് ആവശ്യങ്ങള്‍ പാര്‍ലമെന്റ് ചര്‍ച്ചയ്ക്ക് എടുക്കുകയും അത് അംഗീകരിക്കാമെന്ന ഉറപ്പ് നല്‍കുകയും ചെയ്തപ്പോഴാണ് അദ്ദേഹം നിരാഹാരം അവസാനിപ്പിക്കാന്‍ സന്നദ്ധനായത്.
രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം അണ്ണാ ഹസാരെ എന്ന എഴുപത്തിനാലുകാരന്‍ നടത്തിയ സമരം അരാഷ്ട്രീയമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ അല്ല സമരം നയിക്കുന്നത് എന്ന കാരണം മാത്രമാണ് ഇതിനു പിന്നില്‍. രാഷ്ട്രത്തെ സംബന്ധിക്കുന്ന കാര്യത്തിന് ജനപിന്തുണയോടെ നടത്തിയ സമരം അരാഷ്ട്രീയമാവുന്നത് എങ്ങനെയെന്ന ചോദ്യത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്.
കോണ്‍ഗ്രസിന്റെ ഒരു പ്രമുഖ നേതാവ് ഒരു ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ വാദം തികച്ചും പരിഹാസ്യമായി മാത്രമേ കാണാന്‍ സാധിക്കൂ. അണ്ണാ ഹസാരെയുടെ സമരത്തിന് കോണ്‍ഗ്രസ് എതിരല്ല എന്നും അണ്ണാ ത്രിവര്‍ണ പതാകയും ഗാന്ധിത്തൊപ്പിയുമാണ് ധരിച്ചതെന്നും പറഞ്ഞ ഇദ്ദേഹം ഇതെല്ലാം കോണ്‍ഗ്രസ് പാരമ്പര്യമാണെന്നും അതിനാല്‍ തങ്ങള്‍ക്ക് എതിര്‍ക്കേണ്ട കാര്യമില്ല എന്നുമായിരുന്നു വാദം. ചിഹ്നങ്ങളെ കൂട്ടുപിടിച്ച് രാഷ്ട്രപിതാവിനെ ലേബലാക്കുന്ന പ്രസ്താവനയാണ് ഇതെന്ന് മാത്രമേ കരുതാന്‍ കഴിയൂ. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം കോണ്‍ഗ്രസ് പിരിച്ചു വിടണം എന്ന് ആരാണ് ആവശ്യപ്പെട്ടതെന്നും ഇവിടെ ചിന്തിക്കേണ്ടിയിരിക്കുന്നു.
ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തില്‍ ഇടതു പാര്‍ട്ടികളും ബിജെപിയും ഒന്നും ചെയ്തില്ല. നിലപാടുകള്‍ സ്വീകരിക്കാന്‍ മടിച്ചു നിന്ന ബിജെപി അവസാന നിമിഷം എന്തൊക്കെയോ കാട്ടിക്കൂട്ടി എന്ന ആശ്വാസത്തിലാണ്. ഈ പാര്‍ട്ടികള്‍ ഒരു കാര്യം ആലോചിക്കണം. പ്രതിപക്ഷം അവശേഷിപ്പിച്ച ശൂന്യതയാണ് ഹസാരെയ്ക്കും ജനമുന്നേറ്റത്തിനും ഇടം നല്‍കിയത്. അതായത്, സ്വന്തം ജോലി നിര്‍വഹിക്കാതിരുന്നതിന്റെ ഫലം!
PTI
അണ്ണാ ഹസാരെയുടെ ലക്‍ഷ്യത്തെ പലതവണ പ്രശംസിച്ച പ്രധാനമന്ത്രി തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍, പാര്‍ലമെന്ററി ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന രീതിയാണ് ഹസാരെയുടേത് എന്ന് എല്ലാ കോണുകളില്‍ നിന്നും കുറ്റപ്പെടുത്തലുകള്‍ ഉയരുന്നുമുണ്ട്. ഇത് സത്യമായിരിക്കാം. പക്ഷേ ഭരണത്തിനും തിരുത്തലിനും ജനവിധി തേടിയവര്‍ കോര്‍പ്പറേറ്റുകളുടെയും മറ്റ് കുത്തകകളുടെയും ചട്ടുകമായി മാറുന്ന അവസ്ഥയില്‍ പൊതുജനം എന്തു ചെയ്യണം എന്നതിനുകൂടി മറുപടി പറയാനുള്ള ബാധ്യത ഇവര്‍ക്കുണ്ട്.
ഇത്രയധികം ജനങ്ങളെ കൂട്ടാന്‍ ഏത് രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കഴിയും എന്നൊരു അവകാശവാദവും ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍, ഇത്രയും ദിവസം ഇത്രയും പേരെ ‘ഒന്നും മുടക്കാതെ’ ആര്‍ക്കെങ്കിലും ഒന്നിച്ചു കൂട്ടാന്‍ സാധിക്കുമോ എന്നൊരു ചോദ്യം ഇവര്‍ക്ക് വെല്ലുവിളിയാവും.
എല്ലാ പ്രസ്ഥാനങ്ങളെയും പോലെ അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള മുന്നേറ്റത്തിനും പൂര്‍ണതയുണ്ടാവില്ല. മാധ്യമത്തിളക്കവും കൌതുകവും തേടിയിറങ്ങിയവരും സമരസ്ഥലത്ത് എത്തിയിരിക്കാം. ‘അണ്ണാ ബ്രാന്‍ഡ്’ മുതലെടുക്കാന്‍ വ്യാപാരികളും മാധ്യമങ്ങളും ശ്രമിച്ചിരിക്കാം. ഒരു മുന്നേറ്റത്തില്‍ പല തരക്കാര്‍ വന്നുചേരാം. എന്നാല്‍, അത് നേതൃസ്ഥാനത്തുള്ള ആളിന്റെ കുറ്റമായി കാണാന്‍ കഴിയില്ല.
തിരുത്തല്‍ ശക്തികളെ അവഗണിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സാധിക്കില്ല. ലോകമെമ്പാടും ജനമുന്നേറ്റം നടക്കുന്ന അവസരത്തില്‍ ഇന്ത്യയില്‍ നടന്നത് നമ്മുടെ മഹത്തായ പാരമ്പര്യം കാത്തുകൊണ്ടുള്ള ഒരു സമര പ്രക്രിയയാണെന്ന് നമുക്ക് കാണാന്‍ സാധിക്കും. അക്രമരഹിതമായ ഒരു ഉത്തമ സത്യാഗ്രഹം! നിയമങ്ങള്‍ എല്ലാവര്‍ക്കും സമാധാനപരമായ ജീവിതം നയിക്കുവാന്‍ വേണ്ടിയുള്ളതാണ്. ആ അര്‍ത്ഥത്തില്‍ അണ്ണാ ഹസാരെ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാനും നിയമം ആക്കുവാനും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ കടമ്പകള്‍ കടക്കാന്‍ തീര്‍ച്ചയായും സാധിക്കും.
സംഭവങ്ങള്‍ കൃത്യമായി വിലയിരുത്തിയാല്‍ സമൂഹത്തിനു വേണ്ട കാര്യങ്ങള്‍ ശക്തമായി ഉന്നയിക്കുന്നതില്‍ അണ്ണാ ഹസാരെ വിജയിച്ചു എന്ന് വേണം പറയാന്‍. അടുത്തതായി തെരഞ്ഞെടുപ്പ് പരിഷ്കാരം എന്ന ആവശ്യവുമായി അണ്ണാ ഹസാരെ എന്ന ഗാന്ധിയന്‍ തെരുവില്‍ ഇറങ്ങാനിരിക്കുകയാണ്. ഇതെക്കുറിച്ചെങ്കിലും സര്‍ക്കാരും പ്രതിപക്ഷവും മുന്‍കൂട്ടി ഒരു നിലപാട് സ്വീകരിക്കുമെന്ന് കരുതാം - സ്വന്തം കടമ മറ്റുള്ളവര്‍ നിര്‍ബന്ധിക്കാതെ ചെയ്യുമെന്നും.