'എന്റെ പപ്പയും ചേട്ടനും കാരണം മകനെ നഷ്ടപ്പെട്ട ഒരു അച്ഛനും അമ്മയുമുണ്ട്, അവരെ നോക്കാൻ എനിക്ക് ഉത്തരവാദിത്വമുണ്ട്’ - കെവിന്റെ ഓർമയിൽ കോടതിയിൽ പൊട്ടിക്കരഞ്ഞ് നീനു

Webdunia
വെള്ളി, 3 മെയ് 2019 (12:11 IST)
'എന്റെ പപ്പയും ചേട്ടനും കാരണം മകനെ നഷ്ടപ്പെട്ട അച്ഛനെയും അമ്മയെയും നോക്കാന്‍ എനിക്ക് ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടാണ് ഞാനിവിടെ നില്‍ക്കുന്നത്. അവരെ ഞാൻ സംരക്ഷിക്കും’ - കോടതിയിൽ നീനു ഇതുപറഞ്ഞപ്പോൾ അതുവരെ പിടിച്ച് വെച്ച കണ്ണുനീർ ധാരയായി ഒഴുകുകയായിരുന്നു. 
 
കെവിൻ കൊലക്കേസിൽ വിസ്താരത്തിനിടെയാണ് ഭാര്യ നീനു കോടതിയില്‍ പൊട്ടിക്കരഞ്ഞത്. കെവിനെ തന്റെ അച്ഛനും സഹോദരനും അടക്കമുള്ളവർ ദുരഭിമാനം മൂലം കൊലപ്പെടുത്തുകയായിരുന്നുവെന്ന മൊഴിയാണ് നീനു കോടതിയിൽ ആവർത്തിച്ചത്.  
 
കെവിന്റെ മാതാപിതാക്കൾക്കൊപ്പമാണ് നീനു ഇപ്പോഴും. കെവിന്റെ പിതാവ് ജോശഫിനൊപ്പമാണ് നീനു കോടതിയിലേക്കെത്തിയത്. മകനെ നഷ്ടപ്പെട്ട വേദനയിലും നീനുവിനെ ആർക്കും വിട്ടുകൊടുക്കില്ലെന്നും അവളെ തങ്ങൾ സംരക്ഷിക്കുമെന്നും ജോസഫ് തീരുമാനമെടുത്തിരുന്നു.  
 
അച്ഛൻ ചാക്കോ, പ്രതി നിയാസ്, എസ് ഐഎം.എസ്. ഷിബു എന്നിവര്‍ക്കെതിരെയാണ് നീനുവിന്റെ മൊഴി. കെവിൻ താഴ്ന്ന ജാതിക്കാരനാണ് ഒപ്പം ജീവിക്കാൻ സമ്മതിക്കില്ലെന്നും അച്ഛൻ ചാക്കോ പറഞ്ഞതായി നീനു കോടതിയില്‍ മൊഴി നല്‍കി. കെവിൻ താഴ്ന്ന ജാതിയാണെന്ന് അച്ഛൻ പലപ്പോഴും പറഞ്ഞിരുന്നു. കെവിനെ വിവാഹം കഴിച്ചാൽ അത് അഭിമാനത്തിന് കോട്ടം തട്ടും എന്ന് വിചാരിച്ചാണ് തട്ടികൊണ്ട് പോയത്. കെവിൻ മരിക്കാൻ കാരണം എന്റെ അച്ഛനും സഹോദരനുമാണ്. അതിനാൽ കെവിന്റെ അച്ഛനെയും അമ്മയേയും നോക്കാനുള്ള ഉത്തരവാദിത്വം എനിക്ക് ഉണ്ടെന്നും അതിനാലാണ് കെവിന്റെ വീട്ടിൽ നിൽക്കുന്നതെന്നും നീനു കോടതിയില്‍ പറഞ്ഞു.
 
എസ് ഐ എം.എസ്. ഷിബു കെവിന്‍റെ കഴുത്തിൽ പിടിച്ച് തള്ളിയെന്നും. അച്ഛന്‍ ചാക്കോയൊടൊപ്പം പോകാൻ ആവശ്യപ്പെട്ടുവെന്നും നീനു കോടതിയെ അറിയിച്ചു. സമ്മതിക്കാതിരുന്നപ്പോൾ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതാണെന്ന് എഴുതി വാങ്ങിക്കുകയും ചെയ്തു എന്ന് നീനു വ്യക്തമാക്കി. കെവിനൊപ്പം ജീവിക്കാൻ വീട് വിട്ടിറങ്ങിയതാണെന്നും നീനു കോടതിയില്‍ പറഞ്ഞു.
 
രണ്ടാം പ്രതി നിയാസ് ഭീഷണിപ്പെടുത്തിയിരുന്നതായും നീനു കോടതിയിൽ പറഞ്ഞു. ഒന്നിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് നിയാസ് ഫോണിൽ ഭീഷണിപ്പെടുത്തി. അനീഷിന്‍റെ വീട്ടിലെത്തിയപ്പോഴാണ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. തട്ടിക്കൊണ്ടു പോകുന്നതിന് ഒരു മണിക്കൂർ മുൻപ് വരെ കെവിനോട് ഫോണിൽ സംസാരിച്ചിരുന്നുവെന്നും നീനു കോടതിയില്‍ പറഞ്ഞു.
 
കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന പ്രോസിക്യൂഷന്റ വാദം ശരിവയ്ക്കുന്ന മൊഴിയാണ് ബന്ധുക്കളും കോടതിയില്‍ നൽകിയത്. നീനുവിന്റ അച്ഛൻ ചാക്കോയും സഹോദരൻ ഷാനു ചാക്കോയും കെവിനുമായുള്ള വിവാഹത്തെ ശക്തമായി എതിർത്തുവെന്നാണ് ബന്ധു സന്തോഷ് മൊഴി നല്‍കിയത്.
 
താഴ്ന്ന ജാതിയിലായതിനാൽ കെവിനുമായുള്ള വിവാഹം അംഗീകരിക്കില്ലെന്നായിരുന്നു സന്തോഷിന്‍റെ മൊഴി. നീനുവിനെ തിരിച്ച് കിട്ടാൻ വിലപേശാനാണ് കെവിനെയും അനീഷിനേയും തട്ടിക്കൊണ്ട് പോയത്. പ്രതികൾ ആദ്യം താമസിക്കാനെത്തിയ ഹോട്ടലിലെ മാനേജർ മുഖ്യപ്രതി ഷാനുചാക്കോ ഉൾപ്പടെ മൂന്ന് പേരെ തിരിച്ചറിഞ്ഞു.
 
കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയ വിവാഹത്തിന്‍റെ പേരിൽ
ഭാര്യാ സഹോദരന്‍റെ നേതൃത്വത്തിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലക്കുറ്റം ഉൾപ്പെടെ പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article