പുലര്‍ച്ചെ വരെ മര്‍ദ്ദനം; പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
പശുവിനെ മോഷ്‌ടിച്ചെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു. ത്രിപുരയിലെ അഗര്‍ത്തലക്ക് 147 കിലോമീറ്റര്‍ അകലെയുള്ള ധാലെയ് ജില്ലയിലെ റെയ്ഷ്യാബാരിയിലെ നോവാരംപരയിലാണ് സംഭവം.
36കാരനായ ബുധികുമാര്‍ എന്ന യുവാവാണ് ചൊവ്വാഴ്‌ച രാത്രി കൊല്ലപ്പെട്ടത്. സമീപത്തെ വീട്ടില്‍ നിന്നും പശുവിനെ മോഷ്‌ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ജനക്കൂട്ടം ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിനിടെ ആളുകള്‍ ബുധികുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചു.
മരക്കഷണങ്ങള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് യുവാവിനെ ആക്രമിച്ചത്. ബുധനാഴ്‌ച രാവിലെ വരെ മര്‍ദ്ദനം തുടര്‍ന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസാണ് യുവാവിനെ മോചിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിച്ചു.
യുവാവിന്റെ മരണത്തില്‍ റെയ്ഷ്യാബാരി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.