ഹൈദെരാബാദ്: ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഹൈദെരാബാദിന് സമീപത്തുള്ള ചേവല്ലിയിലാണ് ഒരു പാലത്തിനടിയിൽ നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം യുവതിയെ കൊലപ്പെടുത്തിയതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
25 മുതൽ 30 വയസുവരെ പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം തിരിച്ചറിയാൻ പൊലീസിന് സാധിച്ചിട്ടില്ല. കല്ലുകൾ ഉപയോഗിച്ച് മുഖം വികൃതമാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈകൾ ബന്ധിച്ച നിലയിലായിരുന്നു. മറ്റെവിടെയെങ്കിലും വച്ച് കൃത്യം നടത്തിയ ശേഷം പാലത്തിനടിയിൽ മൃതദേഹം ഉപേക്ഷിച്ചതാവാം എന്നാണ് പൊലീസിന്റെ അനുമാനം.
യുവതി ധരിച്ചിരുന്ന സ്വർണാഭാരണങ്ങൾ നഷ്ടപ്പെട്ടിട്ടില്ല എന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.