എട്ടു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍. അറസ്റ്റില്‍. ദീപക് ഖജൂരിയ (28) എന്ന യുവ ഉദ്യോഗസ്ഥനെയാണ് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം ഒരു കൗമാരക്കാരനും പിടിയിലായി.
കഴിഞ്ഞ മാസം പത്തിനാണ് ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ രസാനയിൽനിന്നു പെണ്‍കുട്ടിയെ കാണാതാകുന്നത്. ഒരാഴ്ചയ്ക്കു ശേഷം ക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയില്‍ കുട്ടിയുടെ ശരീരം കണ്ടെത്തുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൗമാരക്കാരന് പിടിയിലായെങ്കിലും യഥാര്‍ഥ പ്രതിയെ രക്ഷപ്പെട്ടുവെന്ന് ആരോപിച്ച് കുട്ടിയുടെ വീട്ടുകാര്‍ നടത്തിയ പ്രതിഷേധം ശക്തമായതോടെ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
ക്രൈം ബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് ഖജൂരിയും കൗമാരക്കാരനും ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് വ്യക്തമായത്. തടവിലാക്കപ്പെട്ട കുട്ടിയെ ദിവസങ്ങളോളം ഇരുവരും ലൈംഗികമായി ഉപയോഗിച്ചുവെന്നും കണ്ടെത്തി.
സംഭവത്തിൽ ഖജൂരിയയുടെ പങ്ക് വെളിപ്പെടുത്തുന്ന തെളിവ് ലഭിച്ചതായും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. അതേസമയം, സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.