മുസ്ലീം പെൺകുട്ടിയെ പ്രണയിച്ച യുവാവിനെ യുവതിയുടെ വീട്ടുകാര്‍ അമ്മയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു
ശനി, 3 ഫെബ്രുവരി 2018 (12:02 IST)
മുസ്ലിം പെൺകുട്ടിയെ പ്രണയിച്ച യുവാവിനെ അമ്മയുടെ മുന്നില്‍ വെച്ച് യുവതിയുടെ വീട്ടുകാര്‍ വെട്ടിക്കൊന്നു. ഫോട്ടാഗ്രാഫറായ അങ്കിത് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും അച്ഛനും അമ്മാവനും അറസ്റ്റിലായി. ഡൽഹിയിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം.
വ്യത്യസ്ഥ സമുദായത്തില്‍ പെട്ട അങ്കിതും ഇരുപതുകാരിയായ പെണ്‍കുട്ടിയും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധം വീട്ടുകാർ അംഗീകരിച്ചിരുന്നില്ല. ഇവര്‍ വിവാഹം കഴിക്കുമെന്ന സൂചന ലഭിച്ചതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അങ്കിതിനെ നടുറോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.
പെൺകുട്ടിയുടെ അച്ഛനും അമ്മയും അമ്മാവനും പ്രായപൂർത്തിയാവാത്ത ഒരു സഹോരനും ചേർന്നാണ് അങ്കിതിനെ ആക്രമിച്ചത്. ബഹളംകേട്ട് വീടിനു പുറത്തേക്കുവന്ന അങ്കിതിന്റെ അമ്മ കമലേഷിന്റെ മുന്നില്‍ വെച്ചായിരുന്നു ആക്രമണം. തടയാന്‍ ശ്രമിച്ച കമലേഷിനെ പെണ്‍കുട്ടിയുടെ അമ്മ തടഞ്ഞു വെച്ച് മര്‍ദ്ദിച്ചു. അമ്മയെ മര്‍ദ്ദിക്കുന്നത് തടയാന്‍ അങ്കിത് ശ്രമിക്കുന്നതിനിടെ അങ്കിതിന്റെ കഴുത്തിന് വെട്ടുകയായിരുന്നു.
രക്തം വാര്‍ന്ന് റോഡില്‍ കിടന്ന മകനെ ആശുപത്രിയിലെത്തിക്കാന്‍ കരഞ്ഞ് പറഞ്ഞിട്ടും ഫോട്ടോ എടുക്കുകയല്ലാതെ ആരും സഹായിച്ചില്ലെന്ന് കമലേഷ് പറഞ്ഞു. അങ്കിതിന്റെ സമീപവാസിയായിരുന്നു കോളോജ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി. ഇരുവരും പ്രണയത്തിലായതോടെ പെൺകുട്ടിയുടെ വീട്ടുകാർ താമസം മാറി പോയിരുന്നുവെങ്കിലും ബന്ധം തുടര്‍ന്നതാണ് വീട്ടുകാരെ പ്രകോപിപ്പിച്ചത്.