ദളിത് യുവാവിനെ പ്രണയിച്ച പെണ്‍കുട്ടിയെ വിഷം കൊടുത്ത കൊന്ന ശേഷം മൃതദേഹം കത്തിച്ചു. യുവതിയുടെ പിതാവും ഇയാളുടെ സഹോദരനും ചേര്‍ന്നാണ് സമൂഹ മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യം ചെയ്‌തത്. സുഷമ എന്ന പെണ്‍കുട്ടിയാണ് കൊല ചെയ്യപ്പെട്ടത്. പിതാവ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മൈസൂര്‍ എച്ഡി കോട്ട താലൂക്കിലെ ഗോള്ളനാഭീടെ എന്ന ഗ്രാമത്തില്‍ കഴിഞ്ഞ മാസം 21നാണ് സംഭവം. മൈസൂരുവിലെ ആലനഹള്ളി ഗ്രാമത്തിലെ യുവാവുമായി സുഷമ ഒരു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. എതിര്‍പ്പുകള്‍ അവഗണിച്ച് ഈ ബന്ധം മുന്നോട്ടു പോയതോടെ സുഷമയെ കൊലപ്പെടുത്താന്‍ പിതാവും ഇയാളുടെ സഹോദരനും തീരുമാനിക്കുകയായിരുന്നു.
പിതാവും സഹോദരനും ചേര്‍ന്ന് ഓറഞ്ച് ജ്യൂസില്‍ വിഷം കലര്‍ത്തി സുഷമയ്‌ക്ക് നല്‍കി. ജ്യൂസ് കുടിച്ചതോടെ യുവതി ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചു. അവശനിലയിലായ പെണ്‍കുട്ടി ഛര്‍ദ്ദിച്ചെങ്കിലും മരണം ഉറപ്പാക്കും വരെ ഇരുവരും കാത്തിരുന്നു.
അവശയായ സുഷമ പുലര്‍ച്ചെ അഞ്ചു മണിയോടെ മരിച്ചു. പകല്‍ സമയം മൃതദേഹം വീട്ടില്‍ സൂക്ഷിച്ചുവച്ച കുമാറും സഹോദരനും രാത്രിയില്‍ മൃതദേഹം സ്വന്തം കൃഷിയിടത്തില്‍ എത്തിച്ചു കത്തിച്ചു.
പെണ്‍കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും കുമാറും സഹോദരനും പരസ്‌പര വിര്‍ദ്ധമായ വിശദീകരണം നല്‍കി. ഇരുവരുടെയും പെരുമാറ്റത്തിലും സംസാരത്തിലും സംശയം തോന്നിയ സമീപവാസികള്‍ വിവരം പൊലീസി അറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു.