യുഎസിലെ ടെക്‌സാസില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിന്‍ മാത്യുവിന്റെ വളര്‍ത്തമ്മയും വെസ്ലി മാത്യൂസിന്റെ ഭാര്യയുമായ സിനി മാത്യൂസ് അറസ്റ്റില്‍. കുട്ടിയെ അപായപ്പെടുത്തി എന്ന കുറ്റത്തിനാണ് പൊലീസ് സിനിയെ അറസ്റ്റ് ചെയ്തത്.
നിർബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോഴാണു ഷെറിൻ മരിച്ചതെന്ന് വെസ്‌ലി മൊഴി നൽകിയിരുന്നു. ശ്വാസംമുട്ടിയാണു കുട്ടി മരിച്ചത്. പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്‌ലി പറഞ്ഞിരുന്നു. സംഭവമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 7 മുതല്‍ പൊലീസ് കസ്റ്റഡിയിലാണ് വെസ്ലി.
അതേസമയം ദമ്പതികളുടെ സ്വന്തം മകളായ നാല് വയസ്സുകാരി അന്ന് മുതല്‍ പൊലീസ് സംരക്ഷണത്തിലാണ്. അവളെ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് സിനി മാത്യൂസ് മൂന്ന് ദിവസം മുമ്പ് കോടതിയെ സമീപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സിനിയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ഷെറിന്‍ മരിക്കുന്നതിന് തലേദിവസം വെസ്ലിയും സിനിയും അവരുടെ സ്വന്തം മകളും ഷെറിനെക്കൂടാതെ പുറത്ത് പോയി ഭക്ഷണം കഴിച്ചെന്നും ഒരാള്‍ക്ക് വേണ്ട ഭക്ഷണം പാഴ്‌സല്‍ വാങ്ങിയെന്നും അറസ്റ്റവാറണ്ടില്‍ പൊലീസ് പറയുന്നു. ഒന്നരമണിക്കൂറോളം നേരം ഷെറിന്‍ വീട്ടില്‍ തനിച്ചായിരുന്നുവെന്നും അതില്‍ വ്യക്തമാക്കുന്നു.