ആലുവയിലെ ആശുപത്രിയില്‍ ലഹരി മാഫിയകള്‍ ഏറ്റുമുട്ടി; യുവാവ് കുത്തേറ്റ് മരിച്ചു - രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്!

Webdunia
ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (15:40 IST)
ആലുവ ജില്ലാ ആശുപത്രിയില്‍ ലഹരി മാഫിയകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുവാവിനെ കുത്തിക്കൊന്നു.
ആലുവ യുസി കോളേജ് വി എച്ച് കോളനി സതീശ് സദനം സുബ്രഹ്മണ്യന്റെ മകന്‍ ചിപ്പി (34) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരുക്കേറ്റു.

ആലുവ ചൂണ്ടി കുറ്റിത്തേക്കാട്ടില്‍ വിശാല്‍ (35), ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ അക്കാട്ട് കൃഷ്ണ പ്രസാദ് (28) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആലുവ ചൂണ്ടി സ്വദേശിയായ മണികണ്ഠനാണ് ആക്രമണം നടത്തിയത്. ഇയാള്‍ ഒളിവിലാണ്.  

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പ്രസവ ചികിത്സയ്‌ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയെ കാണാന്‍ എത്തിയതായിരുന്നു മണികണ്ഠന്‍. ഇവിടെവച്ച് ചിപ്പിയേയും സുഹൃത്തുക്കളെയും കാണുകയും തുടര്‍ന്ന് വാക്കേറ്റം ഉണ്ടാകുകയുമായിരുന്നു.

തര്‍ക്കത്തിനിടെ കൈയില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് മണികണ്ഠന്‍ മൂന്നു പേരെയും കുത്തുകയായിരുന്നു. കളമശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് ചിപ്പി മരിച്ചത്. മറ്റ് രണ്ടു പേരുടെയും നില ഗുരുതരമാണ്. ചിപ്പിയും മണികണ്ഠനും ലഹരി മരുന്ന് കടത്ത് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article