മാണി സി കാപ്പന് ജയസാധ്യതയില്ല, എന്‍‌സിപിയില്‍ കൂട്ടരാജി

തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (20:39 IST)
പാലാ നിയമസഭാ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് ജയസാധ്യതയില്ലെന്നും പാര്‍ട്ടിയില്‍ നടക്കുന്നത് ഏകാധിപത്യമാണെന്നും ചൂണ്ടിക്കാട്ടി എന്‍ സി പിയില്‍ കൂട്ടരാജി. എന്‍ സി പി ദേശീയ സമിതി അംഗം ജേക്കബ് പുതുപ്പള്ളി ഉള്‍പ്പടെ 42 പേരാണ് രാജി നല്‍കിയത്.
 
രാജിക്കത്ത് ഇവര്‍ എന്‍ സി പി സംസ്ഥാന അധ്യക്ഷനായ തോമസ് ചാണ്ടിക്ക് കൈമാറിയിട്ടുണ്ട്. മൂന്നുതവണ മത്സരിച്ച് പരാജയപ്പെട്ട മാണി സി കാപ്പന് പാലാ മണ്ഡലത്തില്‍ ജയസാധ്യതയില്ലെന്നാണ് ജേക്കബ് പുതുപ്പള്ളി ഉള്‍പ്പടെയുള്ളവര്‍ ആരോപിക്കുന്നത്. ഇക്കാര്യം നേതൃത്വത്തെ നേരത്തേ തന്നെ ധരിപ്പിച്ചിരുന്നതാണെങ്കിലും പ്രതികരണം ഉണ്ടായില്ലെന്നും അവര്‍ പറയുന്നു.
 
വരും ദിവസങ്ങളില്‍ കൂടുതല്‍ രാജിയുണ്ടാകുമെന്നും രാജിവച്ചവര്‍ പറയുന്നു. എന്‍ സി പിയിലെ ഉഴവൂര്‍ വിജയന്‍ വിഭാഗക്കാരാണ് രാജിവച്ചത്. എന്നാല്‍ ഏതാനും പേര്‍ എന്‍ സി പി വിട്ടുപോയതുകൊണ്ട് പാലായില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍