ജോസഫ് - ജോസ് കെ മാണി പോര് രൂക്ഷം; നിലപാട് കടുപ്പിച്ച് കെപിസിസി - ‘തെറിക്കൂട്ട’ത്തിനൊപ്പം പ്രചാരണത്തിനില്ലെന്ന് സജി മഞ്ഞക്കടമ്പിൽ

ശനി, 7 സെപ്‌റ്റംബര്‍ 2019 (17:27 IST)
പാലാ ഉപതെരഞ്ഞെടുപ്പിനെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ‘ഏറ്റുമുട്ടല്‍’ രൂക്ഷമായതോടെ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെടുന്നു. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് സമവായനീക്കത്തിന് മുന്‍കൈ എടുത്ത് ചര്‍ച്ച നടത്തി.

ജോസഫുമായും ജോസ് കെ മാണിയുമായും സംസാരിച്ചുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. യു ഡി എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. ജോസഫിന്റെ ഭാഗത്തു നിന്ന് ഇന്നത്തേതു പോലെയുള്ള പ്രസ്താവന ഇനി ഉണ്ടാകില്ല. പ്രതിച്ഛായ ലേഖനത്തിൽ ജോസഫിനെതിരെ വന്ന പരാമർശം ശരിയായില്ലെന്ന് ജോസ്‌ കെ മാണിയെ അറിയിച്ചതായും മുല്ലപ്പള്ളി പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് കൂടുതൽ വിവാദങ്ങളിലേക്ക് കടക്കരുതെന്ന് കെ പി സി സി ഇരുവര്‍ക്കും നിർദ്ദേശം നൽകി. പ്രചാണത്തിനിറങ്ങില്ലെന്ന ജോസഫിന്‍റെ നിലപാടില്‍ മുല്ലപ്പള്ളി പ്രതിഷേധം അറിയിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക യോഗം ചേര്‍ന്നു.

അതേസമയം, യുഡിഎഫിനൊപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് കൺവെൻഷനിൽ ജോസഫിനെ ജോസ് കെ മാണി പക്ഷം അപമാനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്നും ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അറിയിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിലും പരാതി നൽകിയിട്ടുണ്ട്. യുഡിഎഫ് ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍