തെരഞ്ഞെടുപ്പ് ഫലമറിയാന്‍ ഒത്തുകൂടി, മദ്യപിച്ചു; തര്‍ക്കത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു!

Webdunia
വെള്ളി, 24 മെയ് 2019 (14:00 IST)
തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. വടക്കേക്കാട് കപ്ലിയങ്ങാട് സ്വദേശി തണ്ടേങ്ങാട്ടിൽ രഞ്ജിത്ത്(31) ആണ് മരിച്ചത്. സംഭവത്തിൽ രഞ്ജിത്തിന്റെ സുഹൃത്ത് ഷിജു ഉൾപ്പെടെ മൂന്നു പേരെ വടക്കേക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം ഷിജുവിന്റെ പരൂരിലെ ക്വാർട്ടേഴ്സിൽ തിരഞ്ഞെടുപ്പ് ഫലമറിയാനായി ഒത്തുകൂടിയവർ തമ്മിലുണ്ടായ തർക്കത്തിനിടയിലാണ് രഞ്ജിത്ത് കുത്തേറ്റ് മരിച്ചത്. ഷിജുവിന്റെ ഭാര്യ മക്കളെയും കൂട്ടി ജോലിക്ക് പോയിരുന്നു.

ഫലമറിയാന്‍ രാവിലെ തന്നെ ഷിജുവിന്റെ വീട്ടില്‍ അഞ്ചോളം സുഹൃത്തുക്കള്‍ എത്തിയിരുന്നു. ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തര്‍ക്കമുണ്ടാകുകയും രഞ്ജിത്തിന് കുത്തേല്‍ക്കുകയുമായിരുന്നു.

രഞ്ജിത്തിനെ സുഹൃത്തുക്കൾ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. നെഞ്ചിലേറ്റ ആഴമേറിയ മുറിവാണ് മരണകാരണം. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article