സ്ത്രീധനത്തിന്റെ പേരിൽ തർക്കം, 25കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു, ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

ബുധന്‍, 29 ജൂലൈ 2020 (12:01 IST)
ലക്നൗ: സ്ത്രീധനത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ ഇരുപത്തിയഞ്ചുകാരിയായ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസം സഹിബബാദ് മേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അലിഗഡ് സ്വദേശി ബാരിഷ (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവിനെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയതു. പ്രദേശവാസികൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് ആണ് സ്യൂട്ട് കേസിൽ ആക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. 
 
മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തിയ ശേഷം സഹിബബാദ് മേഖലയില്‍ മൃതദേഹം ഉപേക്ഷിച്ചതാവാം എന്ന് പ്രാഥമിക നിഗമനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ഉൾപ്പടെ പരിശോധിച്ചെങ്കിലും സംഭവത്തിൽ കാര്യമായ വിവരങ്ങൾ ലഭിച്ചില്ല. യുവതിയെ തിരിച്ചറിയാനുമായില്ല. തുടര്‍ന്ന് യുവതിയുടെ ചിത്രം വാട്സ്‌ആപ്പില്‍ പ്രചരിപ്പിയ്ക്കുകയായിരുന്നു. ഇതാണ് കേസില്‍ വഴിത്തിരിവായതെന്നാണ് പൊലീസ് പറയുന്നത്. 1500ഓളം ഗ്രൂപ്പുകളില്‍ ചിത്രം പ്രചരിച്ചു. ഇതില്‍ നിന്നും യുവതിയെ തിരിച്ചറിഞ്ഞ ഡല്‍ഹിയിലുള്ള ബന്ധു കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു. 
 
പിന്നിട് കുടുംബാംഗങ്ങള്‍ എത്തി യുവതിയെ തിരിച്ചറിഞ്ഞു. അടുത്തിടെയാണ് ബുലന്ദ്ഷഹറിലെ യുവാവുമായി ബാരിഷയുടെ വിവാഹം നടന്നത്. ജൂലൈ 25ന് ബാരിഷയുടെ മാതാപിതാക്കള്‍ സ്ത്രീധന പീഡനം ആരോപിച്ച്‌ മകളുടെ ഭര്‍ത്താവിന്‍റെ കുടുംബത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ യുവതിയെ കാണാതാവുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് സ്യൂട്ട് കേസില്‍ അടച്ച നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. അധിക സത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള പീഡനത്തിനിടെയാണ് യുവതി കൊല്ലപ്പെട്ടത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍