ജാതിയല്ല പ്രശ്നം, അവന്റെ പ്രായവും സാമ്പത്തികവുമാണ്: മകളും മരുമകനും വീട്ടിലേക്ക് വരണമെന്നാണ് ആഗ്രഹമെന്ന് ബിജെപി എംഎല്‍എ

Webdunia
വ്യാഴം, 11 ജൂലൈ 2019 (16:04 IST)
ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ഭീഷണിപ്പെടുത്തിയെന്ന മകളുടെ പരാതിയില്‍ മറുപടിയുമായി ബിജെപി എംഎല്‍എ രാജേഷ് മിശ്ര. വരന്റെ ജാതിയയല്ല പ്രശ്നമെന്നും പ്രായവും വരുമാനവുമാണ് തനിക്ക് പ്രശ്‌നമായത്. അത് ഒരു പിതാവെന്ന നിലയില്‍ ആശങ്കയുണ്ടാക്കുന്നതാണന്നും രാജേഷ് മിശ്ര പറഞ്ഞു.
 
വിവാഹം കഴിച്ച യുവാവിന് മകളേക്കാള്‍ ഒമ്പതു വയസ് കൂടുതലാണെന്നതാണ് എന്റെ ആശങ്ക. വരുമാനം തീരെ കുറവാണ്.  അവര്‍ വീട്ടിലേക്ക് വരണമെന്നാണ് ആഗ്രഹം. മകളെ ദ്രോഹിക്കുന്ന കാര്യം ചിന്തിച്ചിട്ടു പോലുമില്ല. - എം എൽ എ പറഞ്ഞു.
 
രാജേഷിന്റെ മകൾ സാക്ഷി മിശ്രയാണ് പിതാവിനും സഹോദരനുമെതിരെ പരാതിയുമായി രംഗത്ത് വന്നത്. സോഷ്യൽ മീഡിയകളിൽ പുറത്തുവിട്ട വീഡിയോയിലൂടെയായിരുന്നു ആരോപണം. സംഭവം വൈറലായതോടെയാണ് രാജേഷ് മറുപടിയുമായി രംഗത്തെത്തിയത്. 
 
ദളിത് വിഭാഗത്തില്‍പ്പെട്ട അജിതേഷ് കുമാറിനെ കഴിഞ്ഞ വ്യാഴാഴ്‌ച സാക്ഷി വിവാഹം ചെയ്‌തു. ഇതിനു പിന്നാലെയാണ് ബറേലിയിലെ എംഎൽഎ കൂടിയായ രാജേഷ് മിശ്ര ഇവരെ അപായപ്പെടുത്താന്‍ ശ്രമം ആരംഭിച്ചത്. തനിക്കും ഭര്‍ത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ പിതാവും സഹോദരനുമായിരിക്കും ഉത്തരവാദികളെന്നും സാക്ഷി വീഡിയോയിലൂടെ വ്യക്തമാക്കി.
 
വിഡിയോയിൽ പിതാവിനെ പാപ്പുവെന്നും സഹോദരനെ വിക്കിയെന്നുമാണ് സാക്ഷി വിശേഷിപ്പിക്കുന്നത്. തങ്ങളെ അപകടപ്പെടുത്താന്‍ രാജീവ് റാണ എന്ന ഗുണ്ടയെ ആണ് പിതാവ് നിയോഗിച്ചിരിക്കുന്നത്. സുരക്ഷിതയും സന്തോഷവതിയും ആയിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒളിച്ചിരുന്നത് ഞാനും ഭർത്താവ് അജിതേഷ് കുമാറും മടുത്തു. അവനെയും ബന്ധുക്കളെയും ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും വീഡിയോയിലൂടെ സാക്ഷി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article